26 March 2025, 07:34 AM IST

അർജന്റീന-ബ്രസീൽ മത്സരത്തിൽനിന്ന് |ഫോട്ടോ:AFP
ബ്യൂണസ് ഐറിസ്: ആരാധകരെ ആവേശത്തിലാക്കി ഫുട്ബോളിലെ ബദ്ധവൈരികളായ അര്‍ജന്റീനയും ബ്രസീലും ഒരിക്കല്‍കൂടി ഏറ്റുമുട്ടിയപ്പോള്‍ മഞ്ഞപ്പടയ്ക്ക് നിരാശ. മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാര്‍ക്ക് മുന്നില്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ന്നടിഞ്ഞു. ബ്രസീലില്‍ നെയ്മറും ഇല്ലായിരുന്നു.
ബ്രസീലിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മത്സരമായിരുന്നു ഇന്നത്തേത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി, അതിനുശേഷം മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ലോകചാമ്പ്യന്മാരിലായിരുന്നു. ഏതാണ്ട് ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് കാണികള്‍ക്ക് അര്‍ജന്റീന സമ്മാനിച്ചത്.
നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വരെസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അടുത്തവെടിപ്പൊട്ടിച്ചു. ഇതിനിടെ 27-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയിലൂടെ ബ്രസീല്‍ ഒരുഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുംമുമ്പായി 37-ാംമിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ജുലിയാനോ സിമിയോനെയാണ് 71-ാം മിനിറ്റില്‍ ഗോള്‍പട്ടിക തികച്ചത്. രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡയ്ക്ക് പകരമായിട്ടാണ് ഗ്യുലിയാനോ സിമിയോനെയെ സ്‌കലോണി കളത്തിലിറക്കിയത്. അര്‍ജന്റീനയ്ക്കായുള്ള താരത്തിന്റെ ആദ്യ ഗോള്‍കൂടിയായിരുന്നു ഇത്.
ലോകകപ്പിന്റെ തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടിലാണ് അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ എത്തിയത്. മത്സരം അവസാനിക്കുംമുമ്പ് തന്നെ അര്‍ജന്റീന 2026-ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറോഗ്വായ്-ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. ബ്രസീലിനെ ഗോള്‍മഴയില്‍ മുക്കുകയും ചെയ്തതോടെ രാജകീയമായി തന്നെ ലോകചാമ്പ്യന്മാര്‍ 2026-ലേക്ക് പ്രവേശനംനേടിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയ്ക്കായി ബ്രസീലിന് ഇനിയും ഒരുപാട് ദൂരംതാണ്ടേണ്ടി വരും
Content Highlights: Argentina vs Brazil-FIFA World Cup qualifiers








English (US) ·