ബൗണ്ടറിയില്ലാതെ 22 പന്തുകൾ, ഏഷ്യാകപ്പിനു മുന്നോടിയായി മധ്യനിരയിലേക്കു മാറിയ പരീക്ഷണം പാളി; ‘ചേട്ടൻ സാംസണും’ നിരാശ– വിഡിയോ

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 23, 2025 08:09 PM IST

1 minute Read

ആലപ്പി റിപ്പിൾസിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ് (കെസിഎ പങ്കുവച്ച ചിത്രം)
ആലപ്പി റിപ്പിൾസിനെതിരെ സഞ്ജു സാംസണിന്റെ ബാറ്റിങ് (കെസിഎ പങ്കുവച്ച ചിത്രം)

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ അർധസെഞ്ചറിയുമായി മിന്നിത്തിളങ്ങിയ സഞ്ജു സാംസണിന്റെ സഹോദരൻ സലി സാംസണിന്, രണ്ടാം മത്സരത്തിൽ തകർപ്പൻ തുടക്കത്തിനു ശേഷം നിരാശപ്പെടുത്തുന്ന മടക്കം. അദാനി ട്രിവാൻഡ്രം റോയൽസിനെതിരായ ആദ്യ മത്സരത്തിൽ അർധസെഞ്ചറി ഉൾപ്പെടെ ഓൾറൗണ്ട് പ്രകടനവുമായി ശ്രദ്ധ നേടിയ സലി സാംസൺ, ആലപ്പി റിപ്പിൾസിനെതിരായ രണ്ടാം മത്സരത്തിൽ ആറു റൺസെടുത്താണ് പുറത്തായത്. സലിയും പിന്നാലെ കെസിഎലിൽ ആദ്യമായി ബാറ്റിങ്ങിന് ലഭിച്ച അവസരം മുതലാക്കാനാകാതെ സഞ്ജുവും നിരാശപ്പെടുത്തിയെങ്കിലും, കൊച്ചി ബ്ലൂ ടൈഗേഴ്സ് തുടർച്ചയായ രണ്ടാം ജയത്തോടെ ഒന്നാം സ്ഥാനത്തെത്തി.

‘സാംസൺ ബ്രദേഴ്സി’ന്റെ ടീം എന്ന നിലയിൽ ടൂർണമെന്റിനു മുൻപേ ശ്രദ്ധ കവർന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിനായി, ആദ്യ മത്സരത്തിൽ ഇരുവരും സാന്നിധ്യമറിയിച്ചിരുന്നു. സലി സാംസൺ അർധസെഞ്ചറിക്കു പുറമേ മികച്ച ബോളിങ്ങിലൂടെയും കയ്യടി നേടിയപ്പോൾ, സഞ്ജു ഫീൽഡിലെ മിന്നും പ്രകടനം കൊണ്ടും ശ്രദ്ധ കവർന്നു.

ആദ്യ മത്സരത്തിൽ അപരാജിത അർധസെഞ്ചറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച സലി സാംസൺ, അന്ന് ബൗണ്ടറിയിലൂടെയാണ് അർധസെഞ്ചറി പൂർത്തിയാക്കിയതും ടീമിനെ വിജയത്തിലെത്തിച്ചതും. അന്ന് നിർത്തിയിടത്തുനിന്ന് ഇന്നു തുടക്കമിട്ട സലി, അക്ഷയ് ചന്ദ്രനെതിരെ നേരിട്ട ആദ്യ പന്തിൽ സിക്സർ നേടിയാണ് അക്കൗണ്ട് തുറന്നത്. മുഹമ്മദ് ഷാനുവിന്റെ വിക്കറ്റ് നഷ്ടമായതിന്റെ നിരാശയ്‌ക്കിടെ ക്രീസിലെത്തിയായിരുന്നു സലിയുടെ ആദ്യ പന്തിലെ സിക്സർ. രണ്ടാം പന്തിൽ റണ്ണെടുക്കാനാകാതെ പോയ സലി, മൂന്നാം പന്തിൽ മറ്റൊരു സിക്സറിനുള്ള ശ്രമത്തിൽ ബൗൾഡായാണ് മടങ്ങിയത്.

മത്സരത്തിൽ സഞ്ജു സാംസണിനും കാര്യമായി തിളങ്ങാനായില്ല. ഏഷ്യാകപ്പിനു മുന്നോടിയായി മധ്യനിരയിൽ ‘പരീക്ഷണം’ നടത്തുന്ന സഞ്ജു, 22 പന്തു മാത്രം നേരിട്ട് 13 റൺസുമായി പുറത്തായി. കൊച്ചിക്കായി വാലറ്റക്കാർ ഉൾപ്പെടെ സിക്സർ മഴ പെയ്യിച്ച മത്സരത്തിൽ, ഒരു ബൗണ്ടറി പോലും നേടാനാകാതെയാണ് സ‍ഞ്ജു പുറത്തായത്. ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവോടെ ഇന്ത്യൻ ടീമിലെ ഓപ്പണിങ് സ്ഥാനം നഷ്ടമാകാനിടയുള്ള സഞ്ജുവിന്, മധ്യനിരയിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമെന്ന നിലയിലാണ് ഈ മത്സരം ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ താരത്തിന് തിളങ്ങാനായില്ല. 

English Summary:

Sanju Samson's Brother Saly Disappoints After Sparkling Kerala Cricket League Captaincy Debut

Read Entire Article