
സച്ചിൻ തെണ്ടുൽക്കർ | PTI, ബെൻ സ്റ്റോക്സ് | X.com/@sagarcasm
കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റിൽ നായകൻ ബെൻ സ്റ്റോക്സില്ലാതെയാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. സ്റ്റോക്സിന്റെ അഭാവത്തിൽ കളിച്ച ടീം ആറു റൺസിന് പരാജയപ്പെട്ടു. അതോടെ ഇന്ത്യ പരമ്പര സമനിലയിലുമാക്കി. എന്നാൽ സ്റ്റോക്സുമായി ബന്ധപ്പെട്ട നാലാം ടെസ്റ്റിലെ വിവാദങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. നേരത്തേ കളിനിര്‍ത്താനുള്ള സ്‌റ്റോക്‌സിന്റെ ആവശ്യം ഇന്ത്യ നിരസിച്ചതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം സച്ചിൻ തെണ്ടുൽക്കർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കളി തുടരാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തിനൊപ്പമാണ് താനെന്നും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും പുറത്തായിരുന്നുവെങ്കിൽ നമ്മൾ പരാജയപ്പെടുമായിരുന്നുവെന്നും സച്ചിൻ പറഞ്ഞു.
വാഷിങ്ടൺ നൂറ് റൺസ് നേടി, ജഡേജയും നൂറ് റൺസ് നേടി. അതെങ്ങനെയാണ് ശരിയായ രീതിയിൽ അല്ലാതാവുന്നത്? അവർ സമനിലയ്ക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അതിനുമുൻപ്, ഇംഗ്ലണ്ട് അവരെ ആക്രമിച്ചപ്പോൾ ഇരുവരും പൊരുതിനിന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മികച്ച രീതിയിൽ ബാറ്റ് ചെയ്തു. - റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
പരമ്പര തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ പിന്നെ എന്തിനാണ് അവർ കളി നിർത്തി ഇംഗ്ലണ്ട് ബൗളർമാർക്കും ഫീൽഡർമാർക്കും വിശ്രമം നൽകുന്നത്? ഇംഗ്ലണ്ടിന് ഹാരി ബ്രൂക്കിന് പന്ത് നൽകണമെന്നുണ്ടെങ്കിൽ, അത് ബെൻ സ്റ്റോക്സിന്റെ തീരുമാനമാണ്. അത് ഇന്ത്യയുടെ പ്രശ്നമല്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയായിരുന്നു. അവർ കളിച്ചത് സമനിലയ്ക്ക് വേണ്ടിയായിരുന്നു, അല്ലാതെ അവരുടെ സെഞ്ചുറികൾക്ക് വേണ്ടിയായിരുന്നില്ല. അവർ പുറത്തായിരുന്നുവെങ്കിൽ നമ്മൾ പരാജയപ്പെടുമായിരുന്നു. അവർ ബാറ്റ് ചെയ്യാൻ വന്നപ്പോൾ ഹാരി ബ്രൂക്ക് ആയിരുന്നില്ലല്ലോ പന്തെറിഞ്ഞിരുന്നത്? അപ്പോൾ പിന്നെ, അഞ്ചാം ടെസ്റ്റിനായി ഇംഗ്ലണ്ടിന്റെ ബൗളർമാർ പുതുമയോടെ നൽക്കേണ്ട കാര്യമെന്താണ്? അതിന് നിങ്ങളുടെ പക്കൽ ഉത്തരമുണ്ടോ? ഇല്ല.
ആ തീരുമാനം എടുത്തത് ഗംഭീറോ ശുഭ്മാനോ ജഡേജയോ വാഷിങ്ടണോ ആരായാലും ഞാൻ പൂർണമായും ഇന്ത്യൻ ടീമിനൊപ്പമാണ്. ഞാൻ നൂറു ശതമാനവും അവർക്കൊപ്പമാണ്. അവസാന ടെസ്റ്റ് മത്സരത്തിൽ സ്കോറിങ്ങിന് വേഗത കൂട്ടേണ്ട സമയമായപ്പോൾ സുന്ദർ അത് ഗംഭീരമായി ചെയ്തില്ലേ? ക്രീസിൽ നിലയുറപ്പിക്കേണ്ടിയിരുന്ന നാലാം ടെസ്റ്റിൽ അത് ചെയ്തു. അതുപോലെ അഞ്ചാം ടെസ്റ്റിൽ അതിവേഗം സ്കോർ ചെയ്യേണ്ടി വന്നപ്പോൾ അതും സുന്ദർ ചെയ്തു. - സച്ചിൻ കൂട്ടിച്ചേർത്തു.
ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ഈസമയം വഷിങ്‌ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇംഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്റ്റോക്‌സ് ജഡേജയോട് അല്‍പ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജഡേജയോട് പറഞ്ഞു. ഹാരി ബ്രൂക്കിനും ബെന്‍ ഡക്കറ്റിനുമെതിരേയാണോ നിങ്ങള്‍ക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്‌റ്റോക്‌സ് ജഡേജയോട് ചോദിച്ചു. ഞാന്‍ പോകുകയാണോ നിങ്ങൾക്ക് വേണ്ടതെന്ന് ജഡേജ മറുപടി നല്‍കി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു. പിന്നാലെ കളി തുടരുകയായിരുന്നു. രണ്ടുപേരും സെഞ്ചുറി തികച്ചതിന് ശേഷമാണ് കളി അവസാനിപ്പിച്ചത്.
Content Highlights: sachin tendulkar connected Ben Stokes England handshake contention india








English (US) ·