രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കലിന് പിന്നാലെ പുതിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ശുഭ്മാന്‍ ഗിൽ ടീമിനെ നയിക്കുമ്പോൾ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കരുൺ നായർ, സായ് സുദർശൻ തുടങ്ങിയ താരങ്ങൾ ടീമിലിടം പിടിച്ചു. അതേസമയം ടീമിലിടം കിട്ടുമെന്ന് പ്രതീക്ഷിച്ച സർഫറാസ് ഖാനെ സെലക്ടർമാർ ഇംഗ്ലണ്ട് പര്യടനത്തിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനായി കടുത്ത തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് താരത്തെ ഒഴിവാക്കി ടീം പ്രഖ്യാപിക്കുന്നത്.
സര്‍ഫറാസ് ഖാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ചില സമയത്ത് നല്ല തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ആദ്യ ടെസ്റ്റില്‍ സര്‍ഫറാസ് സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ചിലസമയങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ ടീം മാനേജ്‌മെന്റാണ് എടുക്കുന്നത്. - അഗാര്‍ക്കര്‍ പറഞ്ഞു.
മുംബൈ താരമായ സർഫറാസ് ഖാൻ ഇംഗ്ലണ്ട് പര്യടനത്തിനായി കടുത്ത തയ്യാറെടുപ്പിലായിരുന്നു. ശരീരഭാരം കുറച്ചും ബാറ്റിങ് പരിശീലനം നടത്തിയുമായിരുന്നു തയ്യാറെടുപ്പ്. അതിനിടെയാണ് ഇന്ത്യൻ ടീമിൽ സർഫറാസ് ഇടംപിടിക്കാതിരിക്കുന്നത്. പര്യടനത്തിനായി കടുത്ത തയ്യാറെടുപ്പിലാണെന്നാണ് താരത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാൻ നേരത്തേ പറഞ്ഞിരുന്നു.
'ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് വീട്ടില്‍ നിന്നിറങ്ങും. 15 കിലോമീറ്റര്‍ അപ്പുറമുള്ള മൈതാനത്തിലാണ് പരിശീലനം ചെയ്യുന്നത്. 6.30-ഓടെ അവിടെ എത്തും. കുറച്ച് സമയം വാംഅപ്പ് ചെയ്യും. ഫീല്‍ഡിങ്ങിന് ശേഷം ബാറ്റിങ്ങും പരിശീലിക്കും. രാവിലെ മുഴുവന്‍ റെഡ്‌ബോള്‍ ഉപയോഗിച്ചാണ് ബാറ്റിങ് പരിശീലിക്കുന്നത്. 10.30 ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം പ്രഭാതഭക്ഷണം കഴിച്ച് വിശ്രമിക്കും. വീട്ടില്‍ ഒരു ടര്‍ഫ് ക്രമീകരിച്ചിട്ടുണ്ട്. വിശ്രമിച്ചുകഴിഞ്ഞതിന് ശേഷം ടര്‍ഫില്‍ വീണ്ടും ബാറ്റിങ് പരിശീലനം നടത്തും. 300 മുതല്‍ 500 വരെ സ്വിങ് ബോളുകളാണ് നേരിടുന്നത്. പിന്നീട് സമയം കിട്ടിയാല്‍ ജിമ്മില്‍ പോകും.'- നൗഷാദ് ഖാന്‍ അന്ന് വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ 10 കിലോഗ്രാം ഭാരം കുറച്ചുവെന്നാണ് സര്‍ഫറാസിന്റെ കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സര്‍ഫറാസിന്റെ കുടുംബം മുഴുവന്‍ ഭാരം കുറയ്ക്കുന്ന തിരക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ അടിയന്തരമായി ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സര്‍ഫറാസിന്റെ അച്ഛനും പരിശീലകനുമായ നൗഷാദ് ഖാന്‍ ഒരു മാസത്തിനുള്ളില്‍ 12 കിലോഗ്രാം കുറച്ചു.
ഈ തയ്യാറെടുപ്പുകൾക്കിടെയാണ് താരത്തിന് തിരിച്ചടിയായി ബിസിസിഐയുടെ പ്രഖ്യാപനമെത്തുന്നത്. രഞ്ജി ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് സര്‍ഫറാസിനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തിച്ചത്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം. മാസങ്ങള്‍ക്കിപ്പുറം കിവീസിനെതിരേ നിര്‍ണായകമായ സെഞ്ചുറിയോടെ സര്‍ഫറാസ് തിളങ്ങി. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഭാവിയിലെ താരമെന്ന് പലരും വിശേഷിപ്പിക്കുകയും ചെയ്തു. അതിനിടെയാണ് അപ്രതീക്ഷിതമായ ഈ തിരിച്ചടി.
Content Highlights: sarfaraz khan dropped from england tests








English (US) ·