
• തൃശ്ശൂർ മെഡിക്കൽ കോളേജ് മൈതാനത്ത് സുരേഷ് കുട്ടികൾക്ക് പരിശീലനം നൽകുന്നു
തൃശ്ശൂര്‍: 'ചെറിയ പ്രായത്തില്‍ ഗോള്‍ കീപ്പറാകാന്‍ എത്തുന്ന കുട്ടികളാണ് ശോഭിക്കുന്നത്. ആ പ്രായത്തില്‍ അവര്‍ക്ക് ഒന്നിനെയും പേടിയുണ്ടാകില്ല. മത്സരഫലത്തെപ്പറ്റിയും ചിന്തയുണ്ടാകില്ല. എതിരാളി മെസിയായാലും ഐ.എം. വിജയനാണെങ്കിലും അവര്‍ക്കൊരു ലക്ഷ്യം മാത്രമേ ഉണ്ടാകൂ. ബോള്‍ തട്ടിയകറ്റുക'. മെഡിക്കല്‍കോളേജ് മൈതാനത്തെ പരിശീലനത്തിനിടെ സുരേഷ് പറഞ്ഞു.
ആത്മവിശ്വാസം വളര്‍ത്തി ഗോള്‍കീപ്പര്‍മാരെ കളിക്കളങ്ങള്‍ക്ക് സംഭാവന ചെയ്യുന്ന ദൗത്യമാണ് മുളങ്കുന്നത്തുകാവ് സ്വദേശി എ.എം. സുരേഷിന്റേത്. നടക്കാതെ പോയ സ്വന്തം കാല്‍പ്പന്ത് മോഹങ്ങളെ പുതിയ തലമുറയിലൂടെ യാഥാര്‍ഥ്യമാക്കുകയാണ് ഈ പരിശീലകന്‍.
അദ്ദേഹത്തിന്റെ പരിശീലനത്തില്‍ അടുത്തിടെ വിവിധ വിഭാഗങ്ങളില്‍നിന്ന് പത്തോളം കുട്ടികള്‍ ജില്ലാ-സംസ്ഥാന ടീമുകള്‍ക്കായി കുപ്പായമണിഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍. രാവിലെ ഏഴിന് മെഡിക്കല്‍കോളേജ് മൈതാനത്ത് പരിശീലനം തുടങ്ങും. ഓക്സിജന്‍ ഫാര്‍മ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മൈതാനം വൃത്തിയാക്കി പരിപാലിക്കുന്നത്. തുച്ഛമായ ഫീസാണ് വാങ്ങുന്നത്. നിലവില്‍ പല ബാച്ചുകളിലായി അറുപതോളം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പരിശീലനത്തിനെത്തിയ കുട്ടികളുടെ മികവ് വിലയിരുത്തിയാണ് പലരേയും ഗോള്‍വല കാക്കാനായി നിയോഗിച്ചത്. ഇങ്ങനെ സ്വന്തം മകനെയും ഗോള്‍കീപ്പറാക്കി സുരേഷ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ പോസ്റ്റിലെ കാവല്‍ക്കാരനായ സച്ചിനാണ് ആ മകന്‍.
'പന്തുകളി തലയ്ക്കുപിടിച്ച കാലത്ത് വഴികാട്ടാന്‍ ആരുമുണ്ടായില്ല. നാട്ടിലെ ചേട്ടന്‍മാര്‍ക്കൊപ്പം പന്തുതട്ടുമ്പോള്‍ ചെറിയ കുട്ടിയായതിനാല്‍ ഗോളിയാക്കി നിര്‍ത്തും. ഇടയ്ക്കിടെ മികച്ച സേവുകള്‍ നടത്തുമ്പോള്‍ ഇവനെ സ്ഥിരം ഗോള്‍കീപ്പര്‍ ആക്കിയാലോ എന്ന ചിന്ത വന്നു. അങ്ങനെ ഗോള്‍കീപ്പര്‍ ആയി'- സുരേഷ് ഓര്‍ക്കുന്നു. പിന്നീട് തൃശ്ശൂരിലെ പ്രമുഖ സെവന്‍സ് ടീമുകളുടെ ഭാഗമായി. തൃശ്ശൂര്‍ ജിംഖാന, ജയ, പറപ്പൂര്‍ എഫ്‌സി അങ്ങനെ ആ പട്ടിക നീളും. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും ബൂട്ടണിഞ്ഞു. ജീവിതം കെട്ടിപ്പടുക്കാന്‍ പ്രവാസിയായി. എന്നാല്‍ മനസ്സില്‍ കാല്‍പന്തു തീര്‍ത്ത ഓളത്തിന് കുറവുണ്ടായില്ല. ആ വാശിയാണ് മകനെ ഗോള്‍കീപ്പറാക്കി വളര്‍ത്തിയത്.
Content Highlights: A Kerala shot manager nurtures young goalkeepers, galore girls, achieving territory & authorities level suc








English (US) ·