മാഡ്രിഡ്: റയല്‍ മാഡ്രിഡിനെതിരേ ദൗര്‍ഭാഗ്യം ഒരിക്കല്‍ കൂടി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വഴിയടച്ചു, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സ്വന്തം മൈതാനത്ത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റയലിനോട് തോറ്റ് അത്‌ലറ്റിക്കോ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഷൂട്ടൗട്ടില്‍ അത്‌ലറ്റിക്കോയുടെ ജൂലിയന്‍ അല്‍വാരസെടുത്ത കിക്ക് ഡബിള്‍ ടച്ച് എന്ന കാരണംപറഞ്ഞ് വാറില്‍ നിഷേധിക്കപ്പെട്ടത് വിവാദമായി. ഇരുപാദങ്ങളിലുമായി 2-2ന് സമനിലയിലായ മത്സരം ഷൂട്ടൗട്ടില്‍ 4-2ന് വിജയിച്ച് റയല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലാണ് ക്വാര്‍ട്ടറില്‍ റയലിന്റെ എതിരാളികള്‍.
റയലിന്റെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരം 2-1ന് പരാജയപ്പെട്ട അത്‌ലറ്റിക്കോ സ്വന്തം മൈതാനത്തെ രണ്ടാം പാദ മത്സരം ആരംഭിച്ച് 27-ാം സെക്കന്‍ഡില്‍ തന്നെ ഗോള്‍ സ്‌കോര്‍ ചെയ്തു. റോഡ്രിഗോ ഡിപോളിന്റെ പാസ് വലയിലെത്തിച്ച് കോണര്‍ ഗല്ലഗറാണ് അത്‌ലറ്റിക്കോയെ അഗ്രഗേറ്റില്‍ ഒപ്പമെത്തിച്ചത്. പക്ഷേ, മത്സരം 90 മിനിറ്റും അധികസമയവും പൂര്‍ത്തിയായിട്ടും 17 ഷോട്ടുകളുതിര്‍ത്തിട്ടും പിന്നീടൊരു ഗോള്‍ നേടാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിക്കാതെ പോയി.
ഇതിനിടെ 69-ാം മിനിറ്റില്‍ ലെങ്‌ലെറ്റ് ബോക്‌സില്‍ എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വിനീഷ്യസ് ജൂനിയര്‍ പുറത്തേക്കടിച്ച് കളയുകയും ചെയ്തിരുന്നു. അതും പക്ഷേ മുതലാക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിച്ചില്ല.
എക്‌സ്ട്രാ ടൈമിലും ആര്‍ക്കും ഗോള്‍നേടാന്‍ സാധിക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. റയലിനായി കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ങമും ഫെഡെറിക്കോ വാല്‍വെര്‍ദെയും ആദ്യ മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. അലക്‌സാണ്ടര്‍ സൊര്‍ലോത്ത് അത്‌ലറ്റിക്കോയുടെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത അല്‍വാരസ് സ്‌കോര്‍ ചെയ്‌തെങ്കിലും മൈതാനത്ത് തെന്നിയ താരത്തിന്റെ ഇടംകാല്‍ ആദ്യം പന്തില്‍ തട്ടിയിരുന്നു. ആദ്യം ഗോള്‍ അനുവദിച്ച റഫറി, പിന്നാലെ റയല്‍ താരങ്ങള്‍ എതിര്‍പ്പറിയിച്ചതോടെ വാര്‍ പരിശോധിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു.
എന്നാല്‍, റയലിന്റെ നാലാം കിക്കെടുത്ത ലുക്കാസ് വാസ്‌ക്വസിന്റെ ഷോട്ട് തടഞ്ഞിട്ട് ഗോളി യാന്‍ ഒബ്ലാക്, അത്‌ലറ്റിക്കോയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ക്കോസ് ലൊറെന്റെ അടുത്ത കിക്ക് നഷ്ടപ്പെടുത്തിയതോടെ വീണ്ടും നിര്‍ഭാഗ്യം അത്‌ലറ്റിക്കോടെ പിടികൂടുകയായിരുന്നു. റയലിനായി അഞ്ചാം കിക്കെടുത്ത അന്റോണിയോ റൂഡിഗറിന്റെ ഷോട്ട് ഒബ്ലാക്കിന്റെ കൈയില്‍ തട്ടിയിട്ടും വലയില്‍ കയറിയതോടെ മൈതാനത്ത് റയലിന്റെ വിജയാരവമുയര്‍ന്നു.
Content Highlights: Real Madrid precocious to the Champions League quarterfinals aft a melodramatic punishment shootout victory








English (US) ·