ബോളർമാരുടെ ‘ഓവർ കോൺഫിഡൻസ്’: തല്ലുവാങ്ങിക്കൂട്ടി അർഷ്ദീപും ബുമ്രയും; തിരിച്ചുകൊടുക്കാനാകാതെ ബാറ്റർമാരും

1 month ago 2

മനോരമ ലേഖകൻ

Published: December 12, 2025 07:20 AM IST Updated: December 12, 2025 09:20 AM IST

1 minute Read

  • ക്വിന്റൻ ഡികോക്ക് (‍46 പന്തിൽ 90) പ്ലെയർ ഓഫ് ദ് മാച്ച്

രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കിന്റെ ബാറ്റിങ്.
രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കിന്റെ ബാറ്റിങ്.

മുല്ലൻപുർ ∙ ക്രിസ്മസിനായി കരുതിവച്ച പടക്കങ്ങളെല്ലാം ഒന്നിച്ചുപൊട്ടിയ മുല്ലൻപുർ സ്റ്റേഡിയം! 15 സിക്സുകളും 10 ഫോറുകളുമായി ദക്ഷിണാഫ്രിക്ക ആകാശ വിസ്മയത്തിന് തിരികൊളുത്തിയപ്പോൾ ലോകോത്തര ബോളർമാർ നിറഞ്ഞ ഇന്ത്യൻ ടീം തല്ലുവാങ്ങി തരിച്ചുനിന്നു. ബാറ്റർമാർ വെടിക്കെട്ട് സൃഷ്ടിച്ച രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് 51 റൺസിന്റെ ഉജ്വല വിജയം.

ആദ്യം ബാറ്റു ചെയ്ത് 213 റൺസ് നേടിയ സന്ദർശകർ മറുപടി ബാറ്റിങ്ങിൽ ഇന്ത്യയെ 162 റൺസിൽ ഓൾഔട്ടാക്കി. 5 മത്സര പരമ്പരയിൽ ഇതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി (1–1). മൂന്നാം ട്വന്റി20 ഞായറാഴ്ച ധരംശാലയിൽ. സ്കോർ: ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 4ന് 213. ഇന്ത്യ– 19.1 ഓവറിൽ 162ന് ഓൾഔട്ട്. 

ഒന്നാം ട്വന്റി20യിൽ 74 റൺസിന് ഓൾഔട്ടായ ദക്ഷിണാഫ്രിക്കയെ വിലകുറച്ചുകണ്ട ഇന്ത്യൻ ബോളർമാരുടെ ആത്മവിശ്വാസത്തിനു കിട്ടിയ തിരിച്ചടിയാണ് ഈ തോൽവി.  46 പന്തിൽ 90 റൺസുമായി ഓപ്പണർ ക്വിന്റൻ ഡികോക്ക് തുടക്കമിട്ട വെടിക്കെട്ട് ‍‍‍‍ഡെത്ത് ഓവറിൽ ഡൊനോവൻ ഫെരേരയും (16 പന്തിൽ 30*) ഡേവിഡ് മില്ലറും (12 പന്തിൽ 20*) ഏറ്റുപിടിച്ചു. ആദ്യ ഓവറിൽ 6 ഓവറിൽ 53 റൺസുമായി തുടങ്ങിയ സന്ദർശകർ അതിനുശേഷമാണ് ആക്രമണം കടുപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ മിന്നൽ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇടിവെട്ടേറ്റതുപോലെയായി ഇന്ത്യൻ ബോളർമാരുടെ മുഖം. അർഷ്ദീപ് സിങ് 4 ഓവറിൽ 54 റൺസും ജസ്പ്രീത് ബുമ്ര 45 റൺസും വഴങ്ങിയപ്പോൾ പ്രതീക്ഷ കാത്തത് 29 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത വരുൺ ചക്രവർത്തി മാത്രം. 

മുല്ലൻപുരിലെ മഞ്ഞുവീഴ്ചയും ബോളിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി. 15 വൈഡുകൾ വഴങ്ങിയ ഇന്ത്യൻ ബോളർമാരുടെ 13 പന്തുകൾ ഫുൾടോസുമായി. 11–ാം ഓവറിൽ 7 വൈഡുകളെറിഞ്ഞ് അർഷ്‌ദീപ് സിങ് നാണക്കേടിന്റെ റെക്കോർഡും കുറിച്ചു. ആദ്യ 10 ഓവറിൽ 90 റൺസ് വഴങ്ങിയ ഇന്ത്യ, അവസാന 10 ഓവറിൽ 123 റൺസാണ്  വിട്ടുനൽകിയത്. 

പതിവുപോലെ ഗിൽ

214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ നിൽക്കുമ്പോഴും അഭിഷേക് ശർമയിൽ വിശ്വാസമർപ്പിച്ച് ആരാധകർ കാത്തിരുന്നു. ഇന്നിങ്സിന്റെ ആദ്യ ഓവറിൽ ലുങ്ഗി എൻഗിഡിയുടെ പന്തിൽ ശുഭ്മൻ ഗിൽ ഗോൾഡൻ ഡക്കായപ്പോഴും അവർ പതറിയില്ല. എന്നാൽ 2 സിക്സുകളുമായി ആക്രമണം തുടങ്ങിയ അഭിഷേകിനെ (8 പന്തിൽ 17) രണ്ടാം ഓവറിൽ മാർക്കോ യാൻസൻ പുറത്താക്കിയതോടെ പ്രതീക്ഷ മങ്ങി.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (5) പരാജയം ആവർത്തിച്ചപ്പോൾ വൻഡൗണായി സ്ഥാനക്കയറ്റം നൽകിയ ആക്ഷർ പട്ടേൽ റൺറേറ്റ് താഴ്ത്തി (21 പന്തിൽ 21) മടങ്ങി. തിലക് വർമയുടെ (34 പന്തിൽ 62) ഒറ്റയാൻ പ്രകടനമാണ് ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു കരകയറ്റിയത്. ഹാർദിക് പാണ്ഡ്യയ്ക്കും (23 പന്തിൽ 20) ജിതേഷ് ശർമയ്ക്കും (17 പന്തിൽ 27) അവസരത്തിനൊത്തുയരാനായില്ല.

ദക്ഷിണാഫ്രിക്കൻ പേസർ ഒട്നൈൽ ബാർട്മാൻ 4 വിക്കറ്റ് വീഴ്ത്തി. ട്വന്റി20യിൽ റൺ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്.

English Summary:

South Africa T20 triumph implicit India successful the 2nd T20 lucifer astatine Mullanpur. South Africa defeated India by 51 runs, leveling the bid 1-1 aft a almighty batting show led by Quinton de Kock. Indian bowlers struggled, and the batting lineup couldn't pursuit the target.

Read Entire Article