'ഭേദപ്പെട്ട സിനിമയായി തോന്നി'; ദിലീപ് ചിത്രത്തെ പ്രശംസിച്ചതില്‍ വിശദീകരണവുമായി എം.എ ബേബി

7 months ago 10

prince and household  ma baby

പ്രതീകാത്മക ചിത്രം, എം.എ. ബേബി | Photo: Facebook/ Magic Frames, Mathrubhumi

ദിലീപ് നായകനായ ബിന്റോ സ്റ്റീഫന്‍ ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ചതില്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ചിത്രത്തില്‍ അഭിനയിച്ച ആരോപണവിധേയനായ നടനെ താന്‍ ന്യായീകരിച്ചുവെന്ന് തന്റെ വാക്കുകള്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എം.എ. ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍, അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റുചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ തന്നോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും തന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മലയാളികളോടൊപ്പം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' തീയേറ്ററില്‍ കണ്ടശേഷം എം.എ. ബേബി നടത്തിയ പ്രതികരണത്തിന് നേരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുടുംബസമേതം കാണാന്‍ പറ്റിയ സിനിമയാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എന്നായിരുന്നു എം.എ. ബേബി പറഞ്ഞത്.

എം.എ. ബേബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.

കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്.

സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.

ഇക്കാര്യത്തിന് ഇതില്‍ കൂടുതല്‍ അര്‍ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.

തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്.

Content Highlights: CPM General Secretary M.A. Baby clarifies his affirmative reappraisal of `Prince & Family`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article