'അച്ഛൻ കഴിഞ്ഞാൽ എന്നെ സ്വാധീനിച്ച വ്യക്തി ലാലങ്കിളാണ്, നിങ്ങളുടെ ലാലേട്ടൻ എന്റെ ലാലങ്കിളാണ് അദ്ദേഹവുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്... പറയുന്നത് തെലുങ്ക് ഇതിഹാസ താരം മോഹൻ ബാബുവിന്റെ മകനും നടനുമായ വിഷ്ണു മഞ്ചു. താൻ കഥയെഴുതി നായകനായെത്തുന്ന മൾട്ടി സ്റ്റാർ ചിത്രം കണ്ണപ്പയുടെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് അദ്ദേഹം മലയാളികളുടെ സ്വന്തം ലാലേട്ടനെ കുറിച്ച് വാചാലനായത്.
ലാലേട്ടൻ ഒരു സാധാരണ മനുഷ്യനല്ല, അവതാരമാണ് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ചിലരെ ദൈവം ഭൂമിയിലേക്ക് പറഞ്ഞയക്കില്ലേ. അങ്ങനെ ഭൂമിയിലെ ഒരുപാട് പേരുടെ ജീവിതം മികച്ചതാക്കാൻ ദൈവം തിരഞ്ഞെടുത്ത ആളാണ് ലാലങ്കിൾ. വിഷ്ണു പറയുന്നു...
കണ്ണപ്പ കറകളഞ്ഞ ശിവ ഭക്നാണ്. വിഷ്ണു ആരുടെ ഭക്തനാണ് ?
ഞാൻ കടുത്ത ഹനുമാൻ ഭക്തനാണ്. അതുപോലെ ഗണപതി ഭക്തനും. നിത്യവും അവരോടാണ് പ്രാർഥിച്ചുകൊണ്ടിരുന്നത്. ഹനുമാൻ ചാലിസ ദിവസവും ചൊല്ലാറുണ്ട്. പക്ഷേ കണ്ണപ്പ ചെയ്തതിന് ശേഷം ഞാൻ കടുത്ത ശിവഭക്തനായി മാറി. ഇപ്പോൾ ഞാൻ ജീവിക്കുന്നത് തന്നെ ശിവലീലയിലാണ്. ആ പോസിറ്റിവിറ്റിയിലാണ് ഞാൻ മുന്നോട്ടുപോവുന്നത്. സിനിമ ഷൂട്ടിങ്ങ് തീർന്ന ശേഷം 12 ജ്യോതിർലിംഗങ്ങൾ സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. ആ യാത്രയിലെനിക്ക് ലഭിച്ച പോസറ്റീവ് ഊർജം എത്രയാണെന്ന് എനിക്ക് പറഞ്ഞുതരാൻ അറിയില്ല. അനുഭവിച്ച് തന്നെ അറിയണം അത്.
കണ്ണപ്പ എന്ന പേരിനൊപ്പം ത്യാഗം എന്നും കൂട്ടിവായിക്കണം. കണ്ണപ്പയ്ക്ക് വേണ്ടി വിഷ്ണു ചെയത ത്യാഗങ്ങൾ എന്തൊക്കെയാകും ?
അങ്ങനെ ഒരുപാട് ത്യാഗങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. പക്ഷേ കുറച്ച് വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ അങ്ങനെ എന്തെങ്കിലും കണ്ടെത്താൻ സാധിക്കുമായിരിക്കും. പുലർച്ചെ മൂന്ന് മൂന്നരയ്ക്ക് എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോയാൽ തിരിച്ചെത്തുന്നത് പാതിരാത്രിക്ക് ആകും. പക്ഷേ അതിനെ ത്യാഗമെന്ന് വിശേഷിപ്പിക്കാനാകില്ല. എന്റെ കുടുംബത്തെ വിട്ട് കുറേ നാൾ ഞാൻ ന്യൂസിലന്റിലായിരുന്നു സിനിമയുടെ ചിത്രീകരണത്തിനായി. അതൊരു ചെറിയ വിഷമം ആയിരുന്നു.
പത്ത് വർഷത്തോളം ഞാനീ സിനിമയുടെ ഭാഗമായിട്ടുണ്ട്. പത്ത് വർഷം മുമ്പാണ് കണ്ണപ്പയുടെ തിരക്കഥ എനിക്ക് ലഭിക്കുന്നത്. ആ സമയം ഇത്ര വലിയ ബഡ്ജറ്റിൽ ആ സിനിമ ചെയ്യാനാവില്ലെന്നായിരുന്നു അവർ പറഞ്ഞത്. അങ്ങനെ അതിൽ ഞാൻ വീണ്ടും എഴുതി തുടങ്ങി. 2023 ൽ അടുത്ത സിനിമ ഏത് ചെയ്യും എന്ന് ആലോചിച്ചിരുന്ന സമയത്ത് എന്റെ അച്ഛനാണ് പറയുന്നത് ഈ കഥ കയ്യിലെത്തിയിട്ട് കുറേ നാളായില്ലേ വിഷ്ണു അത് തന്നെയാവട്ടെ അടുത്ത സിനിമയെന്ന്. അതോടെ പ്രോജക്ട് ഓൺ ആയി. എല്ലാം വിചാരിച്ചപോലെ തന്നെ വന്നു. പക്ഷേ എല്ലാത്തിലുമുപരി ഇപ്പോൾ ഈ സിനിമ ചെയ്യാൻ പരമേശ്വരൻ എനിക്ക് അനുവാദം തന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ ഈ തലമുറയ്ക്ക് മുന്നിൽ കണ്ണപ്പയുടെ കഥ പറയാൻ ശിവൻ എന്നെ തിരഞ്ഞെടുത്തു എന്നാണ് ഞാൻ കരുതുന്നത്. ഞാൻ പറഞ്ഞില്ലേ ശിവലീലയിലാണ് അതിന്റെ മാജിക്കിലാണ് ഞാനിപ്പോൾ ജീവിക്കുന്നത്.

എന്തുകൊണ്ട് കണ്ണപ്പ ?
63 മഹാഭക്തരുണ്ട് ശിവന്. അതിൽ പതിമൂന്നാമനാണ് കണ്ണപ്പ. കടുത്ത നിരീശ്വരവാദിയായിരുന്ന കണ്ണപ്പ എങ്ങനെ കടുത്ത ശിവഭക്തനായി മാറി, ദൈവത്തെ പുച്ഛിച്ഛ, അവഹേളിച്ച കണ്ണപ്പൻ അത്രയേറെ ഭക്തിയോടെ ശിവനാമം ചൊല്ലിത്തുടങ്ങിയതെങ്ങനെ, ശിവൻ ആവശ്യപ്പെട്ടാൽ സ്വന്തം കണ്ണ് വരെ ചൂഴ്ന്നുകൊടുക്കുന്ന വിധത്തിലുള്ള ഭക്തി കണ്ണപ്പയിൽ വന്ന് ചേർന്നതെങ്ങനെ, ഇതിനെല്ലാം മുന്നേ ദൈവത്തെ അത്രയേറെ വെറുക്കാൻ കാരണമെന്തായിരുന്നു, ഈ ചോദ്യങ്ങൾ എനിക്ക് വലിയ കൗതുകമായിരുന്നു. അതു തന്നെയാണ് എന്തുകൊണ്ട് കണ്ണപ്പ എന്ന ചോദ്യത്തിന് ഉത്തരം.
നായകനായുള്ള ആദ്യ സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസാണ്. അവിടെ നിന്നല്ല പക്ഷേ വിഷ്ണുവിന് മലയാളവും മലയാള സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് അല്ലേ ?
മലയാളം സിനിമയോടൊപ്പമുള്ള, അല്ലെങ്കിൽ മലയാളികൾക്കൊപ്പമുള്ള എന്റെ യാത്ര ആരംഭിക്കുന്നത് എന്റെ ചെറിയ പ്രായത്തിലാണ്. എന്റെ അച്ഛൻ നിരവധി ഹിറ്റ് മലയാള സിനിമകൾ തെലുഗിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. അതിൽ ലാലേട്ടന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുമുണ്ട്. പറഞ്ഞ പോലെ നായകനായുള്ള എന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് സാറാണ്. മാത്രമല്ല, ഉദയപുരം സുൽത്താൻ എന്ന സൂപ്പർഹിറ്റ് ഞാൻ ദേനികൈന റെഡ്ഡി എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ചെറിയ ചില മാറ്റങ്ങൾ വരുത്തിയിരുന്നു, പിന്നീട് അത് എന്തിനും റെഡി എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റി. അതിനും ട്രെയ്ലർ ലോഞ്ചിന് വന്നത് ലാലങ്കിൾ ആണ്. അദ്ദേഹം എന്റെ ജീവിതത്തിലെ സ്ഥിര സാന്നിധ്യമാണ്. സിനിമയ്ക്ക് പുറമേ പറയുകയാണെങ്കിൽ പതിമൂന്ന് തവണ ഞാൻ ശബരിമലയ്ക്ക് പോയിട്ടുണ്ട്. താങ്കൾ പറഞ്ഞത് പോലെ മലയാളവും ഞാനുമായി വളരെ അടുത്ത ബന്ധമുണ്ട്.

ഞങ്ങളുടെ ലാലേട്ടൻ വിഷ്ണുവിന് ലാലങ്കിൾ ആണ് ?
ലാലങ്കിളിനെ ഞാനാദ്യം കാണുന്നത് ചെറിയ കുട്ടിയായിരുന്നപ്പോഴാണ്. എനിക്ക് ഒരു അഞ്ചോ ആറോ വയസ് കാണും. പിന്നീട് അദ്ദേഹത്തെ പലപ്പോഴും കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, അടുത്ത് ഇടപഴകിയിട്ടുമുണ്ട്. എന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. പക്ഷേ കഴിഞ്ഞ പത്ത് വർഷക്കാലത്താണ് ലാലങ്കിളുമായി ഞാൻ കൂടുതൽ അടുക്കുന്നത്. അദ്ദേഹത്തെ എന്താണ് വിശേഷിപ്പിക്കേണ്ടത് എന്നെനിക്ക് അറിയില്ല. ശുദ്ധമായ ഹൃദയമാണ് അദ്ദേഹത്തിന്റേത്.
അച്ഛൻ കഴിഞ്ഞാൻ തന്നെ സ്വാധീനിച്ചത് ലാലങ്കിളാണെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ എന്ത് ഗുണമാണ് അത്രയേറെ വിഷ്ണുവിൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ?
അദ്ദേഹത്തിന്റെ വിശാല മനസ്, അത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഞാനൊരിക്കൽ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്, അങ്കിൾ, നിങ്ങൾ മാജിക് ഷോ ചെയ്യും, സ്റ്റേജ് ഷോ ചെയ്യും, അഭിനയിക്കും, ലെഫ്റ്റനന്റ് കേണൽ പദവി നേടി,ചിത്രം വരയ്ക്കും, യാത്ര ചെയ്യും... ഇങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യും. ഇതിനൊക്കെ സമയം എങ്ങനെയാണ് കണ്ടെത്തുന്നതെന്ന്. നിങ്ങൾ സാധാരണ മനുഷ്യനല്ല, അവതാരമാണ് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ചിലരേ ദൈവം ഭൂമിയിലേക്ക് പറഞ്ഞയക്കില്ലേ. അങ്ങനെ ഭൂമിയിലെ ഒരുപാട് പേരുടെ ജീവിതം മികച്ചതാക്കാൻ ദൈവം തിരഞ്ഞെടുത്ത ആളാണ് ലാലങ്കിൾ. അദ്ദേഹത്തിന്റെ സിനിമകൾ എനിക്കേറെ ഇഷ്ടമാണ്. ചിത്രം, ആറാം തമ്പുരാൻ, കാക്കക്കുയിൽ, നരസിംഹം,ഹരികൃഷ്ണൻസ് ഇതെല്ലാം എന്റെ പ്രിയപ്പെട്ട മോഹൻലാൽ സിനിമകളാണ്. തുടരും കണ്ടശേഷം അദ്ദേഹത്തിന് ഞാൻ വലിയൊരു വാട്സാപ്പ് സന്ദേശം അയച്ചു. ഒരു ഉപന്യാസം പോലുണ്ടായിരുന്നു അത്. അതിനദ്ദേഹം മറുപടി തന്നത് ഇമോജികളാണ്. അത്രയ്ക്ക് നാണക്കാരനാണ് ലാലേട്ടനെന്ന് തോന്നിയിട്ടുണ്ട്.

ലാലേട്ടനിൽ തുടങ്ങി അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് കണ്ണപ്പ. ഇവരെ എങ്ങനെയാണ് സിനിമയുടെ ഭാഗമാക്കിയത് ?
അച്ഛനാണ് ലാലങ്കിളിനോട് വിഷ്ണു വന്ന് ഒരു കഥ പറയുമെന്ന് പറയുന്നത്. എന്തിനാണ് നേരിട്ട് വരുന്നത് ഫോണിലൂടെ പറഞ്ഞാൽ പോരേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തെ ചെന്ന് കണ്ട് കഥ പറഞ്ഞ ശേഷം ഞാൻ പറഞ്ഞു ഒരു ആറേഴ് ദിവസം ന്യൂസിലാന്റിൽ ചിത്രീകരണം ഉണ്ടാകും ബുദ്ധിമുട്ടാവുമെങ്കിൽ ഹൈദരാബാദിൽ ഗ്രീൻ മാറ്റിൽ ചെയ്യാമെന്ന്. അതിനെന്താ മോനേ ഞാൻ വരാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉടനെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കാലിൽ ഞാൻ വീണു, നന്ദി പറഞ്ഞു. കണ്ണപ്പയിൽ വളരെ നിർണായകമായ സമയത്താണ് ലാലേട്ടന്റെ കഥാപാത്രം എത്തുന്നത്. ലാലേട്ടൻ സ്ക്രീനിലെത്തിയാൽ സ്ക്രീനിന് തീപിടിക്കുമെന്ന് ആലങ്കാരികമായി പറയാം. അത്രയ്ക്ക് മികച്ച പ്രടനമാണ്. എന്റെ ഭാഗ്യം എന്ന് തന്നെ പറയണം, കണ്ണപ്പയുടെ കഥ കേട്ട് എല്ലാവരും മറ്റൊന്നും തന്നെ ചിന്തിക്കാതെ ഓകെ പറയുകയായിരുന്നു. എന്റെ ഭാഗ്യമാണത്. ലാലേട്ടൻ ലോകസിനിമയിലെ തന്നെ മികച്ച നടനാണ്. പത്ത് പതിനഞ്ച് മിനിറ്റ് വരുന്ന കഥാപാത്രം ചെയ്യേണ്ട ആവശ്യം എന്താണ് അദ്ദേഹത്തിന്. അദ്ദേഹം അത് സന്തോഷത്തോടെ ചെയ്യാമെന്ന് സമ്മതിച്ചു, ഞാനതിൽ എന്നും കടപ്പെട്ടിരിക്കും.
ജനിച്ചു വീണത് സിനിമാ കുടുംബത്തിലാണ്, ഇതിഹാസങ്ങളെ കണ്ടാണ് വളർന്നത്. ഇതെങ്ങനെയാണ് വിഷ്ണുവിനെ രൂപപ്പെടുത്തിയത് ?
എന്റെ അച്ഛൻ തെലുങ്കിലെ ഇതിഹാസ നടനാണ്. അദ്ദേഹത്തിന്റെ നിഴലിൽ നിന്ന് പുറത്ത് വരുന്നത് കഠിനമായ കാര്യമാണ്. അവർ ഒരുപാട് ജീവിതത്തിൽ നേടിയിട്ടുണ്ട്. തനിയെ പരിശ്രമിച്ച് ഉയർന്ന് വന്നവരാണ്. പക്ഷേ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവരാണ് ഞങ്ങൾ. അവർ കഷ്ടപ്പെട്ടതിൽ പത്ത് ശതമാനം പോലും ഞങ്ങൾ കഷ്ടപ്പെട്ടിട്ടില്ല. ഒരു നടനെന്ന നിലയിൽ എനിക്കൊരു ഡെഫനിഷൻ കണ്ണപ്പ നൽകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
അച്ഛന്റെ സിനിമയിലൂടെ ബാലതാരമായാണ് അഭിനയം തുടങ്ങുന്നത് . അച്ഛൻ പറഞ്ഞ ഏറ്റവും മികച്ച അഭിനന്ദനം ഏതാണ് ?
കണ്ണപ്പ എഡിറ്റ് കഴിഞ്ഞ് കണ്ട ശേഷം എഡിറ്റിങ്ങ് റൂമിൽ നിന്ന് പുറത്ത് വന്ന് അച്ഛൻ ആദ്യം പറഞ്ഞത് - ഡേയ് ഞാൻ സിനിമ കണ്ടോണ്ടിരുന്നപ്പോൾ വിഷ്ണു എന്റെ മകനാണെന്ന് മറന്നു, കണ്ണപ്പയെ മാത്രമേ കണ്ടുള്ളൂ എന്നാണ്. അതെനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അഭിനന്ദനമാണ്.
എന്നാണ് ഇനി മലയാളത്തിലേക്ക് ?
മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. ഒന്നുകിൽ ഒരു പക്കാ കോമഡി റോൾ, അല്ലെങ്കിൽ കിടിലൻ ആക്ഷൻ റോൾ. അധികം വൈകാതെ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Telugu histrion Vishnu Manchu reveals Mohanlal`s profound influence, his devotion
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·