Published: September 03, 2025 05:30 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു വേണ്ടി ബിസിസിഐ സംഘടിപ്പിച്ച ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കാൻ വിരാട് കോലി ഇന്ത്യയിലെത്തിയില്ല. വിരാടിന്റെ അഭ്യർഥന പ്രകാരം ലണ്ടനിൽവച്ചുതന്നെ ‘ബ്രോങ്കോ ടെസ്റ്റ്’ നടത്താൻ ബിസിസിഐ അനുമതി നൽകുകയായിരുന്നു. യുകെയിൽ നടത്തിയ ടെസ്റ്റിൽ വിരാട് കോലി പാസായെന്നാണു പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പര്‍ താരങ്ങളായ സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവർക്കെല്ലാം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽവച്ചാണ് ടെസ്റ്റ് നടത്തിയത്.
എന്നാല്‍ വിരാട് കോലിയുടെ കാര്യത്തില്‍ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇളവ് നൽകുകയായിരുന്നു. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീട വിജയത്തിനു തൊട്ടുപിന്നാലെയാണ് വിരാട് കോലി യുകെയിലേക്കു പോയത്. ബെംഗളൂരുവിലെ ആഘോഷ പരിപാടികൾ നടന്ന ദിവസം രാത്രി തന്നെ കോലി രാജ്യം വിടുകയായിരുന്നു. പിന്നീട് കോലിയും കുടുംബവും ഇന്ത്യയിലേക്കു തിരിച്ചുവന്നിട്ടില്ല.
ട്വന്റി20, ടെസ്റ്റ് ടീമുകളിൽനിന്നു വിരമിച്ച കോലി, ഇന്ത്യയ്ക്കു വേണ്ടി ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇനി കളിക്കുക. ഓസ്ട്രേലിയയ്ക്കെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരയിൽ കോലിയും രോഹിത് ശർമയും കളിക്കാനിറങ്ങുമെന്നാണു കരുതുന്നത്. വിരാട് കോലിക്ക് ലണ്ടനിൽ സ്വന്തമായി വീടുണ്ട്. എന്നാൽ ആരാധകരുടെ ശല്യം ഒഴിവാക്കാൻ വിരാട് കോലിയുടെ ലണ്ടനിലെ വീടിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലണ്ടൻ നഗരത്തിലൂടെ സാധാരണക്കാരെപ്പോലെ നടന്നുനീങ്ങുന്ന കോലിയുടേയും ഭാര്യ അനുഷ്ക ശർമയുടേയും ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. രോഹിത് ശർമയുൾപ്പടെ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ബ്രോങ്കോ ടെസ്റ്റ് പാസായിരുന്നു. താരങ്ങളുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് യോ–യോ ടെസ്റ്റിനു പകരം ബ്രോങ്കോ ടെസ്റ്റ് ബിസിസിഐ കൊണ്ടുവന്നത്. എന്നാൽ വിരാട് കോലിക്ക് മാത്രം വിദേശത്ത് ടെസ്റ്റ് നടത്താൻ അനുമതി നൽകിയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
English Summary:








English (US) ·