ബോളർമാർക്ക് ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്കു മുന്നിൽ പരിഹാസ്യനാക്കി: പന്തിനെതിരെ അശ്വിൻ

7 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 28 , 2025 07:59 PM IST

1 minute Read

ദിഗ്‌വേഷ് രതി ജിദേഷ് ശർമയെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ശ്രമിക്കുന്നു, ദിഗ്‌വേഷ് രതിയുടെ പ്രതികരണം (എക്സിൽ നിന്നുള്ള ദൃശ്യങ്ങൾ)
ദിഗ്‌വേഷ് രതി ജിദേഷ് ശർമയെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ശ്രമിക്കുന്നു, ദിഗ്‌വേഷ് രതിയുടെ പ്രതികരണം (എക്സിൽ നിന്നുള്ള ദൃശ്യങ്ങൾ)

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ അവരുടെ താൽക്കാലിക നായകൻ ജിതേഷ് ശർമയെ മങ്കാദിങ്ങിലൂടെ പുറത്താക്കാനുള്ള ലക്നൗ സൂപ്പർ ജയന്റ്സ് ബോളർ ദിഗ്‌വേഷ് രതിയുടെ നീക്കം തടഞ്ഞ ടീം ക്യാപ്റ്റൻ ഋഷഭ് പന്തിനെ വിമർശിച്ച് ചെന്നൈ സൂപ്പർ കിങ്സ് താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. തേഡ് അംപയർ പരിശോധിച്ച് നോട്ടൗട്ട് എന്നു വിധിച്ച ആ അപ്പീൽ ഒരു കാര്യവുമില്ലാതെ പിൻവലിച്ചതിലൂടെ, ഋഷഭ് പന്ത് സ്വന്തം ടീമംഗമായ ദിഗ്‌വേഷ് രതിയെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപമാനിച്ചതായി അശ്വിൻ ആരോപിച്ചു. ബോളർമാർക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണെന്നും അശ്വിൻ തുറന്നടിച്ചു.

‘‘ക്യാപ്റ്റന്റെ ചുമതല തന്റെ ടീമിലെ താരത്തിന് ഉറച്ച പിന്തുണ നൽകുകയാണ്. അല്ലാതെ ബോളറെ മറ്റുള്ളവർക്കു മുന്നിൽ ചെറുതാക്കി കാണിക്കുകയല്ല. ഔട്ടിനുള്ള അപ്പീൽ പിൻവലിച്ചത് അത്തരത്തിലൊന്നാണ്. അവർ കൂടിയാലോചിച്ചാണോ ഈ തീരുമാനത്തിലെത്തിയത് എന്ന് നമുക്കറിയില്ല. പക്ഷേ ആ ചെറുപ്പക്കാരനെ കോടിക്കണക്കിന് ആരാധകർക്കു മുന്നിൽ ചെറുതാക്കിക്കാണിക്കുന്നത് അവസാനിപ്പിച്ചേ തീരൂ. മറ്റുള്ള ആർക്കെങ്കിലും എതിരെ നാം ഇപ്രകാരം ചെയ്യുമോ? എന്തുകൊണ്ടാണ് ബോളർമാർ മാത്രം ഇത്തരത്തിൽ െചറുതാക്കപ്പെടുന്നത്? ഇത് എല്ലാ അർഥത്തിലും അപമാനിക്കലാണ്’ – അശ്വിൻ പറഞ്ഞു.

‘‘ഒരു ബോളർ ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുക? അദ്ദേഹം അത്തരമൊരു പ്രവർത്തി പിന്നീടൊരിക്കലും ചെയ്യാൻ ധൈര്യപ്പെടില്ല. ഇത്തരത്തിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുള്ള ബാറ്ററെ അയാൾ പുറത്താക്കാൻ പാടില്ലായിരുന്നുവെന്ന് ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ ബോളർ അങ്ങനെന ചെയ്യുന്നതിൽ എന്താണ് തെറ്റ്? ഇത് നിയമത്തിന്റെ കാര്യം മാത്രമല്ല. ഒരു ബാറ്റർ ഇത്തരത്തിൽ മുന്നോട്ടു കയറി നിൽക്കുമ്പോൾ, കൂടുതൽ റൺസ് ഓടിയെടുക്കാൻ അവസരം ലഭിക്കുകയാണ്’ – അശ്വിൻ വിശദീകരിച്ചു.

‘‘ദിഗ്‌വേഷ് രതി എന്റെ ബന്ധുവൊന്നുമല്ല. സുഹൃത്തുമല്ല. അയാൾ ആരാണെന്നും എനിക്ക് അറിയില്ല. പക്ഷേ ഇത്തരത്തിൽ ഒരു ബോളറെ പൊതുജനമധ്യത്തിൽ അപാനിച്ച് ഉണങ്ങാത്ത മുറിവുണ്ടാക്കുന്നത് അയാളെ ബാധിക്കും എന്നാണ് ഞാൻ പറയുന്നത്. അല്ലെങ്കിലും ആരാണ് ബോളർമാരുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് സധൈര്യം അപ്പീൽ പിൻവലിച്ച് കോടിക്കണക്കിന് ആളുകൾക്കു മുന്നിൽ ഒരു ബോളറെ അപമാനിക്കാം’ – അശ്വിൻ ‍പറഞ്ഞു.

‘‘ഇനി നമുക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒരുനിമിഷം സംസാരിക്കാം. കളിനിയമം അനുസരിച്ച്, ബോളറുടെ ആ അപ്പീൽ തേഡ് അംപയറിന്റെ പരിഗണനയ്ക്ക് വിട്ടു. അദ്ദേഹം അത് നോട്ടൗട്ട് ആണെന്നു വിധിച്ചു. അപ്പോൾപ്പിന്നെ അത് നോട്ടൗട്ട് തന്നെ. അവിടെ ബോളറുടെ അപ്പീൽ പിൻവലിക്കേണ്ട എന്ത് ആവശ്യമാണ് ഉണ്ടായിരുന്നത്’ – അശ്വിൻ ചോദിച്ചു.

English Summary:

'Nobody cares for a bowler' - Ravi Ashwin lambasts Pant for 'insulting' Digvesh Rathi's 'mankad' appeal

Read Entire Article