
പവൻ സിംഗ്, അഞ്ജലി രാഘവ് | ഫോട്ടോ:www.instagram.com/anjaliraghavonline/, www.instagram.com/singhpawan999/
ലഖ്നൗ: പൊതുപരിപാടിയിൽവെച്ച് ഭോജ്‌പുരി നടൻ പവൻ സിംഗ് മോശമായി സ്പർശിച്ചെന്നും ഇക്കാരണത്താൽ ഇനിയൊരിക്കലും ഭോജ്പുരി സിനിമയിൽ അഭിനയിക്കില്ലെന്നും പ്രഖ്യാപിച്ച് നടി അഞ്ജലി രാഘവ്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാൻവി സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ നടിയാണ് അഞ്ജലി രാഘവ്. പവൻ സിംഗും അഞ്ജലിയും അടുത്തിടെ പുറത്തിറങ്ങിയ 'സയാ സേവാ കരേ' എന്ന ഗാനത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു. ഇതിനിടെയാണ് നടിക്ക് പവൻ സിംഗിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതുമുതൽ താൻ അസ്വസ്ഥയാണെന്നും, വേദിയിൽ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ച് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും നടി പറഞ്ഞു. എന്തുകൊണ്ട് ഉടൻ പ്രതികരിച്ചില്ലെന്നും അടിക്കാത്തതെന്താണെന്നും ചിലർ ചോദിച്ചു. തന്നെ ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് ഒരാൾ എന്റെ അനുവാദമില്ലാതെ സ്പർശിച്ചാൽ താൻ സന്തോഷിക്കുമോ അതോ ആസ്വദിക്കുമോ എന്നും അഞ്ജലി ചോദിച്ചു. പവൻ സിംഗിനെ വിമർശിച്ച് അവർ ശനിയാഴ്ച വീഡിയോകളും പുറത്തുവിട്ടു.
"വേദിയിൽ പ്രേക്ഷകരെ അഭിസംബോധന ചെയ്യുമ്പോൾ പവൻ സിംഗ് അവരുടെ അരയിലേക്ക് ചൂണ്ടി അവിടെ എന്തോ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. അത് പിന്നീട് ശരിയാക്കാമെന്ന് കരുതി ഞാൻ ചിരിച്ചുതള്ളി. അതുകൊണ്ടാണ് ഞാൻ ചിരിച്ചുകൊണ്ട് പ്രേക്ഷകരുമായി സംസാരിച്ചത്. പവൻ വീണ്ടും നിർബന്ധിച്ചപ്പോൾ, ശരിക്കും എന്തോ കുടുങ്ങിയിട്ടുണ്ടെന്ന് ഞാൻ കരുതി. പിന്നീട് എന്റെ ടീം അംഗത്തോട് അവിടെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ, ഒന്നുമില്ലെന്ന് അവർ പറഞ്ഞു. അപ്പോഴാണ് എനിക്ക് വളരെ വിഷമം തോന്നിയതും ദേഷ്യം വന്നതും, ഞാൻ കരഞ്ഞുപോയി. എന്നാൽ ആ നിമിഷം എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു." അവർ പറഞ്ഞു.
മോശമായി പെരുമാറിയതിനെക്കുറിച്ച് സ്റ്റേജിന്റെ പിന്നിൽവെച്ച് പവനോട് ചോദിക്കണമെന്ന് കരുതിയിരുന്നെന്ന് അഞ്ജലി പറഞ്ഞു. എന്നാൽ റീലുകൾ എടുത്ത ശേഷം പവൻ പരിപാടിയിൽ നിന്ന് പോയി. അടുത്ത ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിവാദം ഇത്രയും വഷളായെന്ന് തനിക്ക് മനസ്സിലായതെന്നും അവർ പറഞ്ഞു. പവൻ സിംഗിന്റെ പിആർ ടീം വളരെ ശക്തരായതുകൊണ്ട് അവർ വിഷയം തനിക്കെതിരെ തിരിച്ചേക്കാമെന്നും, അതിനാൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും മറ്റുള്ളവർ ഉപദേശിച്ചതായി അഞ്ജലി പറഞ്ഞു.
ഒരു പെൺകുട്ടിയുടെയും അനുവാദമില്ലാതെ അവളെ സ്പർശിക്കുന്നതിനെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. അത് തീർത്തും തെറ്റാണ്. ഈ രീതിയിൽ ഒരാളെ സ്പർശിക്കുന്നത് തെറ്റിനും അപ്പുറമാണ്. ഇതേ സംഭവം ഹരിയാനയിലായിരുന്നു നടന്നതെങ്കിൽ, തനിക്ക് പ്രതികരിക്കേണ്ടിവരില്ലായിരുന്നു. അവിടുത്തെ ജനങ്ങൾ തന്നെ പ്രതികരിച്ചേനെ. പക്ഷേ ഞാൻ ലഖ്‌നൗവിലായിരുന്നു. അതെന്റെ സ്വന്തം നാടായിരുന്നില്ല. ഇനി ഭോജ്‌പുരി സിനിമയിൽ പ്രവർത്തിക്കില്ല. ഒരു കലാകാരി എന്ന നിലയിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ താൻ സ്വന്തം കുടുംബത്തിലും ഹരിയാനയിലെ എന്റെ ജോലിയിലും സന്തുഷ്ടയാണെന്നും അഞ്ജലി രാഘവ് കൂട്ടിച്ചേർത്തു.
Content Highlights: histrion Anjali Raghav speaks retired against Bhojpuri histrion Pawan Singh for touching her inappropriately
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·