
സഞ്ജു സാംസണും എം.എസ്.ധോണിയും |ഫോട്ടോ:ANI
തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിട്ട് ചെന്നൈയിലേക്ക് കൂടുമാറുകയാണെന്ന പ്രചാരണം ശക്തമാകുന്നു. സഞ്ജു നിലവില്‍ കാലിഫോര്‍ണിയയിലാണെന്നും മേജര്‍ ക്രിക്കറ്റ് ലീഗില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ(ടിഎസ്‌കെ) മത്സരം അവിടെയാണെന്നുമാണ് ആരാധകരുടെ പുതിയ കണ്ടെത്തല്‍. സിഎസ്‌കെയുടെ ഉടമകള്‍ തന്നെയാണ് ടെക്‌സസിന്റെയും ഉടമകളും. അതിനാല്‍ സഞ്ജു ചെന്നൈയിലേക്കാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ ഇത്തരം പ്രചാരണങ്ങളെല്ലാം നടത്തുന്നത്. ജൂണ്‍ 13-നാണ് യുഎസില്‍ മേജര്‍ ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം ജൂണ്‍ 14-നാണ്. സിഎസ്‌കെയുടെ ഉടമകള്‍ തന്നെയാണ് ടെക്‌സസിന്റെയും ഉടമകളെന്നതിനാല്‍ മലയാളി താരത്തിന്റെ അടുത്ത തട്ടകം ചെന്നൈ തന്നെയെന്ന് ആരാധകര്‍ പറയുന്നു.
ഭാര്യ ചാരുലതയ്‌ക്കൊപ്പം ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ പ്രചാരണങ്ങള്‍ക്കെല്ലാം അടിസ്ഥാനം. ചാരുലതയും സഞ്ജുവും ഒരു റോഡ് മുറിച്ചുകടക്കുന്ന ചിത്രമാണ് രാജസ്ഥാന്‍ നായകന്‍ പങ്കുവെച്ചത്. ഇരുവരും റോഡിലെ മഞ്ഞ വര മുറിച്ചുകടക്കുന്നത് ചിത്രത്തില്‍ കാണാം. 'ടൈം ടു മൂവ്' എന്ന് താരം ചിത്രത്തിന്റെ താഴെ കുറിച്ചു. അതോടെയാണ് സഞ്ജു കൂടാരം മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നത്.
അതേസമയം ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. സഞ്ജുവാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചതുമില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. സഞ്ജുവിന് പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശി മിന്നും ഫോമില്‍ കളിച്ചതുമാത്രമാണ് രാജസ്ഥാന് ആശ്വാസമായത്.
ചെന്നൈയെ സംബന്ധിച്ചും നിരാശ നിറഞ്ഞതായിരുന്നു സീസൺ. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ പത്തും തോറ്റ ചെന്നൈ, ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായിരുന്നു. അവസാന സ്ഥാനത്താണ് ഇത്തവണ ടീമിന് ഫിനിഷ് ചെയ്യാനായത്.
Content Highlights: Sanju Samsons Instagram Post rajasthan chennai transportation rumours








English (US) ·