
അന്തരിച്ച നടൻ വിഷ്ണുപ്രസാദ് | ഫോട്ടോ: അറേഞ്ച്ഡ്
കൊച്ചി : അച്ഛന്റെ കരളിൽ കൂടുകൂട്ടിയിരുന്ന കുറേ മോഹങ്ങൾക്ക് ജീവൻ പകരാൻ ആ മകൾക്ക് ഒന്നേ നൽകാനുണ്ടായിരുന്നുള്ളൂ, അവളുടെ കരൾ. മകളുടെ കരൾ പകുത്തുകിട്ടുന്ന ജീവിതത്തിലേക്ക് സ്വപ്‌നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരെയും സങ്കടപ്പെടുത്തി വിഷ്ണുപ്രസാദ് മരണത്തിലേക്ക് യാത്രയാകുന്നത്. അച്ഛൻ യാത്രയാകുമ്പോൾ മകൾ അഭിരാമി സങ്കടപ്പെടുന്നതും അതോർത്താണ്, കരൾ പകുത്തുനൽകാൻ താൻ കൊതിച്ചിട്ടും അതിന് വിധിയില്ലാതെ അച്ഛൻ യാത്രയായല്ലോ.
മകളുടെ കരൾ സ്വീകരിക്കാൻ കാത്തു നിൽക്കാതെയാണ് സിനിമ - സീരിയൽ നടനായ വിഷ്ണുപ്രസാദ് യാത്രയാകുന്നത്. കരൾരോഗം മൂർച്ഛിച്ച് ആരോഗ്യാവസ്ഥ തീർത്തും മോശമായതിനാൽ കരൾ മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. അതനുസരിച്ച് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലായിരുന്നു വിഷ്ണുവിന്റെ ഭാര്യ കവിതയും മക്കളായ അഭിരാമിയും അനന്യകയും.

മോഡലും നടിയുമായ അഭിരാമിയുടെ കരൾ പരിശോധന പൂർത്തിയാക്കി അച്ഛന്റെ കരളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. “ശസ്ത്രക്രിയ നന്നായി കഴിയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു വിഷ്ണു. കരൾ മാറ്റിവെച്ച ശേഷം ആറുമാസത്തോളം ആശുപത്രിയുടെ അടുത്ത് തന്നെ താമസിക്കാനുള്ള വീട് വരെ കണ്ടെത്തിയതാണ്. രോഗമെല്ലാം ഭേദമായശേഷം സീരിയലിലേക്കും സിനിമയിലേക്കും ശക്തമായി തിരിച്ചുവരണമെന്നായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. പക്ഷേ ഒന്നിനും സാധിക്കാതെ...” സങ്കടത്താൽ കവിതയുടെ വാക്കുകൾ മുറിഞ്ഞു. സ്‌കൂൾപഠനകാലത്തുതന്നെ നാടകവും മറ്റുമായി അഭിനയരംഗത്തേക്കായിരുന്നു വിഷ്ണുവിന്റെ യാത്ര. ആലുവ വിദ്യാധിരാജ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവങ്ങളിൽ വിഷ്ണു എന്ന നടൻ സജീവ സാന്നിധ്യമായിരുന്നു. പഠനശേഷവും അഭിനയ മോഹത്തിൽ തന്നെയായിരുന്നു വിഷ്ണു യാത്ര തുടർന്നത്.
സിനിമയ്ക്കൊപ്പം സംവിധാനവും ഏറെയിഷ്ടപ്പെട്ടിരുന്ന വിഷ്ണു രോഗം മാറി തിരിച്ചുവരുമ്പോൾ ആ മേഖലയിലും തിളങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു. തമിഴിൽ ടി.വി. സീരിയൽ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു മലയാളത്തിൽ ചില പ്രോജക്ടുകളുടെ ചർച്ചകൾ തുടങ്ങുമ്പോഴാണ് അസുഖബാധിതനാകുന്നത്.
അപ്പോഴും മനസ്സിലുണ്ടായിരുന്ന തീവ്രമോഹം വിട്ടുകളയാതിരുന്ന വിഷ്ണു ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയായിരുന്നു, കരൾരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കും സംവിധാനത്തിലേക്കും ഒരു മടങ്ങിവരവ്.
നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു
കൊച്ചി: സിനിമ, സീരിയൽ നടൻ ആർ. വിഷ്ണുപ്രസാദ് (49) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു. കരൾ നൽകാൻ മകൾ തയ്യാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. ശസ്ത്രക്രിയയ്ക്കുള്ള ചെലവിനായി 30 ലക്ഷത്തോളം രൂപ സമാഹരിക്കാനായി സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മ അടക്കം മുന്നോട്ടുവന്നിരുന്നു.
വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘കാശി’യിലൂടെയാണ് വിഷ്ണുപ്രസാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വില്ലൻ വേഷങ്ങളായിരുന്നു കൂടുതലും കൈകാര്യം ചെയ്തത്. കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, രസികൻ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു.
അച്ഛൻ: ഇടപ്പള്ളി കൃഷ്ണവിലാസത്തിൽ (പനഞ്ചിക്കൽ) പരേതനായ പി.എൻ. രാധാകൃഷ്ണൻ. അമ്മ: പരേതയായ കെ. ശാന്ത രാധാകൃഷ്ണൻ. ഭാര്യ: കവിത. മക്കൾ: അഭിരാമി, അനന്യക. സഹോദരി: വിഷ്ണുപ്രിയ.
മൃതദേഹം ശനിയാഴ്ച രാവിലെ 7 മുതൽ 2 വരെ കാക്കനാട് മില്ലുംപടിയിലെ വസതിയായ ലക്‌സികോ നവോദയ എൻക്ലേവിന്റെ ക്ലബ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 3-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.
Content Highlights: Malayalam histrion Vishnu Prasad, known for his roles successful films and serials, passed away
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·