ബ്രിസ്ബെയ്‍നിൽ മഴയും ഇടിമിന്നലും, അഞ്ചാം ട്വന്റി20 ഉപേക്ഷിച്ചു; പരമ്പര 2–1ന് ജയിച്ച് ഇന്ത്യ

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: November 08, 2025 02:09 PM IST Updated: November 08, 2025 04:41 PM IST

1 minute Read

india-rain
മഴയെ തുടർന്ന് ബ്രിസ്‍ബെയ്നിലെ പിച്ച് മൂടിയപ്പോൾ. Photo: X@QAIR

ബ്രിസ്ബെയ്ന്‍∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്റി20 മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. നേരത്തേ മോശം കാലാവസ്ഥ കാരണം പരമ്പരയിലെ ആദ്യ മത്സരവും ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനു തോൽവി വഴങ്ങിയ ഇന്ത്യ, ഹൊബാർട്ടിലും കറാറയിലും മികച്ച വിജയങ്ങൾ സ്വന്തമാക്കിയാണ് പരമ്പരയിലേക്കു തിരിച്ചെത്തിയത്. ശനിയാഴ്ച വിജയിച്ചിരുന്നെങ്കിൽ ഓസ്ട്രേലിയയ്ക്ക് പരമ്പര സമനിലയിലെത്തിക്കാമായിരുന്നു. എന്നാല്‍ കനത്ത മഴയും ഇടി മിന്നലും തുടർ‌ന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 

മത്സരത്തിൽ ഇന്ത്യയ്ക്കു മികച്ച തുടക്കം ലഭിച്ചതിനു പിന്നാലെയാണു മഴയെത്തിയത്. 4.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 52 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ഇടി മിന്നലും മഴയും തുടർന്നതോടെ ഗാലറിയിലെ ലോവർ സ്റ്റാൻഡുകളിൽനിന്നുൾപ്പെടെ കാണികളെ നീക്കി.ഓപ്പണർമാരായ അഭിഷേക് ശർമയും (13 പന്തിൽ 23*) ശുഭ്മാൻ ഗില്ലും (16 പന്തിൽ 29*) ഇന്ത്യയ്ക്കായി തിളങ്ങി.

പരമ്പരയിലുടനീളം ഫോം കണ്ടെത്താൻ വിഷമിച്ച ഗിൽ, തുടക്കം മുതൽ ഓസീസ് ബോളർമാരെ പ്രഹരിച്ചു. നേരിട്ട രണ്ടാം പന്തിൽ തന്നെ ഫോറടിച്ച ഗിൽ, മൂന്നാം ഓവറിൽ തുടർച്ചയായി നാലു പന്തുകൾ ബൗണ്ടറി കടത്തി. ഇതുവരെ ആകെ ആറു ഫോറുകളാണ് ഗിൽ അടിച്ചത്. അഭിഷേക് ശർമ ഒരു സിക്സും ഒരു ഫോറുമടിച്ചു. ട്വന്റി20യിൽ 1000 റൺസെന്ന നാഴികക്കലും അഭിഷേക് ശർമ പിന്നിട്ടു. 

ഏറ്റവും കുറഞ്ഞ പന്തിൽ (528) ആയിരം റൺസു പിന്നിടുന്ന താരമെന്ന റെക്കോർഡും അഭിഷേകിന്റെ പേരിലായി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (573) റെക്കോർഡാണ് തകർത്തത്. ഏറ്റവും കുറവ് ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരങ്ങളിൽ വിരാട് കോലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശർമ. വിരാട് കോലി 27 ഇന്നിങ്സുകളിൽനിന്ന് ആയിരം റൺസു തികച്ചപ്പോൾ അഭിഷേക് നേട്ടത്തിലെത്താൻ എടുത്തത് 28 ഇന്നിങ്സുകൾ.

മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഒരു മാറ്റമുണ്ട്. തിലക് വർമയ്ക്കു പകരം റിങ്കു സിങ് ടീമിലെത്തി. ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല.

English Summary:

Australia vs India, 5th T20I- Match Updates

Read Entire Article