Published: January 04, 2026 02:05 PM IST Updated: January 04, 2026 02:15 PM IST
1 minute Read
മെൽബൺ ∙ വിരമിക്കൽ പ്രഖ്യാപനത്തിൽ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ താൻ നേരിട്ട വിവേചനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞതിനു പിന്നാലെ താരത്തിന്റെ ഭാര്യ റെയ്ച്ചലിനും മക്കൾക്കുമെതിരെയുണ്ടായ സൈബറാക്രമണങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ആഷസ് പരമ്പരയിലെ 5–ാം ടെസ്റ്റോടെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസമാണ് മുപ്പത്തിയൊമ്പതുകാരൻ ഉസ്മാൻ ഖവാജ പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ വംശജനായ താൻ, ടീമിൽനിന്നു വിവേചനം നേരിട്ടിരുന്നതായും താരം വാർത്തസമ്മേളനത്തിൽ തുറന്നുപറഞ്ഞു.
പാക്കിസ്ഥാനില്‍ ജനിച്ച ഖവാജ, ഓസ്ട്രേലിയന്‍ ടീമില്‍ കളിക്കുന്ന ആദ്യ മുസ്‌ലിം ആണ്. കരിയറില്‍ ഉടനീളം വ്യത്യസ്തമായി തന്നെ പരിഗണിച്ചത് അസ്വസ്ഥന്‍ ആക്കിയിരുന്നതായാണ് ഖവാജ തുറന്നടിച്ചത്. പരുക്കിന്റെ സമയത്ത് താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് വംശീയ അധിക്ഷേപത്തിന്റെ സ്വഭാവം ഉണ്ടായിരുന്നെന്നും താരം പറഞ്ഞു. ‘‘ഞാൻ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു മുസ്‍ലിമാണ്, അതില്‍ അഭിമാനിക്കുന്നു. ഞാൻ ഒരിക്കലും ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഭാഗമാകില്ലെന്ന് പലരും പറഞ്ഞു, ഇപ്പോള്‍ എന്നെ നോക്കു...’’– താരം പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഖവാജ ഭാര്യ റെയ്ച്ചലിലേക്കും മക്കളിലേക്കും ശ്രദ്ധ തിരിഞ്ഞത്. സൈബറാക്രമണങ്ങളുടെ നിരന്തരമായ ഇരയാണ് റെയ്ച്ചൽ ഖവാജ. ഡിസംബറിൽ സിഡ്നിയിലെ ബോണ്ടയ് ബീച്ചിൽ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഖവാജയ്ക്കും ഭാര്യ റെയ്ച്ചലിനും നേരേ വ്യാപകമായ സൈബറാക്രമണം ഉണ്ടായിരുന്നു. ബോണ്ടയ് ബീച്ചിൽ നടന്ന ഹനുക്ക എന്ന ജൂത ആഘോഷത്തിൽ എത്തിയവർക്കു നേരേയുണ്ടായ വെടിവയ്പിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ പാക്ക് വംശജരാണെന്നു റിപ്പോർട്ടു വന്നതോടെയാണ് ഖവാജയ്ക്കും കുടുംബത്തിനുമെതിരെ വിമർശനം ഉയർന്നത്.
തന്റെ പെൺമക്കളായ ഐഷ, ഐല എന്നിവർക്കു നേരെ വരെ ഉയർന്ന വിദ്വേശ കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ റെയ്ച്ചൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘‘കഴിഞ്ഞ ആഴ്ചയിൽ ഞങ്ങൾക്ക് ലഭിച്ച ചില കമന്റുകളുടെ ഒരു ചെറിയ സാംപിൾ ഞാൻ ശേഖരിച്ചു. ഇത് പുതിയതാണ്, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഞങ്ങൾക്ക് എപ്പോഴും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പക്ഷേ അവ കൂടുതൽ വഷളായിരിക്കുന്നു.’’ ചില കമന്റുകളിൽ ഖവാജയുടെയും റെയ്ച്ചിലിന്റെ മക്കളെ ‘ഭാവിയിൽ സ്കൂൾ ആക്രമിക്കുന്നവർ’ എന്ന ആക്ഷേപിച്ചപ്പോൾ മറ്റു ചിലർ ‘പാക്കിസ്ഥാനിലേക്ക് മടങ്ങി പോകൂ’ എന്നാണ് കമന്റിട്ടത്.
ഇസ്‍ലാമോഫോബിയയ്‌ക്കെതിരെയാണെങ്കിലും വംശീയതയ്‌ക്കെതിരെയാണെങ്കിലും ഐക്യത്തോടെ തുടരേണ്ടത് പ്രധാനമാണെന്നും റെയ്ച്ചൽ കൂട്ടിച്ചേർത്തു. ഖവാജയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇവ വീണ്ടും ചർച്ചാവിഷയമാകുകയായിരുന്നു. 2017ലാണ് ഖവാജയും റെയ്ച്ചലും വിവാഹിതരായത്. ഇതിനു മുന്നോടിയായി റെയ്ച്ചൽ, ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നി, ബ്രിസ്‌ബെയ്ൻ എന്നിവടങ്ങളിലായിട്ടായിരുന്നു റെയ്ച്ചലിന്റെ ജനനവും കുട്ടിക്കാലവും. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്ന് മാർക്കറ്റിങ്ങിൽ ഉന്നത വിദ്യാഭ്യാസം നേടി. ഈ സമയത്ത് 2015ലാണ് ഖവാജയെ പരിചയപ്പെടുന്നത്. 2016ൽ വിവാഹനിശ്ചയവും 2017ൽ വിവാഹവും കഴിഞ്ഞു.
7ക്രിക്കറ്റ് എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടറും അവതാരകയുമാണ് നിലവിൽ റെയ്ച്ചൽ. 2010–11ൽ നടന്ന ആഷസ് പരമ്പരയിലാണ് ഖവാജ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഓസ്ട്രേലിയയ്ക്കായി 87 ടെസ്റ്റുകളിൽ 16 സെഞ്ചറി സഹിതം 6206 റൺസ് നേടിയിട്ടുണ്ട്.
English Summary:








English (US) ·