Published: September 01, 2025 10:01 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്തുന്നതിനായി കൊണ്ടുവന്ന ‘ബ്രോങ്കോ ടെസ്റ്റ്’ പാസായി ക്യാപ്റ്റൻ രോഹിത് ശർമ. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത്, കഴിഞ്ഞ ദിവസമാണ് ബ്രോങ്കോ ടെസ്റ്റ് പാസായത്. പരീക്ഷയിൽ ഗംഭീര പ്രകടനമാണ് രോഹിത് ശർമ നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം. യോ–യോ ടെസ്റ്റിനു പകരമാണ് താരങ്ങളുടെ ഫിറ്റ്നസ് പരീക്ഷിക്കുന്നതിനായി ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത്.
ഓഗസ്റ്റ് 30, 31 തീയതികളിലായി നടത്തിയ ടെസ്റ്റിൽ എല്ലാ ഇന്ത്യൻ താരങ്ങളും പാസായി. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലായിരുന്നു താരങ്ങൾക്കു വേണ്ടി ബ്രോങ്കോ ടെസ്റ്റ് നടത്തിയത്. യുവപേസർ പ്രസിദ്ധ് കൃഷ്ണയാണ് ടെസ്റ്റിൽ കൂടുതൽ മാർക്കു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ ഒക്ടോബറില്‍ നടക്കേണ്ട ഏകദിന പരമ്പരയിൽ രോഹിത് ശർമ ഇന്ത്യൻ ടീമിലേക്കു തിരികെയെത്തുമെന്നാണു കരുതുന്നത്. അതിനു മുൻപ് ഓസ്ട്രേലിയ എ ടീമിനെതിരെയും രോഹിത് കളിക്കാൻ സാധ്യതയുണ്ട്.
റഗ്ബി പോലുള്ള കൂടുതൽ ശാരീരികക്ഷമത ആവശ്യമുള്ള കായിക ഇനങ്ങളിൽ വർഷങ്ങളായി ബ്രോങ്കോ ടെസ്റ്റ് ഉപയോഗിക്കുന്നുണ്ട്. സ്റ്റാർട്ടിങ് ലൈനിൽനിന്ന് 0,20,40,60 മീറ്ററുകളിൽ മാർക്കുകൾ വച്ച് താരങ്ങൾ ബേസ് ലൈനിൽനിന്ന് (പൂജ്യം) ഓരോ ഘട്ടങ്ങളിലേക്ക് ഓടി തിരികെയെത്തുന്നത് ടെസ്റ്റിന്റെ ഭാഗമാണ്. 60 മീറ്റർ ഘട്ടവും പൂർത്തിയാകുമ്പോൾ ഒരു സെറ്റാകും.
ഇങ്ങനെ അഞ്ച് സെറ്റുകളിലായി 1,200 മീറ്ററാണ് താരങ്ങൾ പിന്നിടേണ്ടത്. അതിനു ശേഷമാണ് ഓരോ താരങ്ങള്‍ക്കും വേണ്ടി വന്ന സമയം പരിശോധിക്കുക. ബാറ്റർമാർ ഡബിൾ ഓടുമ്പോഴും, ബൗണ്ടറികൾ തടയുമ്പോഴുമെല്ലാം മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്താനാണ് പുതിയ ഫിറ്റ്നസ് പരിശീലകനു കീഴിൽ ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചത്. രോഹിത് ശർമയുൾപ്പടെയുള്ള സീനിയര്‍ താരങ്ങൾക്ക് ഇത്തരം ടെസ്റ്റുകൾ ഭീഷണിയാകുമെന്ന് നേരത്തേ വിമർശനമുയർന്നിരുന്നു.
English Summary:
Rohit Sharma Undergoes Bronco Test, This Is The Result








English (US) ·