
സംവൃതാ സുനിൽ | Photo: Instagram/ Samvritha Akhil
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'രസികന്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സംവൃതാ സുനില്‍. ഏതാണ്ട് 50-ഓളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2012-ല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ സംവൃത ഏറെക്കാലം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2019-ല്‍ തിരിച്ചുവന്നെങ്കിലും രണ്ടുസിനിമകളില്‍ മാത്രമായിരുന്നു അവര്‍ അഭിനയിച്ചത്. സിനിമയിലെ തിരക്കേറിയ ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് അതിയായി ആഗ്രഹിച്ച സമയത്തായിരുന്നു തന്റെ കല്യാണമെന്ന് തുറന്നുപറയുകയാണ് ഇപ്പോള്‍ സംവൃത. താന്‍ ഇപ്പോഴും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും താത്പര്യം തോന്നുന്ന സിനിമ വന്നാല്‍ ചെയ്യുമെന്നും അവര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'2012-ല്‍ അയാളും ഞാനും തമ്മില്‍ ആണ് അവസാനംചെയ്തത്. ഒരു ഇടവേളയ്ക്കുവേണ്ടി കൊതിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുനാള് ഫ്രീയായി ഇരിക്കണം. തുടര്‍ച്ചയായി ഷൂട്ടിങ്, ഒരേവര്‍ഷം കുറേ സിനിമകള്‍ ചെയ്തു. ആ തിരക്കുള്ള ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് തോന്നുന്ന സമയത്താണ് കല്യാണം. മനപ്പൂര്‍വ്വമായി എടുത്ത ബ്രേക്ക് ആയിരുന്നു. കല്യാണം കഴിച്ച് പോവുന്നത് യുഎസിലേക്കായിരുന്നതുകാരണം, അവിടെ എന്നെ ആര്‍ക്കും അറിയില്ല. അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടാവാതിരുന്ന സ്വകാര്യജീവിതം എനിക്ക് ആദ്യമായി അനുഭവിക്കാന്‍ കഴിയുന്നത് അവിടെപ്പോയപ്പോഴാണ്', സംവൃത പറഞ്ഞു.
'ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ചുമ്മാ നടക്കുക, ഷോപ്പിങ്ങിന് പോവുക, പലചരക്കുകടയില്‍ പോവുക, പാചകപരീക്ഷണം നടത്തുക, ജീവിതത്തിന്റെ അങ്ങനെയൊരു മോഡിലേക്ക് ഈസിയായി ഞാന്‍ മാറി. ഒട്ടും ബുദ്ധിമുട്ടേറിയത് ആയിരുന്നില്ല അത്. ആദ്യത്തെ കുഞ്ഞുണ്ടായി, കുറേ കഴിഞ്ഞപ്പോഴാണ് തിരിച്ചുവരണം എന്ന് തോന്നിയത്. അപ്പോഴാണ് 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന സിനിമ ചെയ്തത്', സംവൃത ഓര്‍ത്തെടുത്തു.
'ഇപ്പോഴും കഥകള്‍ കേള്‍ക്കുന്നുണ്ട്. ചെയ്യണം എന്ന് താത്പര്യം തോന്നുന്ന പ്രൊജക്ട് വന്നാല്‍ തീര്‍ച്ചയായുംചെയ്യും', എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ തനിക്ക് കിട്ടിയ മികച്ച ഉപദേശത്തെക്കുറിച്ചും സംവൃത തുറന്നുപറഞ്ഞു. മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നുള്ളതുകൂടി സിനിമാമേഖലയില്‍ പരിഗണിക്കപ്പെടുമെന്നായിരുന്നു തനിക്ക് ലഭിച്ച ഉപദേശമെന്നാണ് സംവൃത പറഞ്ഞത്. 'സിനിമയില്‍ ലാലുവേട്ടനാണ് അങ്ങനെ ഉപദേശമൊക്കെ പറഞ്ഞിട്ടുള്ള ഒരാള്‍. എങ്ങനെ പെരുമാറുന്നു എന്നുള്ളത് ആളുകളുടെ മനസില്‍ നില്‍ക്കും. സിനിമ വിട്ടാലും അതില്‍ ഉള്ളപ്പോഴാണെങ്കിലും നമ്മള്‍ എങ്ങനെ ഒരാളോട് പെരുമാറുന്നു എന്നുള്ളത് കാര്യമാകും എന്ന് പറഞ്ഞുതന്നിരുന്നു. അഭിനയം ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീടും അയാളെ അഭിനയിക്കാന്‍ വിളിക്കണമെങ്കില്‍ ആ ആള്‍ എങ്ങനെ ഒരാളോട് പെരുമാറി എന്നത് പരിഗണിക്കപ്പെടും. 'നമ്മള്‍ എങ്ങനെ ചെയ്താലും മറ്റുള്ളവര്‍ക്ക് എന്താ', എന്നുള്ളതല്ല. നമ്മള്‍ എവിടെ പോകുമ്പോഴും മറ്റൊരാളോട് ബഹുമാനത്തോടെ പെരുമാറുക, അവരോട് സംസാരിക്കുന്ന രീതി, തുടങ്ങി എല്ലാം വിലയിരുത്തപ്പെടും. നീയൊരു സെലിബ്രിറ്റിയാവാന്‍ പോവുകയാണ്, അതെല്ലാം പരിഗണിക്കപ്പെടും. കാര്യങ്ങളെ നിസ്സാരമായി കാണരുത് എന്ന് പറഞ്ഞത് ലാലുവേട്ടനാണ്', സംവൃത പറഞ്ഞു.
Content Highlights: Samvrutha Sunil`s Career Break & Comeback
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·