29 March 2025, 07:41 AM IST

ഡോറിവൽ ജൂനിയർ|ഫോട്ടോ:AFP
ബ്രസീലിയ: ബ്രസീലിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയര്‍ പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികളായ അര്‍ജന്റീനയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയോട് 4-1-നായിരുന്നു ബ്രസീല്‍ നാണംകെട്ടത്.
'ബ്രസീലിയന്‍ ദേശീയ ടീമിന്റെ പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ ഇനി ടീമിന്റെ ചുമതലയില്‍ ഉണ്ടാകില്ലെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചു' സിബിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഡാറിവല്‍ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന്റെ തുടര്‍ കരിയറില്‍ വിജയം ആശംസിക്കുകയും ചെയ്തു. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
അര്‍ജന്റീനയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി ഡോറിവല്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മാറിമറിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.
എന്നാല്‍ വെള്ളിയാഴ്ച ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡോറിവല്‍ സ്ഥാനഭ്രഷ്ടനാകുന്നത്.
ഡോറിവല്‍ ചുമതലയേറ്റശേഷം 16 മത്സരങ്ങളാണ് ബ്രസീല്‍ കളിച്ചത്. ഇതില്‍ ഏഴ് വിജയവും ഏഴ് സമനിലകളും നേടി. രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ബ്രസീല്‍ ഇതുവരെ യോഗ്യതനേടിയിട്ടില്ല. പരിക്ക് കാരണം സൂപ്പര്‍ താരം നെയ്മറിന്റെ സേവനം ഡോറിവലിന് ഉപയോഗപ്പെടുത്താനായിരുന്നില്ല. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലും നെയ്മറില്ലായിരുന്നു.
2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റതിനെത്തുടര്‍ന്ന് കോച്ച് ടിറ്റെയെ പുറത്താക്കിയാണ് സാവോപോളോ മുന്‍ മാനേജര്‍ ഡോറിവലിനെ ബ്രസീല്‍ പരിശീലകനായി നിയമിച്ചത്.
Content Highlights: Brazil fires manager Dorival Júnior pursuing nonaccomplishment to Argentina








English (US) ·