
ചോക്ലേറ്റ് സിനിമയിൽ മനോജ് ചെയ്ത വേഷം, മനോജ് ഗിന്നസ് | Photo: Screen grab/ YouTube: Malayalam Movie Club, Mathrubhumi
തനിക്ക് സിനിമാമേഖലയില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടനും മിമിക്രിതാരവുമായ മനോജ് ഗിന്നസ്. 'ചോക്ലേറ്റ്' സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് തനിക്ക് സിനിമയോടുള്ള താത്പര്യം കുറയാന്‍ കാരണമായതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് വെളിപ്പെടുത്തി. 'ചോക്ലേറ്റി'ല്‍ ചാക്യാര്‍കൂത്തുകലാകാരന്റെ വേഷമായിരുന്നു മനോജ് അവതരിപ്പിച്ചത്. ഒരുദിവസത്തെ ഷൂട്ടിനെത്തിയ തനിക്ക് വലിയ അവഗണനയും അപമാനവും നേരിടേണ്ടിവന്നെന്ന് മനോജ് ഗിന്നസ് പറഞ്ഞു.
മനോജ് ഗിന്നസിന്റെ വാക്കുകള്‍:
സിനിമയോടുള്ള താത്പര്യം കുറയാന്‍ കാരണം ചോക്ലേറ്റ് എന്ന സിനിമയാണ്. ചോക്ലേറ്റ് സിനിമയില്‍ ചാക്യാര്‍കൂത്തുകാരനായുള്ള വേഷത്തിന് വേണ്ടി ഷൂട്ടിന് പോയി. സംവിധായകന്‍ സോഹന്‍ സീനുലാല്‍ അന്ന് ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്നു. അദ്ദേഹം വിളിച്ച് മനോജേ, നീ പൃഥ്വിരാജിന്റെ സിനിമയില്‍ ഒരു ചാക്യാര്‍കൂത്തുകാരനാകാന്‍ നാളെ വരുമോ എന്ന് ചോദിച്ചു. ചാക്യാര്‍കൂത്ത് എനിക്ക് അറിയില്ല, ഓട്ടംതുള്ളലൊക്കെയാണെന്ന് പറഞ്ഞു. അതൊക്കെ മതിയെടാ നീ ചെയ്യും നീയൊരു മേക്കപ്പ് മാനേയും കൂട്ടിയിങ്ങ് വായെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ തലേദിവസം നാട്ടിലൊരു ചാക്യാര്‍കൂത്തുകാരനെ വിളിച്ച്, അഞ്ചുമണിക്ക് കരിമുകളില്‍നിന്ന് ബസ് കയറി എറണാകുളം ടൗണ്‍ഹാളില്‍ വന്നു.
എന്റെ അനിയന്റെ സുഹൃത്താണ് ജയസൂര്യ. അദ്ദേഹം ചേട്ടന്‍ എന്താ ഇവിടെ എന്ന് ചോദിച്ചു. ഒരുചെറിയ വേഷം ചെയ്യാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഓക്കേ, അടിപൊളി എന്ന് പറഞ്ഞു. രാവിലെ ആറര, ഏഴുമണിയായപ്പോള്‍ മേക്കപ്പിട്ടു. ചാക്യൂര്‍കൂത്തിന് പിന്നില്‍ കെട്ടുന്ന ഞൊറികള്‍ ഉള്ളൊരു സാധനമുണ്ട്. അത് കയറിട്ട് കെട്ടണം. അപ്പോള്‍ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല, സ്റ്റൂള്‍ ഉണ്ടെങ്കിലേ ഇരിക്കാന്‍ പറ്റുകയുള്ളൂ. രാവിലെ ഫസ്റ്റ് ഷോട്ട് എന്റേത് എടുത്തു. പിന്നെ ക്ലോസ് എടുത്തു. പിന്നാലെ പായ്ക്ക് ചെയ്യാന്‍ തുടങ്ങി. രാജന്‍ പി ദേവ് സാറിനാണെന്ന് തോന്നുന്നു, തിരക്കുള്ളതുകാരണം ബാക്കി പിന്നീടാണ് എടുക്കുന്നത്. അത് എനിക്ക് അറിയില്ല. ലൊക്കേഷനില്‍നിന്ന് വണ്ടിയെല്ലാം പോയി. വൈകുന്നേരമേ ഷൂട്ടുള്ളൂ, മനോജ് ഇതൊക്കെ ഒന്ന് അഴിക്കണം എന്ന് എന്നോട് ആരും പറയുന്നില്ല. എനിക്കാണെങ്കില്‍ ഇരിക്കാനും പറ്റുന്നില്ല, ടോയ്‌ലെറ്റില്‍ പോകാന്‍ പറ്റില്ല. രാവിലെ ഏഴുമണി മുതല്‍ 12 മണിവരെ നിന്ന് നിന്ന്... ഭക്ഷണം കഴിക്കാറായി. ഞാനും ഒരു പ്ലേറ്റെടുത്ത് ചെന്നപ്പോള്‍ എന്നെ ഓടിച്ചു. പോടോ, അവിടെ പോയ് കഴിക്ക് എന്ന് പറഞ്ഞു. അവിടെ കോളേജ് പിള്ളേരുടെ വേഷം ചെയ്യാന്‍ വന്നവര്‍ അടികൂടുകയാണ്.
ഞാന്‍ നിന്റെ ഭക്ഷണം വേണ്ടടാ എന്ന് പറഞ്ഞ് പ്ലേറ്റ് താഴെയിട്ടു. ഇത് പട്ടണം ഷാ എന്ന മേക്കപ്പ് മാന്‍ കണ്ടു. എന്തുപറ്റിയെന്ന് അദ്ദേഹം അന്വേഷിച്ചു. ഫുഡ് അവിടെപ്പോയി കഴിക്കണമെന്ന് പറഞ്ഞെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം എടോ അയാള്‍ ആരാണെന്ന് അറിയുമോ എന്ന് ഭക്ഷണം കൊടുക്കുന്ന ആളോട് ചോദിച്ചു. അയാളിങ്ങനെ മേക്കപ്പ് ഇട്ടതുകൊണ്ടാണ് മനസിലാവാത്തത് എന്ന് പറഞ്ഞു. അപ്പോള്‍ സോറി സര്‍ എന്ന് പറഞ്ഞു. ഞാനിനി ഭക്ഷണം കഴിക്കില്ല എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഭക്ഷണം കഴിക്കാതെ ഞാന്‍ വീണ്ടും ഒരു രണ്ടുമണിക്കൂര്‍ അവിടെ ഇരുന്നു. അവസാനം മേക്കപ്പ് അഴിച്ചിട്ട് ഞാന്‍ പോയി.
എറണാകുളത്ത് റൂമില്‍ ഇരിക്കുമ്പോള്‍ 12 മണിയായപ്പോള്‍ സോഹന്‍ വിളിച്ചു. മനോജേ എവിടെയുണ്ട് എന്ന് ചോദിച്ചു. ഞാന്‍ എറണാകുളം സൗത്തില്‍ ഉണ്ടെന്ന് പറഞ്ഞു. വാ നമുക്ക് ഷൂട്ട് തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഞാന്‍ വരില്ലെന്ന് മറുപടി പറഞ്ഞു. ഇനി നിങ്ങളുടെ സിനിമയ്ക്ക് ഞാന്‍ വരില്ലെന്ന് പറഞ്ഞു. ഇനി വിളിക്കേണ്ട സോഹാ, ഞാന്‍ വരില്ലെന്ന് പറഞ്ഞു. എന്നോട് ഒരു വാക്ക് നിങ്ങള്‍ക്ക് രാവിലെ പറയാമായിരുന്നു, മനോജ് ഇതൊക്കെ അഴിച്ചുവെച്ചോ ഇനി എട്ടുമണിക്കേ രാത്രിയുള്ളൂ എന്ന് പറഞ്ഞാല്‍ ഞാന്‍ പോവില്ലേ?. എന്നോട് ഇത് ആരും പറഞ്ഞില്ല, ഞാന്‍ ഈ സാധനവുംകെട്ടി രണ്ടരമൂന്നമണിവരെ ഇരുന്നില്ലേ. ഭക്ഷണവും കഴിച്ചില്ല. ഇനി വരില്ല എന്ന് പറഞ്ഞു.
അവസാനം എല്ലാവരും നിര്‍ബന്ധിച്ചു, ഒരു ഷോട്ട് എടുത്തുവെച്ചതല്ലേ എന്ന് ചോദിച്ചു. അപ്പോഴേക്കും കൂടെ വന്ന പയ്യനും പോയി. എല്ലാവരും നിര്‍ബന്ധിച്ച് ചെന്നപ്പോള്‍, ലൈറ്റപ്പ് ഒക്കെ ചെയ്ത് ഞാന്‍ വരുന്നതും നോക്കി എല്ലാവരും കാത്തിരിക്കുന്നു. അവസാനം മനസില്ലാ മനസോടെ ഞാന്‍ എല്ലാംവെച്ച് വരച്ച് ആ ഷോട്ട് എടുത്തിട്ട് വന്നു.
ഇങ്ങനെ ചില തിക്തമായ അനുഭവങ്ങള്‍ എനിക്ക് സിനിമയിലൂടെ ഉണ്ടായി. പിന്നെ ഞാന്‍ ആലോചിച്ചു, ഒരു സിനിമ ഞാന്‍ ചെയ്യും. അത് എന്തായാലും നല്ല ആളുകളെ കൂട്ടി ചെയ്യണം എന്നൊരു ആഗ്രഹമാണ്, അത് ഞാന്‍ ചെയ്യും.
Content Highlights: Manoj Guinness reveals a antagonistic acquisition connected the acceptable of `Chocolate`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·