
അനുരാഗ് കശ്യപ് | ഫോട്ടോ: AFP
മുംബൈ വിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ അനുരാഗ് കശ്യപ്. ബോളിവുഡ് തന്നെ വളരെക്കാലമായി അവഗണിക്കുകയാണെന്നും ദക്ഷിണേന്ത്യൻ സിനിമയിലേക്ക് മാറിയതിന് ശേഷം മദ്യപാനം ഉപേക്ഷിക്കാനും വിഷാദരോഗം മാറ്റാനും തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കശ്യപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
താൻ വിഷാദത്തിലായിരുന്നെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. എന്നാലിപ്പോൾ അതിൽനിന്ന് പുറത്തുവന്നു. ഇപ്പോൾ ജീവിതം ആസ്വദിക്കുകയാണ്. താൻ ചെയ്ത ഒരു കാര്യം ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി എന്നതാണ്. അതിനുപകരം നവാഗത സംവിധായകരുടെ ഒരുപാട് സിനിമകൾ കാണാൻ തുടങ്ങി. ഒരുപാട് മലയാളം സിനിമകൾ കാണാൻ തുടങ്ങിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
"ഹിന്ദി സിനിമാക്കാർ എന്നെ ഒഴിവാക്കുകയാണ്. എനിക്ക് ഫിൽട്ടറില്ലാതെ സംസാരിക്കുന്ന സ്വഭാവമാണെന്നും അവർ കരുതുന്നു. എന്നോടൊപ്പം ചേർന്നാൽ ചിലപ്പോൾ ഏതെങ്കിലും സ്റ്റുഡിയോയുമായി പ്രവർത്തിക്കാൻ അവസരം ലഭിക്കില്ലെന്നോ മറ്റാരെങ്കിലും അസ്വസ്ഥരാകുമെന്നോ അവർ ചിന്തിക്കുന്നു. എന്നാൽ ഞാനിപ്പോൾ എനിക്ക് പ്രചോദനം നൽകുന്ന, എന്നെ ഒരുപാട് സ്നേഹിക്കുന്ന ആളുകളുള്ള ഒരിടത്താണ് എത്തിയിരിക്കുന്നത്." അനുരാഗ് കശ്യപിന്റെ വാക്കുകൾ.
"ആളുകൾ നിങ്ങളുടെ മദ്യപാനത്തെക്കുറിച്ച് സംസാരിക്കുന്നു, വിഷാദത്തെക്കുറിച്ച് സംസാരിക്കുന്നു, നിങ്ങൾക്ക് വഴിതെറ്റുന്നു എന്ന് പറയുന്നു. അങ്ങനെയുള്ള ഒരിടത്ത് ഞാനെന്തിനാണ്? എന്നെ എന്നിൽ നിന്ന് തന്നെ രക്ഷിക്കാൻ ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് അവർ എന്റെ രക്ഷകരാകാൻ ശ്രമിക്കുന്നു. ഇപ്പോൾ എനിക്ക് ആളുകളുമായി ഇടപെടേണ്ടി വരുന്നില്ല. സ്വാഭാവികമായി, ഞാൻ വ്യായാമം ചെയ്യാൻ തുടങ്ങി. എഴുതാനും തുടങ്ങി," അദ്ദേഹം കൂട്ടിച്ചേർത്തു.
അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം 'ദൊബാര' (2022) ആയിരുന്നു. കശ്യപ് സംവിധാനം ചെയ്ത് അടുത്തതായി റിലീസ് ചെയ്യുന്നത് 'നിഷാഞ്ചി' ആണ്. ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഐശ്വരി താക്കറെയുടെ അരങ്ങേറ്റ ചിത്രമാണിത്. വേദിക പിന്റോ, മോണിക്ക പൻവാർ, മുഹമ്മദ് സീഷാൻ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'നിഷാഞ്ചി' 2025 സെപ്റ്റംബർ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
അടുത്തിടെ റൈഫിൾ ക്ലബ് എന്ന മലയാള സിനിമയിലും മഹാരാജ എന്ന തമിഴ്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 8 എന്ന കന്നഡ ചിത്രമാണ് അദ്ദേഹം അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ആദിവി ശേഷ് നായകനാവുന്ന തെലുങ്ക് ചിത്രം ഡക്കോയിറ്റിലും ശ്രദ്ധേയമായ വേഷത്തിൽ അനുരാഗ് കശ്യപ് എത്തുന്നുണ്ട്.
Content Highlights: Anurag Kashyap opens up astir battling depression, quitting alcohol, and uncovering renewed inspiration
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·