28 April 2025, 04:50 PM IST

ഷാഹിദ് അഫ്രീദി | AP
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദി. ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്ന് അഫ്രീദി പറഞ്ഞു. പാകിസ്താനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും അഫ്രീദി വിമര്‍ശിച്ചു.
ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. എന്നിട്ടാണ് അവര്‍ സ്വയം വിദ്യാസമ്പന്നരായ ആളുകളാണെന്ന് പറയുന്നത്.'- അഫ്രീദി കൂട്ടിച്ചേര്‍ത്തു.
'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്താനെ കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് എട്ട് ലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യമുണ്ട് കശ്മീരില്‍. എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കാത്ത കഴിവില്ലാത്തവരാണ് നിങ്ങളെന്നാണ് ഇതര്‍ഥമാക്കുന്നത്.'- അഫ്രീദി പ്രതികരിച്ചു.
അടുത്തിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച ഒട്ടേറെ യുട്യൂബ് ചാനലുകള്‍ നിരോധിച്ചതിന്റെ കൂട്ടത്തിലാണ് അക്തറിന്റേതും നിരോധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി.
ഏപ്രില്‍ 22-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പഹല്‍ഗാമിലെ ബൈസാരണ്‍ വാലിയില്‍ ഭീകരാക്രമണമുണ്ടായത്. 25 ടൂറിസ്റ്റുകളും ഒരു കശ്മീര്‍ സ്വദേശിയുമുള്‍പ്പെടെ 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല് ഭീകരര്‍ രണ്ട് സംഘമായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്.
Content Highlights: Shahid Afridis disapproval of Indian media implicit Pahalgam attack








English (US) ·