ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ ഒഫീഷ്യൽ പാനലിൽനിന്ന് പുറത്താക്കണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളിയിരുന്നു. വിഷയത്തിൽ പൈക്രോഫ്റ്റിന് ചെറിയ പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഐസിസി നിലപാടെടുത്തത്. മാച്ച് റഫറിയെ നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെട്ടത് ഐസിസിയുടെ പുതിയ സിഇഒ സൻജോങ് ഗുപ്തയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രിക്ക്ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സഞ്ജോഗ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഐസിസി പാകിസ്താന്റെ ആവശ്യത്തിന് വഴങ്ങിയില്ലെന്ന് ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു. പൈക്രോഫ്റ്റിനെ നീക്കം ചെയ്യാൻ തക്കതായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിസിബിയുടെ ആവശ്യത്തോട് കർശനമായ നിലപാട് സ്വീകരിച്ചത്. ഒരു ആഭ്യന്തര അന്വേഷണം നടത്തുകയും പെരുമാറ്റച്ചട്ടമോ ഔദ്യോഗിക നടപടിക്രമങ്ങളോ ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിൽ ഐസിസിയെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
2025 ജൂലൈയിലാണ് സൻജോങ് ഐസിസിയുടെ സിഇഒയായി നിയമിതനാകുന്നത്. ഐസിസിയുടെ ഏഴാമത്തെ സിഇഒയാണ്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സൻജോങ് ഗുപ്ത. പത്രപ്രവർത്തകനായി കരിയർ ആരംഭിച്ച സൻജോങ് 2020-ൽ സ്റ്റാർ ഇന്ത്യയിലേക്ക് ചേക്കേറുകയായിരുന്നു. 2020-ൽ ഡിസ്‌നി ആൻഡ് സ്റ്റാർ ഇന്ത്യയുടെ സ്‌പോർട്‌സ് വിഭാഗം മേധാവിയായി. ഓസ്‌ട്രേലിയക്കാരൻ ജെഫ് അല്ലാർഡൈസിന്റെ പിൻഗാമിയായിട്ടാണ് ഐസിസിയിലേക്കെത്തുന്നത്.
ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ മറ്റേയാൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ നായകന് ഒരു സന്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തിയത്. വിവാദത്തിൽ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന് കാര്യമായ പങ്കില്ലാതിരിക്കെ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി വിലയിരുത്തി.
പാക് ബോർഡിന്റെ ആവശ്യം നിരസിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഎഇക്കെതിരായ മത്സരത്തിൽനിന്ന് ടീം പിന്മാറുമെന്ന പ്രതീതിയുയർത്തിയിരുന്നു. എന്നാൽ, പിന്നീട് കളിക്കാൻ തീരുമാനിച്ചു. പാക് ക്രിക്കറ്റ് ബോർഡിന്റെ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് ടീം കളിക്കാനെത്തിയത്. ഒരു മണിക്കൂർ വൈകി പാകിസ്താൻ-യുഎഇ മത്സരം ആരംഭിക്കുകയും ചെയ്തു. ആൻഡി പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരേ കളിക്കാനിറങ്ങിയതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചത്.
Content Highlights: sanjog gupta ICC blocked Pakistans request to region Andy Pycroft








English (US) ·