ബര്‍മിങ്ങാം: നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 430 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. പരമ്പരയിൽ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ. ഈ ഫോം തുടരുകയാണെങ്കില്‍ റെക്കോഡുകള്‍ പലതും ഇന്ത്യന്‍ നായകന് മുന്നില്‍ വഴിമാറും. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡുകള്‍ തകര്‍ക്കാനും ഗില്ലിന് അവസരവുമുണ്ട്. അത് കൈവരിക്കാനാവുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം തുടരാനായാൽ നായകനായി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഗില്ലിന് സ്വന്തമാക്കാനാകും. ബ്രാഡ്മാന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡുള്ളത്. 1936-37 ആഷസ് പരമ്പരയില്‍ 810 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചെടുത്തത്. ഇത് തകര്‍ക്കാന്‍ ഇനി 225 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് വേണ്ടത്. ആറ് ഇന്നിങ്‌സുകള്‍ ശേഷിക്കുന്നുമുണ്ട്. അതിനാല്‍ ഇത് അനായാസം താരത്തിന് മറികടക്കാം.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഗില്ലിന് മുന്നിലുണ്ട്. 1930- ആഷസ് പരമ്പരയില്‍ 974 റണ്‍സ് അടിച്ചെടുത്ത ബ്രാഡ്മാന്റ് പേരില്‍ തന്നെയാണ് ഈ റെക്കോഡും. ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് 390 റണ്‍സെടുത്താല്‍ മാത്രമേ ഇത് മറികടക്കാനാകൂ. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഒരു താരവും 1000 റണ്‍സ് നേടിയിട്ടില്ല. ബ്രാഡ്മാന് പോലും അത് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ നായകന് ഇതിന് സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
നായകനായി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ചതാണ് ബ്രാഡ്മാന്റെ മറ്റൊരു റെക്കോഡ്. 11 ഇന്നിങ്‌സില്‍ നിന്നാണ് ബ്രാഡ്മാന്റെ നേട്ടം. എന്നാല്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 585 റണ്‍സുള്ള ഗില്ലിന് ഈ റെക്കോഡും തിരുത്തിയെഴുതാനാകും. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും ഇംഗ്ലണ്ടിനെതിരേ ഗില്ലിന് സ്വന്തമാക്കാനാകും. 1955-ല്‍ ഓസീസിനെതിരേ അഞ്ച് സെഞ്ചുറികള്‍ നേടിയ വിന്‍ഡീസ് താരം ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നായകനെന്ന റെക്കോഡ് ബ്രാഡ്മാന്റെ പേരിലാണ്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഗില്ലിന് ഈ റെക്കോഡിനൊപ്പമെത്താം.
എഡ്ജ്ബാസ്റ്റണിൽ രണ്ടാമിന്നിങ്‌സിലും സെഞ്ചുറി നേടിയതോടെ ഒരുപിടി റെക്കോഡുകൾ ഗില്ലിന് സ്വന്തമായിരുന്നു. ക്യാപ്റ്റനായി അരങ്ങേറ്റ പരമ്പരയിൽ കൂടുതൽ റൺസെന്ന റെക്കോഡ് വിരാട് കോലിയിൽനിന്ന് സ്വന്തമാക്കി. കോലി ഓസ്‌ട്രേലിയക്കെതിരേ നേടിയ 449 റൺസിന്റെ റെക്കോഡാണ് മാഞ്ഞുപോയത്. ഗില്ലിന് നാല് ഇന്നിങ്‌സുകളിലായി 585 റൺസാണുള്ളത്. ഒരു ടെസ്റ്റ് മത്സരത്തിൽ മുന്നൂറ് റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവും സ്വന്തമായി. ഒരു ടെസ്റ്റിൽ കൂടുതൽ റൺസെന്ന റെക്കോഡും ഗില്ലിന്റെ പേരിലായി. രണ്ട് ഇന്നിങ്‌സുകളിലായി 430 റൺസാണ് നേടിയത്. സുനിൽ ഗാവസ്കർ 1971-ൽ വിൻഡീസിനെതിരേ നേടിയ 344 റൺസിന്റെ റെക്കോഡാണ് തകർന്നത്.
Content Highlights: Shubman Gill Set To Break Sir Don BradmanS World Records Against England








English (US) ·