Published: January 13, 2026 07:34 AM IST Updated: January 13, 2026 09:34 AM IST
1 minute Read
-
ഡബ്ല്യുപിഎലിൽ ബെംഗളൂരുവിന് 9 വിക്കറ്റ് ജയം
നവി മുംബൈ∙ യുപി വോറിയേഴ്സ് 20 ഓവറിൽ വിയർത്തുനേടിയ സ്കോർ മറികടക്കാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 12 ഓവർ തന്നെ ധാരാളം. ഓപ്പണർമാരായ ഗ്രേസ് ഹാരിസും (40 പന്തിൽ 85) സ്മൃതി മന്ഥനയും (32 പന്തിൽ 47) തകർത്തടിച്ച മത്സരത്തിൽ യുപിക്കെതിരെ ബെംഗളൂരുവിന് 9 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി.
ഓൾറൗണ്ടർ ദീപ്തി ശർമ (35 പന്തിൽ 45 നോട്ടൗട്ട്), വിൻഡീസ് താരം ഡിയാൻഡ്ര ഡോട്ടിൻ (37 പന്തിൽ 40 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് യുപിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഒന്നാം വിക്കറ്റിൽ 137 റൺസ് അടിച്ചെടുത്ത ഗ്രേസ്– സ്മൃതി സഖ്യത്തിന്റെ ബലത്തിൽ ബെംഗളൂരു 12.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: യുപി 20 ഓവറിൽ 5ന് 143. ബെംഗളൂരു 12.1 ഓവറിൽ 1ന് 145. തുടർച്ചയായ രണ്ടാം ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതായി.
144 റൺസ് ലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് മിന്നും തുടക്കമാണ് ഗ്രേസും സ്മൃതിയും നൽകിയത്. യുപി ബോളർമാരെ കടന്നാക്രമിച്ച ഗ്രേസ് അനായാസം സ്കോർ ഉയർത്തിയപ്പോൾ ഒരറ്റത്ത് കരുതലോടെ കളിച്ച സ്മൃതി വിക്കറ്റ് സംരക്ഷിക്കുന്നതിൽ ശ്രദ്ധിച്ചു. യുപി താരം ഡിയാൻഡ്ര ഡോട്ടിൻ എറിഞ്ഞ ആറാം ഓവറിൽ 3 വീതം സിക്സും ഫോറുമടക്കം 32 റൺസാണ് ഗ്രേസ് അടിച്ചെടുത്തത്. ഡബ്ല്യുപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവറാണിത്.
ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരം സ്നേഹ് റാണയും ഒരു ഓവറിൽ 32 റൺസ് വഴങ്ങിയിരുന്നു. പവർപ്ലേ അവസാനിച്ചതിനു പിന്നാലെ സ്മൃതിയും ആക്രമണത്തിലേക്കു നീങ്ങിയതോടെ യുപി ബോളർമാർ ചിത്രത്തിലേ ഇല്ലാതായി. 40 പന്തിൽ 5 സിക്സും 10 ഫോറും അടങ്ങുന്നതാണ് ഗ്രേസിന്റെ ഇന്നിങ്സ്. ഗ്രേസ് പുറത്തായെങ്കിലും റിച്ച ഘോഷിനെ (2 പന്തിൽ 4 നോട്ടൗട്ട്) കൂട്ടുപിടിച്ച് മറ്റു പരുക്കുകൾ ഇല്ലാതെ സ്മൃതി ബെംഗളൂരുവിനെ ലക്ഷ്യത്തിൽ എത്തിച്ചു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത യുപിയെ ആറാം വിക്കറ്റിൽ 70 പന്തിൽ 93 റൺസ് കൂട്ടിച്ചേർത്ത ദീപ്തി– ഡോട്ടിൻ സഖ്യമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 35 പന്തിൽ 5 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ദീപ്തിയുടെ ഇന്നിങ്സ്. 3 ഫോറും ഒരു സിക്സും അടക്കമാണ് ഡോട്ടിൻ 40 റൺസ് നേടിയത്. ബെംഗളൂരുവിനായി നഡീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും 2 വിക്കറ്റ് വീതം നേടി.
ഇന്നു നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഏറ്റുമുട്ടും. ഞായറാഴ്ച നടന്ന മത്സരത്തിൽ ഡൽഹിയെ 4 റൺസിന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് എത്തുന്നത്.
English Summary:








English (US) ·