ഭരിക്കുന്നത് ജനറല്‍മാര്‍, രാജ്യത്തെ കൊള്ളയടിച്ച് ആഡംബരജീവിതം നയിക്കുന്നു; പാക് സൈന്യത്തിനെതിരെ സമി

7 months ago 7

ന്യൂഡൽഹി: പാകിസ്താൻ സൈന്യത്തിനെതിരെ വീണ്ടും രൂക്ഷമായ വിമർശനമുന്നയിച്ച് ​ഗായകൻ അദ്നൻ സമി. സ്വന്തം ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ് പാകിസ്താനെന്ന് അ​ദ്നൻ സമി കുറ്റപ്പെടുത്തി. ലോകത്തിന് മുന്നിൽ കാശ്മീർ പ്രശ്നം ഉയർത്തിക്കാട്ടി സ്വന്തം കീശ വീർപ്പിക്കുകയും ചെയ്യുന്നവരാണ് പാകിസ്താൻ സൈന്യമെന്നും സമി ആരോപിച്ചു. ഇന്ത്യാ ടിവിയിലെ ആപ് കി അദാലത്ത് എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഒരു കലാകാരനാണെങ്കിലും പാകിസ്താൻ സൈന്യം എങ്ങനെയാണ് അവിടുത്തെ ജനങ്ങളെയും ഭരണകൂടത്തെയും പുരോഗമിക്കാൻ അനുവദിക്കാത്തതെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് അദ്നൻ സമി പറഞ്ഞു. താൻ അതീവ രഹസ്യങ്ങളുമായി ഇന്ത്യയിലേക്ക് വന്നുവെന്ന് പറയുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. താൻ ഒരു സംഗീതജ്ഞനും ഗായകനും സംഗീതസംവിധായകനുമാണ്. തന്റെ പാട്ടുകൾക്ക് നൃത്തംചെയ്തവരാണ് പാകിസ്താനിലെ ജനറൽമാർ. ഐഎസ്ഐ ഉൾപ്പെടെയുള്ള മുഴുവൻ സൈനിക സംവിധാനങ്ങളും കാശ്മീർ പ്രശ്നം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താൻ സൈന്യത്തെ രാഷ്ട്രത്തിൻ്റെ കൊള്ളക്കാർ എന്ന് അദ്നൻ സമി വിശേഷിപ്പിച്ചു. ജനങ്ങൾ സ്നേഹിക്കുന്ന ഏതൊരു രാഷ്ട്രീയക്കാരനെയും ഒതുക്കുന്ന വിചിത്രമായ രാജ്യമാണ് പാകിസ്താൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "യാഥാർത്ഥ്യം മറ്റൊന്നാണ്. സ്വന്തം കീശ നിറയ്ക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്ന് സംഭാവനകളും ഫണ്ടുകളും നേടാൻ അവർ കാശ്മീർ പ്രശ്നം ഉയർത്തിക്കാട്ടുന്നു. രാഷ്ട്രത്തെ കൊള്ളയടിച്ച ശേഷം അവർ ആഡംബര ജീവിതം നയിക്കുമ്പോൾ, ജനങ്ങൾക്ക് പണമോ ഭക്ഷണമോ ഇല്ല. രാജ്യം മുഴുവൻ ഭരിക്കുന്നത് ജനറൽമാരാണ്." അദ്ദേഹം പറഞ്ഞു.

"മറ്റ് രാജ്യങ്ങളിൽ സൈന്യം രാജ്യത്തിനുള്ളിലാണ് കഴിയുന്നത്. എന്നാൽ പാകിസ്താൻ എന്ന രാജ്യം ജനിച്ചതുപോലും സൈന്യത്തിനുള്ളിലാണ്. അവിടുത്തെ സൈന്യം കോൺഫ്ലെക്സ് പോലും വിൽക്കുന്നു. അവർ ബേനസീർ ഭൂട്ടോയെ ഇല്ലാതാക്കി. കായികകതാരമായിരുന്നിട്ടുപോലും ഇമ്രാൻ ഖാനെ ജയിലിലടച്ചു. പാകിസ്താനിൽ ജനാധിപത്യമില്ല. എപ്പോൾ വേണമെങ്കിലും അവർ സർക്കാരിനെ അട്ടിമറിക്കും." സമി വിശ​ദീകരിച്ചു.

ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ താൻ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്നൻ സമി പറഞ്ഞു. പത്മശ്രീ നൽകി ആദരിക്കുകയും തൻ്റെ കഴിവ് അംഗീകരിക്കുകയും ചെയ്ത ഇന്ത്യൻ സർക്കാരിനോട് നന്ദിയുണ്ടെന്നും സമി വ്യക്തമാക്കി. അമ്മ മരിച്ചപ്പോൾ പാകിസ്താൻ സർക്കാർ വിസ നിഷേധിച്ചതിനെത്തുടർന്ന് സംസ്കാര ചടങ്ങുകൾ വാട്ട്‌സ്ആപ്പ് വീഡിയോയിലൂടെ കാണേണ്ടി വന്നുവെന്നും സമി കൂട്ടിച്ചേർത്തു.

പാകിസ്താനി പിതാവിൻ്റെയും ഇന്ത്യൻ മാതാവിൻ്റെയും മകനായി യുകെയിലാണ് സമി ജനിച്ചത്. 2001-ൽ അദ്ദേഹം ഇന്ത്യയിലേക്ക് താമസം മാറി. 2016-ലാണ് സമിയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. താൻ പാകിസ്താൻ വിടാൻ കാരണം പാകിസ്താൻ ഭരണകൂടമാണെന്ന് 2022-ൽ അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Adnan Sami criticizes Pakistan`s military, accusing them of exploiting Kashmir issue

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article