'ഭാരത് മാതാ കി ജയ്'; ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച്‌ ബോളിവുഡ്

8 months ago 11

Riteish-Deshmukh-Anupam-Kher-Vivek-Agnihotri

അനുപം ഖേർ, റിതേഷ് ദേശ്മുഖ്, വിവേക് അഗ്നിഹോത്രി | Photo: PIB, PTI, AFP

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകരകേന്ദ്രങ്ങള്‍ക്കുനേരേ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ഹാഷ്ടാഗിനൊപ്പം 'ഭാരത് മാതാ കി ജയ്' എന്ന വാക്കുകള്‍ കൂടെ പങ്കുവെച്ചാണ് താരങ്ങളുടെ പ്രതികരണം. നടന്മാരായ അനുപം ഖേര്‍, പരേഷ് റാവല്‍, റിതേഷ് ദേശ്മുഖ്, നിമ്രത് കൗര്‍, സംവിധായകരായ വിവേക് അഗ്നിഹോത്രി, മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ പ്രതികരണവുമായെത്തി.

ഇന്ത്യന്‍ പതാകയുടെ ഇമോജിക്കൊപ്പം ഭാരത് മാതാ കി ജയ് എന്ന് അനുപം ഖേര്‍ എക്‌സില്‍ കുറിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഹാഷ്ടാഗും അനുപം ഖേര്‍ പങ്കുവെച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യന്‍ ആംഡ് ഫോഴ്‌സസ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് കൂപ്പുകൈകളുടെ ഇമോജിയാണ് പരേഷ് റാവല്‍ പങ്കുവെച്ചത്. കശ്മീര്‍ ഫയല്‍സ്‌ സംവിധായകന്‍ വിവേക് അഗ്നിഹോത്രി, എക്‌സില്‍ ജയ്ഹിന്ദ് എന്ന് കുറിച്ചു.

'ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്', എന്നായിരുന്നു റിതേഷ് ദേശ്മുഖ് കുറിച്ചത്. 'നമ്മുടെ പ്രാര്‍ഥനകള്‍ സേനകള്‍ക്കൊപ്പമാണ്. ഒരുരാഷ്ട്രം, നമ്മള്‍ ഒരുമിച്ച് നില്‍ക്കും. ജയ് ഹിന്ദ്, വന്ദേമാതരം', എന്ന് മധുര്‍ ഭണ്ഡാര്‍ക്കര്‍ കുറിച്ചു. 'സൈന്യത്തിനൊപ്പം. ഒരുരാജ്യം, ഒരുദൗത്യം', എന്ന് നിമ്രത് കൗര്‍ പ്രതികരിച്ചു.

അതിനിടെ, തിരിച്ചടിയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശങ്ങളുമായി പാക് സെലിബ്രിറ്റികളായ മഹിറാ ഖാനും ഹാനിയ അമീറും രംഗത്തെത്തിയതായി ഇംഗ്ലീഷ് മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യയില്‍ ഇരുവരുടേയും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ക്ക് വിലക്കുണ്ട്.

പാക് പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളായ എഴുത്തുകാരി ഫാത്തിമ ഭൂട്ടോയുടെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു മഹിറയുടെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ചുട്ടമറുപടി നല്‍കിയത്. പാകിസ്താനിലേയും പാക് അധീനകശ്മീരിലേയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1.44-നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

Content Highlights: Bollywood stars lauded the Indian Army`s Operation Sindoor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article