ബർമിങ്ങാമിൽ സ്മിത്തിന്റെ ബാസ് ബോൾ, പ്രസിദ്ധ് കൃഷ്ണയ്ക്ക് ട്വന്റി20 സ്റ്റൈൽ; ഒരോവറിൽ വഴങ്ങിയത് 23 റൺസ്!

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 04 , 2025 08:14 PM IST

1 minute Read

 X@Johns
ജെയ്മി സ്മിത്ത്, പ്രസിദ്ധ് കൃഷ്ണ. Photo: X@Johns

ബർമിങ്ങാം∙ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് താരം ജെയ്മി സ്മിത്തിന്റെ ബാറ്റിങ്. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിയിൽ ബാറ്റു വീശിയ സ്മിത്ത് ബർമിങ്ങാമിൽ 80 പന്തുകളിൽനിന്നാണ് സെഞ്ചറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചറിയാണ് ജെയ്മി സ്മിത്ത് രണ്ടാം ടെസ്റ്റിൽ നേടിയത്. മുഹമ്മദ് സിറാജിന്റെ പന്തിൽ ബെൻ സ്റ്റോക്സ് പുറത്തായതിനു പിന്നാലെ മൂന്നാം ദിവസത്തെ രണ്ടാം ഓവറിലാണ് ജെയ്മി ബാറ്റിങ്ങിന് ഇറങ്ങിയത്.

ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയെ ജെയ്മി സ്മിത്ത് തുടർച്ചയായി ബൗണ്ടറി കടത്തി. താരത്തിന്റെ മികവിൽ ആദ്യ സെഷനിലെ 27 ഓവറിൽ ഇംഗ്ലണ്ട് 172 റൺസെടുത്തു. ഹാരി ബ്രൂക്കും സെഞ്ചറി തികച്ചു. പ്രസിദ്ധ് കൃഷ്ണയുടെ ഷോർട്ട് ബോളുകൾക്ക് ഫോറുകളും സിക്സുകളും പറത്തിയാണ് ജെയ്മി സ്മിത്ത് മറുപടിയൊരുക്കിയത്. പ്രസിദ്ധ് എറിഞ്ഞ 32–ാം ഓവറിൽ 23 റൺസാണു വഴങ്ങിയത്. ഒരു സിക്സും നാലു ഫോറുകളും ജെയ്മി സ്മിത്ത് ബൗണ്ടറി കടത്തിയപ്പോള്‍, ഒരു പന്ത് വൈഡിലാണു കലാശിച്ചത്.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ കൂടുതൽ റൺസ് വഴങ്ങിയ ഇന്ത്യൻ ബോളർ എന്ന നാണക്കേടിന്റെ റെക്കോർഡിലേക്കും പ്രസിദ്ധ് കൃഷ്ണ ഇതോടെ എത്തി. ഇംഗ്ലണ്ടിനെതിരെ രവീന്ദ്ര ജഡേജയും ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ 23 റൺസ് വഴങ്ങിയിട്ടുണ്ട്. 2024ലെ രാജ്കോട്ട് ടെസ്റ്റിലാണ് ജഡേജ 23 റൺസ് വിട്ടുകൊടുത്തത്. മത്സരത്തിൽ ഇതുവരെ 13 ഓവറുകൾ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണ വഴങ്ങിയത് 72 റൺസ്. വിക്കറ്റൊന്നും കിട്ടിയതുമില്ല.

English Summary:

Jamie Smith blasts fastest period by an England keeper, smashes Prasidh Krishna for 23 runs successful 1 implicit

Read Entire Article