മകന് പകരം കരുൺ എങ്ങനെ ടീമിലെത്തിയെന്ന് അഭിമന്യുവിന്റെ പിതാവ്; പിന്നാലെ ക്ലാസ് ഇന്നിങ്സുമായി കരുൺ

5 months ago 8

ലണ്ടന്‍: നാലു വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പം വിവിധ പര്യടനങ്ങളില്‍ പങ്കെടുത്തിട്ടും ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത താരമാണ് അഭിമന്യു ഈശ്വരന്‍. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലും അഭിമന്യു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇതോടെ ബിസിസിഐ സെലക്ടര്‍മാര്‍, കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി അഭിമന്യുവിന്റെ പിതാവ് രംഗനാഥന്‍ ഈശ്വരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു രംഗനാഥന്‍ ഈശ്വരന്റെ വിമര്‍ശനം.

മകനു പകരം കരുണ്‍ നായരെ തിരഞ്ഞെടുത്തതിലെ ഗൗതം ഗംഭീറിന്റെ യുക്തിയേയും അദ്ദേഹം ചോദ്യം ചെയ്തു. 961 ദിവസങ്ങളായി അഭിമന്യു ഇന്ത്യന്‍ ടീം അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. തന്റെ മകനേക്കാള്‍ കരുണ്‍ നായരെ എന്തിനാണ് പരിഗണിക്കുന്നതെന്നും രംഗനാഥന്‍ ഈശ്വരന്‍ ചോദിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ടെസ്റ്റ് അരങ്ങേറ്റത്തിനായി അഭിമന്യു എത്ര ദിവസം കാത്തിരിക്കുന്നുവെന്ന് ഞാന്‍ കണക്കാക്കുന്നില്ല. ഞാന്‍ വര്‍ഷങ്ങളാണ് നോക്കുന്നത്. ഇപ്പോള്‍ മൂന്നു വര്‍ഷമായി. എന്താണ് ഒരു ക്രിക്കറ്റ് താരത്തിന്റെ ജോലി? റണ്‍സ് നേടുക. അവന്‍ അത് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പുള്ള രണ്ട് ഇന്ത്യ എ മത്സരങ്ങളില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്തതാണ് ടീമില്‍ ഇടംലഭിക്കാതിരിക്കാന്‍ കാരണമെന്ന് ആളുകള്‍ പറഞ്ഞു. അത് ന്യായമാണ്. എന്നാല്‍ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കു മുമ്പ് അഭിമന്യു പ്രകടനം നടത്തിയ കാലയളവില്‍ കരുണ്‍ നായര്‍ ടീമില്‍ പോലും ഉണ്ടായിരുന്നില്ല. ദുലീപ് ട്രോഫിക്കോ ഇറാനി ട്രോഫിക്കോ കരുണിനെ തിരഞ്ഞെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോള്‍ അഭിമന്യു 864 റണ്‍സിനടുത്ത് നേടിയിട്ടുണ്ട്. പിന്നെ അവര്‍ എങ്ങനെ താരതമ്യം ചെയ്യും? എനിക്ക് മനസിലാകുന്നില്ല. അവര്‍ കരുണ്‍ നായര്‍ക്ക് ഒരു അവസരം നല്‍കി. ശരിയാണ്, അദ്ദേഹം 800-ലധികം റണ്‍സ് നേടിയിട്ടുണ്ട്. സെലക്ടര്‍മാര്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചു. സെലക്ടര്‍മാര്‍ അഭിമന്യുവിനെ വിശ്വസിക്കാന്‍ തയാറാകണം.'' - രംഗനാഥന്‍ ഈശ്വരന്‍ പറഞ്ഞു.

2021-ലാണ് ബിസിസിഐ സെലക്ടര്‍മാരില്‍ നിന്ന് അഭിമന്യുവിന് ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലും പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സ്റ്റാന്‍ഡ്‌ബൈ താരമായാണ് അഭിമന്യുവിനെ ടീമിലെടുത്തിരുന്നത്. പിന്നാലെ 2022-ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരത്തെ ഔദ്യോഗികമായി ഇന്ത്യന്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതിനു ശേഷം പതിവായി ബാക്കപ്പ് ടോപ്പ് ഓര്‍ഡര്‍ ബാറ്ററായി ദേശീയ ടീമിനൊപ്പം അഭിമന്യു ഉണ്ട്. പക്ഷേ ഇതുവരെ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല.

എന്നാല്‍ ഈ വിമര്‍ശനത്തിനു പിന്നാലെ ഇന്ത്യയ്ക്കായി നിര്‍ണായക സമയത്ത് കരുണ്‍ നായര്‍ ഫോമിലെത്തി. ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനം 98 പന്തില്‍ നിന്ന് 52 റണ്‍സുമായി കരുണ്‍ പുറത്താകാതെ നില്‍ക്കുകയാണ്. ഏഴാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം 51 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടിലും കരുണ്‍ പങ്കാളിയായി. പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുല്ലിന്റെ സാന്നിധ്യം കൂടുതലുള്ള പിച്ചില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ കരുണിനായി. ഒന്നാം ഇന്നിങ്‌സില്‍ ഇനി ഇന്ത്യയുടെ പ്രതീക്ഷ കരുണിലാണ്.

Content Highlights: Abhimanyu Easwaran`s begetter criticizes BCCI selectors and manager Gautam Gambhir for picking KarunNair

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article