Published: April 20 , 2025 10:02 AM IST
1 minute Read
ജയ്പൂർ∙സ്കൂൾ പാഠങ്ങൾ എഴുതിപ്പഠിക്കേണ്ട 14–ാം വയസ്സിൽ, ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിൽ രാജ്യാന്തര ബോളർമാരെ ‘തല്ലിപ്പഠിക്കുന്ന’ തിരക്കിലായിരുന്നു വൈഭവ് സൂര്യവംശി! ഐപിഎലിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന പകിട്ടുമായി ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഓപ്പണറായി എത്തിയ വൈഭവ്, 20 പന്തിൽ 3 സിക്സും 2 ഫോറുമടക്കം അടിച്ചുകൂട്ടിയത് 34 റൺസ്.
നേരിട്ട ആദ്യ പന്തിൽ തന്നെ ലക്നൗ പേസർ ഷാർദൂൽ ഠാക്കൂറിനെ സിക്സിനു പറത്തിയാണ് വൈഭവ് തന്റെ വരവറിയിച്ചത്. തുടക്കത്തിൽ പതുങ്ങിക്കളിച്ച സഹ ഓപ്പണർ യശസ്വി ജയ്സ്വാളിന് ആവേശം നൽകിയത് വൈഭവിന്റെ ഇന്നിങ്സായിരുന്നു. തൊട്ടടുത്ത ഓവറിൽ ആവേശ് ഖാനെയും വൈഭവ് ഗാലറിയിലെത്തിച്ചു. സ്പിന്നർമാർ എത്തിയതോടെ അൽപമൊന്നു ശങ്കിച്ചെങ്കിലും ലക്നൗവിന്റെ മിസ്റ്ററി സ്പിന്നർ ദിഗ്‌വേശ് റാഠിയും വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
9–ാം ഓവറിലെ നാലാം പന്തിൽ വൈഭവ് പുറത്താകുമ്പോൾ 85 റൺസായിരുന്നു രാജസ്ഥാൻ സ്കോർ ബോർഡിൽ. റൺറേറ്റ് 10നു മുകളിൽ. എന്നാൽ വൈഭവ് മടങ്ങിയതോടെ രാജസ്ഥാന്റെ റൺനിരക്ക് കുറഞ്ഞു. പിന്നാലെ മത്സരവും കൈവിട്ടു. എയ്ഡൻ മാർക്രമിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണ് വൈഭവിനെ പുറത്താക്കിയത്. ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ടാണു താരം ഗ്രൗണ്ട് വിട്ടത്.
English Summary:








English (US) ·