Published: June 19 , 2025 11:18 AM IST Updated: June 19, 2025 02:33 PM IST
1 minute Read
തിരുവനന്തപുരം∙ ബ്രസീലിലെ ബോട്ടഫോഗോ ഫുട്ബോൾ ക്ലബുമായി കൈകോർത്ത് സൂപ്പർ ലീഗ് കേരള ടീം തിരുവനന്തപുരം കൊമ്പൻസ് എഫ്സി. ഈഗിൾ ഫുട്ബോൾ ഗ്രൂപ്പിന്റെ ഭാഗമായ ബോട്ടോഫോഗോ യുഎസിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ മത്സരിക്കുന്നുണ്ട്. ബോട്ടഫോഗോയുടെ പരിശീലന പരിപാടികളിൽ കൊമ്പൻസ് എഫ്‌സിക്ക് പ്രവേശനം ലഭിക്കും. ഈഗിൾ ഗ്രൂപ്പിന്റെ ഭാഗമായ ഒളിംപിക് ലിയോൺ (ഫ്രാൻസ്), ക്രിസ്റ്റൽ പാലസ് (ഇംഗ്ലണ്ട്), മോളൻബീക്ക്(ബൽജിയം) എന്നീ ക്ലബുകളുമായും ഭാവിയിൽ സഹകരണത്തിനു വഴിതുറക്കും.
തിരുവനന്തപുരത്തും കേരളത്തിലുടനീളവും ഫുട്‌ബോൾ വികസനത്തിന് കുതിപ്പേകുന്ന മികച്ച പദ്ധതികളാണ് ഇരു ടീമുകളും സംയുക്തമായി ആസൂത്രണം ചെയ്യുന്നത്. 1995നു ശേഷം 2024ലാണ് ബോട്ടോഫോഗോ ആദ്യമായി ബ്രസീലിയൻ ചാംപ്യൻമാരായത്. തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയും ബോട്ടോഫോഗോയുമായുള്ള സഹകരണം, കൊമ്പൻസിനെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ്.
ഇരു ക്ലബ്ബുകളിലെയും മാനേജ്‌മെന്റുകൾ പങ്കെടുത്ത വിശദമായ ചർച്ചകൾക്കുശേഷം, ഈ ആഴ്ച ആദ്യം നടന്ന ഓൺലൈനിലൂടെയാണ് ഈ പങ്കാളിത്തത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.
‘‘കൊമ്പൻസ് എഫ്‌സിയുമായി ഈ പങ്കാളിത്തം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങളെ സംബന്ധിച്ചിച്ച് ചരിത്ര നിമിഷമാണിത്. ഇത് വെറും ഫുട്‌ബോളിൽ ഒതുങ്ങുന്നില്ല; ഇന്ത്യ പോലുള്ള പുതിയ ദേശങ്ങളിൽ ഫുട്‌ബോൾ വളർത്തുന്നതിനും സാംസ്കാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ശ്രമമാണിത്. കേരളത്തിന് ഒരു യഥാർത്ഥ ഫുട്‌ബോൾ കേന്ദ്രമായി മാറാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’ – ’ ബോട്ടോഫോഗോ സിഇഒ തൈറോ അറൂഡ പറഞ്ഞു.
‘‘ബോട്ടോഫോഗോയുമായുള്ള ഈ പങ്കാളിത്തം, കേരളത്തിലെ യുവതീയുവാക്കൾക്ക് രാജ്യാന്തര ഫുട്‌ബോൾ അനുഭവം പകർന്നുനൽകുന്നതിനുള്ള ഞങ്ങളുടെ ദൗത്യം നിറവേറ്റുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ്’ – കൊമ്പൻസ് എഫ്‌സി മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ പറഞ്ഞു.
English Summary:








English (US) ·