Published: November 08, 2025 09:31 PM IST
1 minute Read
മുംബൈ∙ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് ട്രോഫി നൽകുന്ന കാര്യത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ മൊഹ്സിൻ നഖ്‍വിയുമായി അനൗദ്യോഗിക ചർച്ച നടത്തിയതായി സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച ഇന്ത്യ, പാക്ക് മന്ത്രി കൂടിയായ മൊഹ്‍സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ തയാറായിരുന്നില്ല. എന്നാൽ ട്രോഫിയുമായി ഗ്രൗണ്ട് വിട്ട നഖ്‍വി , പിന്നീട് അത് ഇന്ത്യയ്ക്കു നൽകാനും കൂട്ടാക്കിയില്ല. നഖ്‍വി കടുംപിടിത്തം തുടർന്നതോടെ ട്രോഫി ഇന്ത്യയ്ക്കു കൈമാറുന്നതും നീണ്ടു.
ഇരു ബോർഡുകളും സംസാരിച്ചത് മഞ്ഞുരുകലിന്റെ സൂചനയാണെന്ന് സൈകിയ വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍ ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, സിഇഒ സാൻജോഗ് ഗുപ്ത എന്നിവരാണ് ചര്‍ച്ചയ്ക്ക് ഇടനിലക്കാരായത്. ‘‘ഇതൊരു മികച്ച തുടക്കമായി വിലയിരുത്താം. ഐസിസി ബോര്‍ഡ് മീറ്റിങ്ങിന്റെ പശ്ചാത്തലത്തിൽ ഇരു വിഭാഗവും മികച്ച രീതിയിൽ തന്നെ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്.’’– സൈകിയ പ്രതികരിച്ചു.
ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലാണ് ട്രോഫി ഇപ്പോഴുള്ളത്. അതേസമയം ഏഷ്യാകപ്പ് ട്രോഫി കയ്യിലേക്കെത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചു. ‘‘ഒടുവില്‍ ട്രോഫി തൊടാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തിന്റെ ട്രോഫി ലഭിച്ചപ്പോൾ ഞാൻ അത് അനുഭവിച്ചതാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് വനിതാ ടീം ലോകകപ്പ് ട്രോഫി നാട്ടിലേക്കെത്തിച്ചു. ഇതും വലിയ ആഹ്ലാദം തരുന്ന കാര്യമാണ്.’’– ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തിനു ശേഷം സൂര്യകുമാർ യാദവ് വ്യക്തമാക്കി.
English Summary:








English (US) ·