‘ഭ ഭ ബ’ ഇല്ലാതെ ഉറഞ്ഞു തുള്ളി ഇന്ത്യൻ ബാറ്റർമാർ, വീറോടെ ലങ്ക; നാലാംവട്ടവും വിജയം റാഞ്ചി ഇന്ത്യ

3 weeks ago 3

അനീഷ് നായർ

അനീഷ് നായർ

Published: December 29, 2025 08:18 AM IST Updated: December 29, 2025 10:58 AM IST

2 minute Read

  • കാര്യവട്ടത്ത് നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 30 റൺസ് ജയം; പരമ്പരയിൽ 4–0ന് മുന്നിൽ

  • ഷഫാലി വർമയ്ക്കും (79) സ്മൃതി മന്ഥനയ്ക്കും (80) അർധ സെഞ്ചറി

 മനോജ് ചേമഞ്ചേരി /മനോരമ
ശ്രീലങ്കൻ ഓപ്പണർ ഹസിനി പെരേരയുടെ വിക്കറ്റ് നേടിയ അരുന്ധതി റെഡ്ഡി (ഇടതുനിന്ന് മൂന്നാമത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ. ചിത്രം: മനോജ് ചേമഞ്ചേരി /മനോരമ

തിരുവനന്തപുരം∙ ടോസ് നേടി ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ച നിമിഷത്തെ ശ്രീലങ്കൻ നായിക ചമരി അത്തപ്പത്തു ശപിക്കുന്നുണ്ടാകും. സ്കോർ പിന്തുടരുന്നതാണു കുറച്ചുകൂടി എളുപ്പമെന്ന് ആ തീരുമാനത്തെ ന്യായീകരിച്ച ചമരിക്ക് അത് അതിമോഹമാണെന്ന് അതിവേഗം ബോധ്യപ്പെട്ടു. ഇന്ത്യൻ ഇന്നിങ്സിൽ മത്സരം ശ്രീലങ്കൻ ബോളർമാരുമായിട്ടായിരുന്നില്ല, ബാറ്റർമാർ തമ്മിൽ തന്നെയായിരുന്നു. 15 ഓവർ വരെ പരസ്പരം മത്സരിച്ചടിച്ച ഷഫാലി വർമയും (46 പന്തിൽ 79) സ്മൃതി മന്ഥനയും (48 പന്തിൽ 80) ഇന്ത്യയ്ക്ക് നൽകിയത് മിന്നും തുടക്കം. ഇരുവരും മടങ്ങിയതോടെ അടി മത്സരം ഏറ്റെടുത്തത് റിച്ച ഘോഷും (18 പന്തിൽ 40) ഹർമൻപ്രീത് കൗറും (10 പന്തിൽ 16).

ബാറ്റെടുത്തവരെല്ലാം ‘ഭയ ഭക്തി ബഹുമാനം’ ഏതുമില്ലാതെ ഉറഞ്ഞു തുള്ളിയപ്പോൾ നിസ്സഹായരായ ലങ്കൻ ബോളർമാർക്ക് അതൊന്നടങ്ങാൻ പ്രാർഥിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. 221 റൺസെന്ന ഇന്ത്യൻ റൺമലയ്ക്കു മുന്നിലും തളരാതെ പോരാടിയ ലങ്കൻ ബാറ്റർമാർക്ക് പക്ഷേ 191 റൺസിലെത്താനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് 30 റൺസിന്റെ ആധികാരിക ജയം. 5 മത്സര പരമ്പരയിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഇന്ത്യ 20 ഓവറിൽ 2ന് 221, ശ്രീലങ്ക 20 ഓവറിൽ 6ന് 191. പരമ്പരയിലെ അവസാന മത്സരം നാളെ കാര്യവട്ടത്ത്.

ഇന്ത്യൻ റൺമഴപരമ്പരയിൽ ആദ്യമായി ആദ്യം ബാറ്റ് ചെയ്യാൻ കിട്ടിയ അവസരം ഇന്ത്യൻ ബാറ്റർമാർ പരിശീലന സെഷൻ പോലെ ആഘോഷിക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നുന്ന ഫോമിൽ വെടിക്കെട്ട് തുടർന്ന ഷഫാലി വർമയ്ക്കൊപ്പം ആരാധകരുടെ മനം നിറച്ച് സ്മൃതിയും ഫോമിൽ. പവർപ്ലേയിൽ അടിച്ചുകൂട്ടിയത് 61 റൺസ്. 8 ഓവറിനുള്ളിൽ 6 ബോളർമാരെയും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഷഫാലി 30 പന്തിൽ അർധ സെഞ്ചറി തികച്ചപ്പോൾ സ്മൃതിയുടെ അർധ സെഞ്ചറി പിറന്നത് 35 പന്തിൽ. 15.2 ഓവറിൽ സ്കോറും കൂട്ടുകെട്ടും 162ൽ എത്തിയപ്പോൾ ലങ്കൻ പ്രാർഥന പോലെ ഷഫാലിക്കൊന്നു പിഴച്ചു.

നിമാഷ മീപഗേക്ക് റിട്ടേൺ ക്യാച്ച്. 12 ഫോറും ഒരു സിക്സും പിറന്ന ഇന്നിങ്സിന് കഴിഞ്ഞ കളിയിലെ അതേ സ്കോറിൽ വിരാമം. കൂട്ട് മുറിഞ്ഞതോടെ പിന്നാലെ മൽഷ ഷഹാനിക്ക് വിക്കറ്റ് നൽകി സ്മൃതിയും മടങ്ങി. 11 ബൗണ്ടറിയും 3 സിക്സുമായിരുന്നു സ്മൃതിയുടെ വക. റിച്ച ഘോഷിന്റെ ഊഴമായിരുന്നു പിന്നീട്. കവിഷ ദിൽഹരി എറിഞ്ഞ 19–ാം ഓവറിൽ റിച്ച അടിച്ചത് 3 സിക്സറും ഒരു ഫോറും. ഇന്ത്യൻ ഇന്നിങ്സിൽ ആകെ പിറന്നത് 28 ഫോറും 8 സിക്സും. 160 റൺസും വന്നത് ബൗണ്ടറികളിലൂടെ.

വീറോടെ ലങ്കമറുപടി ബാറ്റിങ്ങിൽ ലങ്കൻ ഇന്നിങ്സിനെ വീറോടെ നയിച്ചതും ക്യാപ്റ്റൻ ചമരി തന്നെ. ഹസിനി പെരേര നല്ല കൂട്ടായതോടെ ഇന്ത്യയെ വിറപ്പിച്ച് 3.2 ഓവറിൽ സ്കോർ 50ൽ എത്തി. ഹസിനിയെ (33) അരുന്ധതി റെഡ്ഡി വീഴ്ത്തിയെങ്കിലും ഇമേഷ ദുലാനിക്കൊപ്പം അടി തുടർന്ന ചമരി 34 പന്തിൽ 50 തികച്ചു. 

 സ്കോർ 12.5 ഓവറിൽ 116 എന്ന ശക്തമായ നിലയിൽ നിൽക്കെ, ചമരിയെ (52) പുതുതാരം വൈഷ്ണവി ശർമ, സ്മൃതിയുടെ കൈകളിലെത്തിച്ചതു മത്സരത്തിൽ വഴിത്തിരിവായി. അതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. ആ സമ്മർദത്തിൽ നിന്ന് കരകയറാൻ പിന്നെ ലങ്കൻ ബാറ്റർമാർക്കു സാധിച്ചില്ല. ഇന്ത്യയ്ക്കായി അരുന്ധതിയും വൈഷ്ണവിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

India vs. Sri Lanka T20 highlights the ascendant show of the Indian women's cricket team. The Indian squad secured a commanding triumph successful the 4th T20 lucifer astatine Karyavattom, starring the bid 4-0, with stellar performances from Shafali Verma and Smriti Mandhana.

Read Entire Article