‘ഭാരിച്ച ചെലവ്’ താങ്ങാനാകില്ല, ട്വന്റി20 പരമ്പരയിൽ ‘‍ഡിആർഎസ്’ ഒഴിവാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

7 months ago 8

ഓൺലൈൻ ഡെസ്ക്

Published: May 27 , 2025 10:43 PM IST

1 minute Read

 X@PCB
പാക്കിസ്ഥാൻ താരങ്ങൾ മത്സരത്തിനിടെ. Photo: X@PCB

ലഹോർ∙ ബംഗ്ലദേശിനെതിരായ പാക്കിസ്ഥാന്റെ ട്വന്റി20 പരമ്പരയിൽ അംപയറുടെ തീരുമാനം അന്തിമമായിരിക്കും!. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അംപയറുടെ തീരുമാനം ചോദ്യം ചെയ്യുന്നതിനുള്ള ‘ഡിആർഎസ് സംവിധാനം’ വേണ്ടെന്നു വയ്ക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഡിആര്‍എസ് ടെക്നോളജിക്കു വേണ്ടിയുള്ള ഭാരിച്ച ചെലവ് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.

പ്രധാന താരങ്ങളില്ലാതെയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ടീം ട്വന്റി20 കളിക്കാൻ പാക്കിസ്ഥാനിലേക്കു പോയത്. സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ ചില താരങ്ങൾ പിൻമാറി. ഐപിഎലിനിടെ വിരലിനു പരുക്കേറ്റ പേസർ മുസ്തഫിസുർ റഹ്മാനും ടീമിൽനിന്നു പുറത്തായി. യുഎഇക്കെതിരായ പരമ്പരയിൽ 2–1ന്റെ നാണംകെട്ട തോൽവി വഴങ്ങിയ ശേഷമാണ് ബംഗ്ലദേശ് ടീം ലഹോറിലെത്തിയത്.

ഇന്ത്യ– പാക്ക് സംഘർഷത്തിനു ശേഷം പാക്കിസ്ഥാൻ സൂപ്പർ ലീഗ് പുനരാരംഭിച്ചപ്പോൾ ഡിആർഎസ് സംവിധാനം ഉണ്ടായിരുന്നില്ല. ബുധനാഴ്ചയാണു ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് ട്വന്റി20 പോരാട്ടങ്ങളും ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണു നടക്കേണ്ടത്. ഇന്ത്യ– പാക്ക് സംഘർഷത്തിനു ശേഷം പാക്കിസ്ഥാനിൽ നടക്കുന്ന ആദ്യ പരമ്പരയാണിത്. സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങൾ പൂർത്തിയാക്കുകയെന്ന വെല്ലുവിളിയാണ് പാക്ക് ക്രിക്കറ്റ് ബോർഡിനു മുന്നിലുള്ളത്.

English Summary:

PCB Takes Huge 'DRS' Call For Bangladesh T20I Series

Read Entire Article