കളി നടന്നത് പേസ് ബൗളര്‍മാരുടെ പറുദീസയെന്നു വിശേഷിപ്പിക്കപ്പെടുന്ന പെര്‍ത്തിലോ കിങ്സ്റ്റണിലോ സെഞ്ചൂറിയനിലോ ആയിരുന്നില്ല. ഔട്ടാകുമെന്ന പേടിയില്ലാതെ ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും ബൗളര്‍മാരെ അടിച്ചോടിച്ച എഡ്ജ്ബാസ്റ്റണില്‍ ആയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്‍ രണ്ടിന്നിങ്സിലുമായി 430 റണ്‍സ് അടിച്ചുകൂട്ടി പിച്ചില്‍ ഭൂതം പോയിട്ട് കുട്ടിച്ചാത്തന്‍ പോലുമില്ലെന്ന് അടിവരയിട്ട് തെളിയിച്ച കളിയിടം. പക്ഷേ, ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന സീമര്‍ ആകാശ് ദീപിന് തെളിയിക്കാനുണ്ടായിരുന്നു. ലക്ഷ്യവും ദൂരവും അളവും പിഴയ്ക്കാതെ അയാള്‍ 22 വാരയില്‍ തുടര്‍ച്ചയായി വിഷമസ്ഥലങ്ങള്‍ കണ്ടെത്തി ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചുകൊണ്ടിരുന്നു. കളിയവസാനിപ്പിച്ച് വിജയികളായി ഇന്ത്യന്‍ കളിക്കാര്‍ കൂടാരം കയറുമ്പോള്‍ രണ്ടിന്നിങ്സിലുമായി 187 റണ്‍സ് വഴങ്ങി 10 വിക്കറ്റ് നേടിയിരുന്നു ആകാശ്.
അപൂര്‍വമൊന്നുമല്ലെങ്കിലും ഒരു ടെസ്റ്റില്‍ രണ്ടിന്നിങ്സിലുമായി ഒരു ബോളര്‍ പത്തു വിക്കറ്റ് എടുക്കുന്നത് അത്ര സാധാരണമായ ഒരു കാര്യമല്ല. ബാറ്റര്‍മാര്‍ കണ്ണും മൂക്കുമില്ലാതെ പന്തേറുകാരെ അടിച്ചോടിച്ച ഒരു ടെസ്റ്റിലാണ്, ആകാശ് ദീപ് എന്ന താടിക്കാരന്‍ ഇംഗ്ളണ്ടിന്‍റെ പേരുകേട്ട ബാറ്റിങ് നിരയെ എറിഞ്ഞു വിറപ്പിച്ചത്. ഒന്നാം ഇന്നിങ്സില്‍ നാലു വിക്കറ്റും (4-88) രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റും വീഴ്ത്തി (6-99) ഇന്ത്യയുടെ ബൗളിങ് നിരയെ മുന്നില്‍ നിന്നു നയിച്ച ആകാശ് ദീപ് ആരാധകരെയും വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിച്ചു. കാരണം, ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്‍പുള്ള മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച ബുമ്രയില്ലാത്ത ഇന്ത്യയുടെ മുനയൊടിഞ്ഞ പേസ് നിരയെക്കുറിച്ചായിരുന്നു. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ആകാശ് ദീപ് ആകെ 10 വിക്കറ്റ് നേടിയതില്‍ ഏഴും ബൗള്‍ഡായിരുന്നു
ബിഹാറിലെ സാസാറം എന്ന ഗ്രാമത്തില്‍ സ്കൂള്‍ അധ്യാപകനായ റാംജി സിങ്ങിന്‍റെ മകനായി ജനിച്ച ആകാശ് ദീപ് കുട്ടിക്കാലം മുതല്‍ തന്നെ ആഗ്രഹിച്ചത് ക്രിക്കറ്റ് കളിക്കാരന്‍ ആവാനായിരുന്നു. കാടും മലയും അതിരിട്ട ഗ്രാമത്തിലൂടെയുള്ള കഠിനസഞ്ചാരങ്ങളിലൂടെ കരുത്തുറ്റ ശരീരത്തിനുടമയായി ആകാശ്. കളിയോടുള്ള ആകാശിന്‍റെ ഭ്രാന്ത് മനസ്സിലാക്കിയ നാട്ടുകാര്‍ സ്വന്തം മക്കളെ ആകാശിനോട് കൂട്ടു കൂടുന്നതില്‍ നിന്ന് വിലക്കി.
മകന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഒരു പ്യൂണെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ച റാംജി സിങ് ആകാശ് ദീപ് രാജ്യാന്തര താരമാവുന്നത് കാണാന്‍ സാധിക്കാതെ അകാലത്തില്‍ മരണമടയുകയായിരുന്നു. ആറു മാസത്തിനുള്ളില്‍ ജ്യേഷ്ഠനും അപ്രതീക്ഷിതമായി മരണമടഞ്ഞതോടെ കുടുംബഭാരം ആകാശിന്‍റെ ചുമലിലായി.
അങ്ങനെയാണ് ടെന്നിസ് ബോള്‍ ടൂര്‍ണമെന്‍റുകള്‍ കളിക്കാന്‍ ആരംഭിക്കുന്നത്. 800 രൂപ ദിവസക്കൂലിക്കു കളിക്കാന്‍ തുടങ്ങിയ ആകാശ് ഒരു മാസം 25,000 രൂപ വരെ ഇത്തരം ടൂര്‍ണമെന്‍റുകള്‍ കളിച്ച് നേടുമായിരുന്നു. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് കൂടുതല്‍ കളിയവസരങ്ങള്‍ തേടി ബിഹാറില്‍ നിന്ന് ബംഗാളിലേക്ക് എത്തുന്നത്.
രഞ്ജി ട്രോഫിക്കായുള്ള ബംഗാള്‍ ടീമിന്‍റെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ആകാശിന്‍റെ ബൗളിങ് കണ്ട ബംഗാളിന്‍റെ കോച്ചും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ അരുണ്‍ലാല്‍ സംശയലേശമെന്യേ ആകാശിനെ ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. “തനിത്തങ്കമാണ് അവനെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ എനിക്കു മനസ്സിലായിരുന്നു,” അരുണ്‍ ലാല്‍ പറഞ്ഞു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ബംഗാളിന്‍റെ മുന്‍നിര പന്തേറുകാരനായി മാറിയ ആകാശിന്‍റെ പോരായ്മയായി അരുണ്‍ ലാല്‍ ചൂണ്ടിക്കാണിച്ചിരുന്നത് ആത്മവിശ്വാസക്കുറവായിരുന്നു. പക്ഷേ, എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ആകാശിന്‍റെ പ്രകടനം കണ്ടപ്പോള്‍ അരുണ്‍ ലാലിനും സംശയം മാറിയിട്ടുണ്ടാവാം. “ആകാശിന്‍റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അയാള്‍ക്ക് ഇതിലും വേഗത്തില്‍ പന്തെറിയാന്‍ കഴിയും,” അരുണ്‍ ലാല്‍ പറഞ്ഞു.
ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് ബുമ്രയുടെ അഭാവത്തില്‍ പരിചയ സമ്പന്നതയുടെ അഭാവം ഇന്ത്യന്‍ ബൗളിങ്ങിനെ എങ്ങനെയാണ് ബാധിക്കാന്‍ പോവുക എന്നതായിരുന്നു. മാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ഡ്രെസിങ് റൂമില്‍ പ്രവേശിക്കാന്‍ കഴിയരുതേ എന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞിരുന്നു. പക്ഷേ ആകാശും മുഹമ്മദ് സിറാജും ഇംഗ്ളണ്ടിന്‍റെ കേള്‍വി കേട്ട ബാസ് ബോള്‍ എന്ന അഹങ്കാരത്തിനുമേല്‍ കൊടുങ്കാറ്റായി ആഞ്ഞു വീശി.
രണ്ടാം ഇന്നിങ്സില്‍ ഇംഗ്ളണ്ടിന്‍റെ ആദ്യത്തെ അഞ്ചു വിക്കറ്റുകള്‍ വീണപ്പോള്‍ അതില്‍ നാലും കരസ്ഥമാക്കിയത് ആകാശ് ദീപ് ആയിരുന്നു. ബെന്‍ ഡക്കറ്റ് (25), ഓലി പോപ് (24), ജോ റൂട്ട് (6), ഹാരി ബ്രൂക്ക് (23) എന്നീ ബാറ്റര്‍മാരെ പുറത്താക്കിയ ആകാശ് ആദ്യത്തെ മൂന്നു ബാറ്റര്‍മാരുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഹാരി ബ്രൂക്ക് എല്‍ബിഡബ്ള്യുവില്‍ കുടുങ്ങി പുറത്താവുമ്പോള്‍ 1976ല്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ് നേടിയ അപൂര്‍വമായ റെക്കോര്‍ഡിനൊപ്പവും എത്തി. മുന്‍നിരയിലെ അഞ്ചു കളിക്കാരില്‍ നാലു പേരെയും ഒരു ബൗളര്‍ര്‍ ഫില്‍ഡില്‍ മറ്റാരുടെയും സഹായം കൂടാതെ എറിഞ്ഞു വീഴ്ത്തുക എന്ന അപൂര്‍വ റെക്കോര്‍ഡ്.
ആദ്യ ടെസ്റ്റിലെ പരാജയത്തിന്‍റെ ക്ഷീണം എഡ്ജ്ബാസ്റ്റണിലെ കൂറ്റന്‍ വിജയത്തോടെ ഇന്ത്യ തീര്‍ത്തിരിക്കുകയാണ്. ടെസ്റ്റിനു മുന്‍പ് ബുമ്രയെ കേന്ദ്രീകരിച്ച് ചര്‍ച്ച നടക്കുന്നതിലെ അപകടം ഹര്‍ഷ ഭോഗ്ലെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുപോലെ ചര്‍ച്ചകള്‍ ഇന്ത്യയുടെ ഡ്രെസിങ് റൂമിനു പുറത്ത് അവസാനിച്ചു. പകരക്കാരനായി വന്ന ആകാശ് ദീപ് സമ്മര്‍ദമില്ലാതെ പന്തെറിഞ്ഞത് അതിനു തെളിവായിരുന്നു.
ലോഡ്സിലെ മൂന്നാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത് വര്‍ധിത വീര്യത്തോടെയായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍ എന്നു വാഴ്ത്തപ്പെടുന്ന ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍ എഡ്ജ്ബാസ്റ്റണിലെ ചതഞ്ഞ പിച്ചില്‍ തീ പാറിയ സ്പെല്ലുകളിലൂടെ ഇംഗ്ളണ്ടിനെ വിറപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായിട്ടായിരിക്കും സിറാജും ആകാശ് ദീപും ബുമ്രയ്ക്ക് പിന്തുണയുമായി എത്തുന്നത്.
കോലി, രോഹിത് എന്നീ ഇതിഹാസതാരങ്ങളുടെ അഭാവം ഇനി ചര്‍ച്ച ചെയ്യപ്പെടുമെന്നു തോന്നുന്നില്ല. പുതിയ തലമുറ കളത്തില്‍ കാലുറപ്പിച്ചു കഴിഞ്ഞു. ചരിത്രം അവര്‍ക്കു കരുതി വച്ചിരിക്കുന്നത് എന്തെന്ന ആശങ്കകളില്ലാതെയാണ് ചെറുപ്പം കളത്തിലിറങ്ങിയിരിക്കുന്നത്. ലീഡ്സിലെ തോല്‍വിയെ മറികടന്ന് ഗില്ലും ഇന്ത്യയുടെ യുവസംഘവും ലോഡ്സിലേക്ക് , ക്രിക്കറ്റിന്‍റെ ഏറ്റവും മനോഹരമായ പുല്‍ത്തകിടിയിലേക്ക് നീങ്ങുകയാണ്. പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ജൂലൈ 10 ന് തുടങ്ങുമ്പോള്‍ , എജ്ബാസ്റ്റണ്‍ ഒരു “ഫ്ളൂക്ക്,” അല്ലെന്നു തെളിയിക്കാനായിരിക്കും ഗില്ലും സംഘവും ശ്രമിക്കുക.
Content Highlights: Indian gait bowler Akash Deep's inspring bowling crushes England batting








English (US) ·