ബ്രെവിസിന്റെ അടിക്ക് മാക്‌സ്‌വെല്ലിന്റെ തിരിച്ചടി; ഒരു പന്ത് ബാക്കി നില്‍ക്കേ അടിച്ചെടുത്ത് ഓസീസ്

5 months ago 5

ക്വീന്‍സ്ലാന്‍ഡ്: ആവേശപ്പോരാട്ടത്തിനൊടുക്കം ദക്ഷിണാഫ്രിക്കയെ കീഴടക്കി ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ഓസീസ് പരമ്പര നേടിയത് (2-1). ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടീമിന്റെ വിജയശില്‍പ്പി.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മികച്ച തുടക്കമായിരുന്നു. നായകന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും പ്രോട്ടീസ് ബാറ്റര്‍മാരെ അടിച്ചുതകര്‍ത്തു. എട്ടോവറില്‍ 66 റണ്‍സിലെത്തിയ ടീമിന് ഹെഡിന്റെ(19) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയവരെല്ലാം നിരനിരയായി കൂടാരം കയറിയപ്പോള്‍ ഓസ്‌ട്രേലിയ പരുങ്ങലിലായി. ജോഷ് ഇംഗ്ലിസ്(0), കാമറൂണ്‍ ഗ്രീന്‍(9), ടിം ഡേവിഡ്(17), ആരോണ്‍ ഹാര്‍ഡി(1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അടിച്ചുതകര്‍ത്ത മാര്‍ഷ് അര്‍ധസെഞ്ചുറിയോടെ തിളങ്ങി. 54 റണ്‍സെടുത്താണ് താരം പുറത്തായത്.

13.5 ഓവറില്‍ 122-6 എന്ന നിലയിലായിരുന്നു ഓസീസ്. എന്നാല്‍ ഏഴാം വിക്കറ്റില്‍ ബെന്‍ ഡ്വാര്‍ഷുയിസിനെ കൂട്ടുപിടിച്ച് മാക്‌സ്‌വെല്‍ ടീമിനെ കരകയറ്റി. ഡ്വാര്‍ഷുയിസിനെ ഒരു വശത്തുനിര്‍ത്തി പ്രോട്ടീസ് ബൗളര്‍മാരെയെല്ലാം മാക്‌സ്‌വെല്‍ തകര്‍ത്തടിച്ചു. അതോടെ മങ്ങലേറ്റ ഓസീസ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളച്ചു. ഒരു റണ്‍ മാത്രമെടുത്ത് ഡ്വാര്‍ഷുയിസും പിന്നാലെ ഡക്കായി നതാന്‍ എല്ലിസും പുറത്തായപ്പോഴും മാക്‌സ്‌വെല്‍ തളര്‍ന്നില്ല. അര്‍ധസെഞ്ചുറിയോടെ താരം ടീമിനെ വിജയതീരത്തെത്തിച്ചു.

അവസാന ഓവറില്‍ 10 റണ്‍സാണ് ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രണ്ട് റണ്‍സും രണ്ടാം പന്തില്‍ ഫോറുമടിച്ചു. എന്നാല്‍ അടുത്ത രണ്ട് പന്തുകള്‍ റണ്ണൊന്നുമെടുത്തില്ല. സിംഗിളെടുക്കാതെ ക്രിസീല്‍ തുടര്‍ന്ന താരം അഞ്ചാം പന്ത് ഫോറടിച്ച് ജയം സമ്മാനിച്ചു. മാക്‌സ്‌വെല്‍ 36 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പ്രോട്ടീസിനായി കോര്‍ബിന്‍ ബോഷ് മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ ഡെവാള്‍ഡ് ബ്രെവിസിന്റെ അര്‍ധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ 172 റണ്‍സിലെത്തിച്ചത്. ബ്രെവിസ് 26 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു. റിക്കല്‍ട്ടണ്‍(13), പ്രിട്ടോറിയസ്(24), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്(25)എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത വാന്‍ ഡെര്‍ ഡുസ്സനും പ്രോട്ടീസിനായി തിളങ്ങി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ഓസീസിനായി നതാന്‍ എല്ലിസ് മൂന്ന് വിക്കറ്റെടുത്തു.

Content Highlights: Maxwell overshadows Brevis fireworks arsenic Australia clinch bid southbound africa

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article