Published: April 25 , 2025 10:11 AM IST
1 minute Read
കറാച്ചി ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ നയതന്ത്രബന്ധം ഉലഞ്ഞതോടെ, പാക്കിസ്ഥാൻ സൂപ്പർ ലീഗിനും (പിഎസ്എൽ) കനത്ത തിരിച്ചടി. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ബ്രോഡ്കാസ്റ്റ് സംഘത്തിലെ ഇന്ത്യക്കാരെ ഒഴിവാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിർബന്ധിതരായതോടെ, ടൂർണമെന്റിന്റെ സംപ്രേക്ഷണം അവതാളത്തിലായി.
പിസിബിയുടെ ടീമിലെ പ്രൊഡക്‌ഷൻ, ബ്രോഡ്കാസ്റ്റ് ജീവനക്കാരെയാണ് മാറ്റുന്നത്. എൻജിനീയർമാർ, പ്രൊഡക്‌ഷൻ മാനേജർമാർ, ക്യാമറക്കാർ, പ്ലെയർ ട്രാക്കിങ് വിദഗ്ധർ തുടങ്ങിയവരിൽ ഏറെയും ഇന്ത്യക്കാരാണ്. പരിചയസമ്പന്നരായ ഇവർക്കു പകരം ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്.
ഇന്ത്യക്കാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്നു പാക്ക് സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിൽ പിസിബി ടീമിലെ ഇന്ത്യൻ ജീവനക്കാർ പാക്കിസ്ഥാൻ വിടും വരെ അധികം പുറത്തിറങ്ങാതെ നോക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാർക്കു പകരം അനുയോജ്യരായ പകരക്കാരെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കം.
അതിനിടെ, ഇന്ത്യയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്ന കായിക വെബ്സൈറ്റായ ഫാൻകോഡ്, ടൂർണമെന്റുമായി ബന്ധപ്പെട്ട ഭാഗങ്ങൾ സൈറ്റിൽനിന്ന് നീക്കി. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഫാൻകോഡിന്റെ നീക്കം. ഇന്ത്യയിൽ പിഎസ്എൽ മത്സരങ്ങൾ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്ന വെബ്സൈറ്റുകളിൽ ഒന്നാണ് ഫാൻകോഡ്. പിഎസ്എലിലെ ആദ്യ 13 മത്സരങ്ങൾ അവർ സംപ്രേക്ഷണം ചെയ്തിരുന്നു.
English Summary:








English (US) ·