Published: August 26, 2025 02:54 PM IST Updated: August 26, 2025 03:02 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് അടുത്തിടെയാണ് ബിസിസിഐ ‘ബ്രോങ്കോ ടെസ്റ്റ്’ കൊണ്ടുവന്നത്. ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഫാസ്റ്റ് ബോളർമാർ പരുക്കേറ്റു ബുദ്ധിമുട്ടിയതോടെയാണ് ബിസിസിഐ നിർണായക മാറ്റം നടപ്പാക്കാൻ തീരുമാനിച്ചത്. പുതിയ പരീക്ഷണത്തിലൂടെ താരങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാനാണ് ബിസിസിഐ ശ്രമം. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ടീമിൽനിന്നു പുറത്താക്കുന്നതിനു വേണ്ടിയാണ് ബിസിസിഐ ‘ബ്രോങ്കോ ടെസ്റ്റ്’ നടപ്പാക്കുന്നതെന്നാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരിയുടെ ആരോപണം.
2027ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമയെ കളിപ്പിക്കാതിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ ലക്ഷ്യമെന്നും തിവാരി ആരോപിച്ചു. ‘‘ വിരാട് കോലിയെ 2027 ലോകകപ്പ് ടീമിൽനിന്നു പുറത്താക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ രോഹിത് ശർമയുടെ കാര്യം അങ്ങനെയല്ല. ഇന്ത്യൻ ടീമില്‍ സംഭവിക്കുന്ന കാര്യങ്ങൾ ഞാൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ബ്രോങ്കോ ടെസ്റ്റ് അവർ കൊണ്ടുവന്നു. രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റിനിർത്തുക ലക്ഷ്യമിട്ടാണ് ഇത്.’’– മനോജ് തിവാരി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഇന്ത്യൻ ക്രിക്കറ്റിൽ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഫിറ്റ്നസ് പരീക്ഷയാണിത്. എന്നാൽ എന്തു കൊണ്ടാണ് ഇത് ഇപ്പോള്‍ തന്നെ കൊണ്ടുവന്നത് എന്നാണു ചോദ്യം. പരിശീലകൻ ഗംഭീർ ചുമതലയേറ്റെടുത്തിട്ട് മാസം കുറെയായി. ആരുടെ ആശയമായിരുന്നു ഇത്? അതിന്റെ ഉത്തരം എനിക്കും അറിയില്ല. പക്ഷേ രോഹിത് ശര്‍മ ഫിറ്റ്നസിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഈ പരീക്ഷണം അദ്ദേഹത്തെയായിരിക്കും കൂടുതൽ ബാധിക്കുക. ബ്രോങ്കോ ടെസ്റ്റ് രോഹിതിന് ഒരു തടസ്സമാകുമെന്നാണു ഞാൻ കരുതുന്നത്.’’
‘‘നന്നായി കളിച്ചുകൊണ്ടിരുന്നപ്പോൾ ഗൗതം ഗംഭീർ, വീരേന്ദർ സേവാഗ്, യുവരാജ് സിങ് തുടങ്ങിയ താരങ്ങളെല്ലാം ഇങ്ങനെയാണു പുറത്തായത്. 2011 ൽ നമ്മൾ ചാംപ്യൻമാരായതിനു പിന്നാലെ യോ–യോ ടെസ്റ്റ് കൊണ്ടുവന്നു. തുടർന്നായിരുന്നു ഇതെല്ലാം സംഭവിച്ചത്. എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം.’’– മനോജ് തിവാരി വ്യക്തമാക്കി. അഡ്രിയൻ ലെ റൂക്സ് കഴിഞ്ഞ ജൂണിലാണ് ഇന്ത്യയുടെ ഫിറ്റ്നസ് പരിശീലകനായി നിയമിതനായത്. ചുമതലയേറ്റെടുത്ത ശേഷം ബ്രോങ്കോ ടെസ്റ്റ് നടപ്പാക്കുകയാണ് അഡ്രിയൻ ആദ്യം ചെയ്തത്.
English Summary:








English (US) ·