മുജീബുര്‍റഹ്മാന്‍ കരിയാടന്‍
സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ജീവിതങ്ങള്‍ തുടങ്ങിയവ പ്രമേയമായി അടുത്ത കാലത്ത് നിരവധി മലയാള സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സിനിമകളുടെ കാര്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വേഗത വര്‍ധിച്ചു എന്നുവേണമെങ്കിലും പറയാം.
ഫുട്ബാള്‍, ക്രിക്കറ്റ്, ഖൊഖൊ, വടംവലി, ഗുസ്തി, ബോക്‌സിംഗ്, റസ്ലിംഗ്, കബഡി, വോളിബാള്‍ തുടങ്ങി ഫുട്ബാള്‍ കമന്ററി പോലും പ്രമേയമായി സിനിമ വന്നിട്ടുണ്ട്. സെവന്‍സ്, 1983, കരിങ്കുന്നം സിക്‌സസ്, ഗോധ, ക്യാപ്റ്റന്‍, ഖൊ ഖൊ, ആഹ, സുഡാനി ഫ്രം നൈജീരിയ, കെ എല്‍ പത്ത് 10, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ശേഷം മൈക്കില്‍ ഫാത്തിമ, കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ, ദാവീദ്, ആലപ്പുഴ ജിംഖാന, ബാള്‍ട്ടി, ചത്താ പച്ച ദി റിംഗ് ഓഫ് റൗഡീസ് തുടങ്ങിയവ ഈ പട്ടികയില്‍ പെടുന്നതാണ്. ഇതോടൊപ്പം ചേര്‍ക്കാവുന്ന പേരാണ് നവാഗതനായ ജുനൈസ് കാപ്പ് രചനയും സംവിധാനവും നിര്‍വഹിച്ച ബോളാഗോളം.
പന്താണ് ലോകമെന്നോ ലോകം പന്തുപോലെയാണെന്നോ ഒക്കെ മനസ്സിലാക്കാവുന്ന തരത്തിലാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ സെവന്‍സ് ഫുട്ബാളും ഫുട്ബാളിനെ സ്‌നേഹിച്ചൊരു ഗ്രാമവും ഗ്രാമവാസികളുമെല്ലാം ചേര്‍ന്നൊരു സിനിമയാണിത്.
മലയാളത്തിലെ സ്‌പോര്‍ട്‌സുമായി ബന്ധമുള്ള സിനിമകളുടെ കാര്യമെടുത്താല്‍ കൗതുകകരമായത് ഫുട്ബാളിനെ കുറിച്ചു പറഞ്ഞവയില്‍ ക്യാപ്റ്റനൊഴികെ ബാക്കിയെല്ലാം സെവന്‍സ് ഫുട്ബാളാണ് കേന്ദ്രമായിരിക്കുന്നതെന്നതാണ്. ഗ്രാമീണ മേഖലയില്‍ സൗകര്യത്തോടെ കളിക്കാനും ഹരം കൊള്ളിക്കാനും കഴിയുന്ന ഗെയിം എന്ന നിലയിലായിരിക്കണം സെവന്‍സിന്റെ കഥ പറയുന്നത്.
യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് തുടക്കത്തിലേ പ്രേക്ഷകരെ ധരിപ്പിക്കുന്നുണ്ട്. അതോടൊപ്പം മയക്കുമരുന്നിനെ അതിജീവിച്ച ഐസ്‌ലാന്റിലെ ഒരു സമൂഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും ഈ സിനിമയുടെ പ്രചോദനമാണ്.
കളിക്കളങ്ങള്‍ നഷ്ടപ്പെട്ട ഒരു ഗ്രാമത്തിലെ യുവതയിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നിടത്താണ് സിനിമ തുടങ്ങുന്നത്. തങ്ങളുടെ മണ്ണില്‍ വീണ ഇലയും പൊടിയും എങ്ങനെ തൂത്തുകളയുമെന്ന ഗ്രാമത്തിലെ ഏതാനും യുവാക്കളുടെ ചിന്തകളിലൂടെയാണ് ഫുട്ബാള്‍ ഗ്രൗണ്ട് ഉണ്ടായാല്‍ ജീവിതം മാറുമെന്ന കാഴ്ചപ്പാട് സൃഷ്ടിക്കപ്പെടുന്നത്.
ഗ്രാമമൊന്നിച്ച് കളിക്കളത്തിനായി ഒരുങ്ങിയിറങ്ങുന്നതോടെ അവര്‍ തങ്ങളുടെ സ്വപ്‌നങ്ങളും ജീവിതവും സ്വന്തമാക്കുന്നുണ്ട്. രാവിലേയും വൈകിട്ടും ഫുട്ബാള്‍ പരിശീലിക്കുന്ന കുട്ടികള്‍, രാവിലെ നടക്കാനും വ്യായാമത്തിനും ഗ്രൗണ്ടിലെത്തി മരുന്നും ഗുളികയും അകറ്റിയ മുതിര്‍ന്നവര്‍, അടുക്കളയുടെ നാലു ചുവരുകള്‍ക്കകത്തു നിന്നും പ്രഭാത നടത്തവും അതുവഴി സന്തോഷവും സമാധാനവും നേടിയ വീട്ടമ്മമാര്‍, ജീവിതത്തിലെ ആഹ്ലാദങ്ങളിലൂടെ പുതിയ ജോലിയും നേട്ടവും സ്വന്തമാക്കിയ വനിതകള്‍ തുടങ്ങി ഒരു ഗ്രാമം ഒറ്റക്കളിക്കളത്തിലൂടെ നേടിയെടുത്തത് വലിയ കാര്യങ്ങളായിരുന്നു.
ലോകത്തെല്ലായിടത്തുമെന്ന പോലെ ലഹരിയുടേത് ഈ ഗ്രാമത്തിലും 'മാഫിയ' തന്നെയായിരുന്നു. അവരുണ്ടാക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ഗ്രാമം നടത്തുന്ന ശ്രമങ്ങളും സിനിമയുടെ ഭാഗമാണ്.
ഫുട്ബാളാണ് ബോളാഗോളത്തിന്റെ ഒന്നാം പകുതിയെങ്കില്‍ ജീവിതമാണ് രണ്ടാം പകുതി. ചില അവസരങ്ങളിലെങ്കിലും നന്നായി കളിച്ച ടീം വിജയിക്കണമെന്നില്ല. ജീവിതത്തിലും അങ്ങനെ തന്നെയാണ്, എത്ര നന്മകള്‍ ചെയ്താലും അയാള്‍ ജയിച്ചവനായിക്കൊള്ളണമെന്നില്ല. അഖില്‍ പ്രഭാകറിന്റെ മുത്തുവെന്ന ആശാന്റേയും കാശിനാഥിന്റെ തൊത്തുവെന്ന ശിഷ്യന്റേയും കഥ കൂടിയാണിത്. ഇവരോടൊപ്പം ബാവക്കയായി കൈലാഷും കോയ ഹാജിയായി ഉണ്ണി നായരും ഹസീനയായി ആലിയയും ലാല മലപ്പുറം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ താരങ്ങളും നാട്ടുകാരും വെള്ളിത്തിരയിലെത്തുന്നു.
ബലാബലത്തിലുള്ള കളിയില്‍ ഗോള്‍ പിറന്നില്ലെങ്കില്‍ ഇഞ്ചുറി ടൈമും എക്‌സ്ട്രാ ടൈമും പെനാല്‍ട്ടി ഷൂട്ടൗട്ടുമൊക്കെ കിട്ടിയേക്കും. ജീവിതത്തില്‍ ഇതിനൊന്നും ഇടമുണ്ടാകില്ല. എക്‌സ്ട്രാ ടൈം എന്നൊരു നിയമം തന്നെ ജീവിതത്തിനില്ല.
സാങ്കേതികമായി പരിശോധിച്ചാല്‍ പൂര്‍ണമായൊരു പ്രൊഫഷണല്‍ സിനിമയുടെ നിലവാരത്തില്‍ എത്താന്‍ ബോളാഗോളത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ സാമൂഹ്യ പ്രതിബദ്ധതയും നിലവിലുള്ള സാഹചര്യത്തിന് അനുയോജ്യമായ മികച്ച സന്ദേശവും നല്‍കുന്നു എന്നതിനാല്‍ ഈ ചിത്രം സാങ്കേതികത്വത്തിന്റെ പേരില്‍ മാത്രം മാറ്റി നിര്‍ത്തപ്പെടേണ്ടതുമല്ല.
കുറിക്കു കൊള്ളുന്ന ചില സംഭാഷണ ശകലങ്ങള്‍ സിനിമയുടെ പ്രത്യേകതയാണെങ്കിലും തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ പലയിടത്തും അനുഭവപ്പെടുന്നുണ്ട്. അതേ പ്രശ്‌നം എഡിറ്റിംഗിനേയും ബാധിച്ചിട്ടുണ്ട്. ഫുട്ബാള്‍ ഹരമായി കൊണ്ടുനടക്കുന്നവരെ മാത്രമല്ല സിനിമ ഹരമായവരേയും ആകര്‍ഷിക്കാന്‍ തക്ക രീതിയില്‍ ഒരുക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ ശ്രദ്ധേയമാകുമായിരുന്നു.
![]()
ചലച്ചിത്രം എന്ന രീതിയില്‍ എല്ലാ രീതികളിലേക്കും ഈ സിനിമ വളര്‍ന്നു നില്‍ക്കുന്ന ഭാഗമുണ്ടെന്നും പറയാതെ വയ്യ. ക്ലൈമാക്‌സ് രംഗത്താണ് അതേറ്റവും ശക്തമായി നില്‍ക്കുന്നത്. എങ്ങനെ സിനിമ അവസാനിക്കുമെന്ന പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് അതിമനോഹരമായൊരു ദൃശ്യത്തിലാണ് സംവിധായകന്‍ ബോളാഗോളത്തെ കൊണ്ടു നിര്‍ത്തുന്നത്.
ഫുട്ബാളിന്റേയും നൃത്തത്തിന്റേയും ചലനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനരംഗവും സംഘട്ടനത്തിലേയും കളിക്കളത്തിലേയും ചടുല നീക്കങ്ങളും ഒന്നിച്ചനുഭവിപ്പിക്കുന്നതും എടുത്തു പറയേണ്ട ദൃശ്യങ്ങളാണ്.
ബോളാഗോളത്തില്‍ ഏറ്റവും ശ്രദ്ധേയമായി നില്‍ക്കുന്നത് അതിലെ ഗാനങ്ങളും സംഗീതവുമാണ്. ഗോപിസുന്ദറിന്റെ പശ്ചാതല സംഗീതം സിനിമയിലെ വേറിട്ട അനുഭവമാകുന്നുണ്ട്. പിരിശമേ എന്നു തുടങ്ങുന്ന സംവിധായകന്‍ ജുനൈസ് കാപ്പിന്റെ വരികളുള്ള ഗാനം ഈ ചിത്രത്തിലെ മികച്ച രചനയാണ്. സാദിഖ് പന്തല്ലൂരാണ് ഈ ഗാനത്തിന് മനോഹരമായി സംഗീതം നല്‍കിയിരിക്കുന്നത്. മുഹമ്മദ് മഖ്ബൂല്‍ മന്‍സൂറും ആയിഷ നിഹ്മയും ആലപിച്ച ഗാനത്തിലേത് വെറും വരികളും സംഗീതവുമല്ല, വികാരമാണെന്ന് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. ഈ പാട്ടിലും ദൃശ്യങ്ങളിലും സിനിയുടെ വൈകാരികത ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. അഭിനേതാക്കള്‍ മാത്രമല്ല, ഗായകരും പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചവരില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളാണെന്ന കൗതുകവും ബോളാഗോളത്തിനുണ്ട്.
തൊത്തുവെന്ന കഥാപാത്രമായി രംഗത്തെത്തിയ കാശിനാഥിന്റെ പ്രകടനം എടുത്തുപറയേണ്ടതുണ്ട്. യഥാര്‍ഥ ഫുട്ബാളറാണെന്ന് തോന്നിക്കുന്ന മെയ്‌വഴക്കമാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫുട്ബാള്‍ മുന്‍ താരം അനസ് എടത്തൊടിക സിനിമയില്‍ അതിഥിയായി സ്വന്തം പേരില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒടുക്കം വരെ കളിയുടേയും കളിയുടെ ലോകത്ത് ജീവിക്കുന്ന മനുഷ്യരുടേയും കഥ പറഞ്ഞു വരുമ്പോഴും ഉള്ളിലൊരു നോവിന്റെ തിരി കൂടി സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിവെച്ചിട്ടുണ്ട്. കണ്ണ് നിറയാതെ ആ രംഗങ്ങള്‍ കാണാനാവില്ല.
ഷമീര്‍ ജിബ്രാനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിഷേക് അയ്യനേത്ത് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. ആന്റലോട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ സലീം പി ടിയാണ് ബോളാഗോളം നിര്‍മിച്ചിരിക്കുന്നത്.
മയക്കുമരുന്നായാലും മൊബൈലായാലും ജാതി- മത വര്‍ഗ്ഗീയതയായാലും എല്ലാം ജീവിതത്തെ നശിപ്പിക്കുന്ന ലഹരിയാണെന്ന തിരിച്ചറിവാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് വെക്കുന്നത്. പൊതുഇടം നഷ്ടപ്പെടുന്നിടത്താണ് വിഷപ്പാമ്പുകള്‍ ഇഴഞ്ഞെത്തുന്നതെന്ന് സിനിമ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചു ലഭിക്കുന്ന തുക കളിക്കളം നിര്‍മാണത്തിനാണ് ഉപയോഗിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അവസാന ഭാഗത്ത് എഴുതിച്ചേര്‍ത്തിരിക്കുന്നത്.




English (US) ·