നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ പരോക്ഷപ്രതികരണവുമായി നടന്‍ നിവിന്‍ പോളി. സ്വന്തം കാര്യംമാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിന് ഉടമയാവുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നടി മഞ്ജു വാര്യരും പരിപാടിയില്‍ അതിഥിയായി പങ്കെടുത്തിരുന്നു.
'വരുന്ന വഴി ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് കണ്ടു. നല്ല ഹൃദയമുണ്ടാവട്ടെ എന്നാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. എല്ലാവര്‍ക്കും പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ലകാര്യമാണ്. അങ്ങനെയുള്ള ഒരുപാടുപേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരേയും ജീവിതത്തില്‍ അഭിമുഖിക്കേണ്ടിവരാറുണ്ട്. സ്വന്തംകാര്യംമാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന അങ്ങനെയുള്ള രീതിയിലുള്ള ആളുകളും നമ്മള്‍ മുമ്പില്‍ കാണുന്നുണ്ട്. അവരോട് എല്ലാവരോടും എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക. പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുമ്പോട്ടുപോവാന്‍ എല്ലാവര്‍ക്കും സാധിക്കും', എന്നായിരുന്നു നിവിന്റെ വാക്കുകള്‍.
'എനിക്ക് കഴിഞ്ഞവര്‍ഷം ഒരു പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ കൂടെ ഏറ്റവും കൂടുതല്‍ നിന്നത് പ്രേക്ഷകരാണ്. ജനങ്ങളാണ്, നിങ്ങളാണ് നിന്നത്. ഞാന്‍ ഏത് വേദിയില്‍ പോയാലും എല്ലാവരോടും നന്ദി പറയാറുണ്ട്, നിങ്ങളോടും നന്ദി പറയുകയാണ്. ഒരുസംശയവും തോന്നാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. സ്ത്രീ- പുരുഷ വേര്‍തിരിവില്ലാതെ എല്ലാവരും എന്റെ കൂടെ നിന്നിരുന്നു. അതിന് എല്ലാവരോടും നന്ദി. പുതിയ നല്ല സിനിമകളുമായി ഇനിയും നിങ്ങളുടെ മുന്നില്‍ വരും', നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍ വിവാദമായിരുന്നു. നടന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. നടന്‍ ഇനിയും തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.
ലിസ്റ്റിന്റെ ആരോപണം നിവിന്‍ പോളിക്കെതിരെയാണെന്ന് പിന്നാലെ വ്യാപകപ്രചാരണമുണ്ടായി. ലിസ്റ്റിന്‍ നിര്‍മിക്കുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തില്‍ നിന്ന് നായകനായ നിവിന്‍ പോളി ഇറങ്ങിപ്പോയതാണ് ലിസ്റ്റിനെ പ്രകോപിപ്പിച്ചത് എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് തള്ളി ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ രംഗത്തെത്തിയിരുന്നു.
താന്‍ പറഞ്ഞ നടന്‍ നിവിന്‍ പോളി ആണോ എന്ന ചോദ്യത്തിന്, ആണെന്നോ അല്ലെന്നോ മറുപടി പറയാന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ലിസ്റ്റിന്‍ തയ്യാറായിരുന്നില്ല. 'നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാനെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞികുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്',- എന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
Content Highlights: Actor Nivin Pauly indirectly addresses the contention surrounding Listin Stephen`s statement
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·