'ഭയംകാരണം ബോളിവുഡ് ആ ശ്രമം ഉപേക്ഷിച്ചു'; ചെമ്മീന്‍@ 60, ഓര്‍മകളുടെ നക്ഷത്രക്കടലില്‍ പരീക്കുട്ടി

5 months ago 5

അപർണ എസ്. തമ്പി

20 August 2025, 11:17 AM IST

madhu

ചെമ്മീൻ സിനിമയുടെ 60-ാം വാർഷികത്തിന്റെ ഭാഗമായി നടൻ മധു തിരുവനന്തപുരത്തെ വസതിയിൽ നടന്ന ആദരവ് ചടങ്ങിൽ കേക്ക് മുറിച്ച് വയലാർ ശരത് ചന്ദ്രവർമ്മക്ക് നൽകിയപ്പോൾ | ഫോട്ടോ : ബിജു വർഗീസ്

തിരുവനന്തപുരം: ഓര്‍മകളുടെ നക്ഷത്രക്കടലായിരുന്നു പരീക്കുട്ടിയുടെ കണ്ണുകളില്‍. പ്രിയപ്പെട്ടവര്‍ ഒത്തുചേര്‍ന്നപ്പോള്‍ മനസിന്റെ ചന്ദനത്തോണിയിലേറി അദ്ദേഹം ഓര്‍മകള്‍ക്ക് തുഴയെറിഞ്ഞു. പഠിക്കുന്ന കാലത്ത് താന്‍ വായിച്ചറിഞ്ഞ ചെമ്മീന്‍ എന്ന നോവല്‍ അദ്ദേഹത്തെ അത്രയേറെ സ്വാധീനിച്ചിരുന്നു. അടങ്ങാത്ത കടല്‍ത്തിര പോലെ കരളിലെ മോഹവുമായി കറുത്തമ്മയെ ഓര്‍ത്തോര്‍ത്തു കരഞ്ഞ കൊച്ചുമുതലാളി ആ സമയത്ത് നടന്‍ മധുവിന്റെയുള്ളിലും തീരാവേദനയായിരുന്നു. എന്നാൽ ഒരു നിയോഗമെന്നോണം സിനിമയില്‍ പരീക്കുട്ടി എന്ന കഥാപാത്രം അദ്ദേഹത്തെ തേടിയെത്തി. വിരഹത്തിന്റെ ആഴക്കടലിലേക്ക് മാനസ മൈനേ പാടി അദ്ദേഹം സിനിമാസ്വാദകരുടെ നിത്യകാമുകനായി. വര്‍ഷങ്ങളുടെ കടല്‍ദൂരങ്ങള്‍ പിന്നിട്ട് രാമു കാര്യാട്ടിന്റെ ചെമ്മീന് പ്രായം ഇപ്പോള്‍ അറുപത്.

പരീക്കുട്ടി ഒരിക്കലും നിരാശാകാമുകനായിരുന്നില്ലെന്നും ഉപാധികളില്ലാത്ത സ്‌നേഹം മാത്രമായിരുന്നു പരീക്കുട്ടിയ്ക്കുള്ളിലെന്നും സിനിമയിലെ പരീക്കുട്ടി പറയുന്നു. പാതിരാക്കാറ്റേറ്റ് തെങ്ങും ചാരി നിന്നതും ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ വള്ളത്തിലേറിയതുമെല്ലാം ഓര്‍മപ്പൊട്ടുകളായി അദ്ദേഹം മനസില്‍ക്കണ്ടു. ചെമ്മീനിലെ പാട്ടിന് കിട്ടിയ സ്വീകാര്യത അക്കാലത്ത് അത്രയേറെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരുന്നുവത്രേ. കാരണം മലയാളിയല്ലാത്ത ഒരാളുടെ ഗാനം എങ്ങനെ മലയാളികള്‍ സ്വീകരിക്കുമെന്നതായിരുന്നായിരുന്നു ആശങ്ക. എന്നാൽ ഉച്ചാരണ ശുദ്ധിയില്ലാത്ത മാനസ മൈനേ എന്ന ഗാനം മലയാളികൾ പാടി നടന്നു. ഉള്ളിലുറഞ്ഞ വിഷാദവുമായി കടലുകാണാൻ എത്തുന്നവരുടെ ഹൃദയത്തിനുള്ളിൽ ഒരു ലൂപ്പിലെന്നോണം ഈ ഗാനം കേൾക്കാനാകും.

"തകഴിച്ചേട്ടൻ ചെമ്മീൻ എഴുതാൻ തീരുമാനിച്ച നിമിഷം തന്നെ ധന്യമാണ്. ഒരുപാട് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട നോവൽ. വായിച്ച് വായിച്ച് മനസിൽ പതിഞ്ഞ വരികൾ. കൗമാരകാലത്ത് മനസിനെ ത്രസിപ്പിച്ച പരീക്കുട്ടി. ചെമ്മീൻ നോവൽ ഹിന്ദി സിനിമയാക്കി മാറ്റുന്ന ചർച്ചകളായിരുന്നു ആദ്യം നടന്നത്. ബോളിവുഡ് നടൻ സുനിൽ ദത്ത് അതിൻ്റെ അവകാശവും നേടിയതായിരുന്നു. എന്നാൽ ചെമ്മീൻ സിനിമയാകുമ്പോൾ ഹിന്ദു - മുസ്ലീം ലഹളയുണ്ടാകുമോയെന്ന് ഭയന്ന് ബോളിവുഡ് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അല്ലെങ്കിൽ സുനിൽദത്ത് കറുത്തമ്മയുടെ സ്വന്തം പരീക്കുട്ടിയായേനെ" - നടൻ മധു പറഞ്ഞു.

ചെമ്മീൻ സിനിമയുടെ അറുപതാം വാർഷിക വേളയിൽ പാട്ടിൻ്റെ പാൽക്കടലുമായി നടൻ മധുവിന് അരികിലായി വയലാർ ശരത്ചന്ദ്ര വർമ്മയും നടി നിലമ്പൂർ ആയിഷയും നടൻ സത്യൻ്റെ മകൻ സതീഷ് സത്യനും ഗായിക രാജലക്ഷ്മിയുമെല്ലാം ഒത്തു ചേർന്നിരുന്നു.
മധു അഭിനയിച്ച വയലാർ ഗാനങ്ങൾ വയലാർ ശരത്ചന്ദ്രവർമ്മയും മറ്റുള്ളവരും ഏറ്റുപാടിയപ്പോൾ ആ താളത്തിലലിഞ്ഞ് ഓര്‍മകളുടെ മണല്‍ത്തരികളിലൂടെ അദ്ദേഹം ഒരിക്കൽ കൂടി നടന്നു.

Content Highlights: Chemeen astatine 60: Actor Madhu Reflects connected the Timeless Classic and Its Impact

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article