മടങ്ങാൻ പറഞ്ഞിട്ടും കേൾക്കാതെ ബവുമ; പരിക്ക് വകവെയ്ക്കാതെ വേദന സഹിച്ച് മൂന്ന് മണിക്കൂർ ക്രീസിൽ

7 months ago 7

14 June 2025, 06:50 PM IST

bavuma-wtc-final-heroics

Photo: Getty Images

അഞ്ചടി നാലിഞ്ച് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയുടെ ഉയരം. ദക്ഷിണാഫ്രിക്കന്‍ ടീമിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞ താരം. എന്നാല്‍, പോരാട്ടവീര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബവുമ തെളിയിച്ചു.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 282 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്നതിനിടെ റയാന്‍ റിക്കെല്‍ട്ടണെയും വിയാന്‍ മള്‍ഡറെയും 70 റണ്‍സിനിടെ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് ബവുമ ഫൈനലിന്റെ മൂന്നാം ദിനം ക്രീസിലേക്കെത്തുന്നത്. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ സ്റ്റീവ് സ്മിത്ത് ക്യാച്ച് കൈവിടുകയും ചെയ്തു. എന്നാല്‍ പിന്നീട് ക്ഷമയും ഏകാഗ്രതയും നിറഞ്ഞ ഇന്നിങ്‌സാണ് നമ്മള്‍ കണ്ടത്. അത്ര അനുഭവസമ്പന്നരില്ലാത്ത ദക്ഷിണാഫ്രിക്കന്‍ മധ്യനിരയാണ് ഇനി വരാനുള്ളത്. ഒരു വിക്കറ്റ് വീണാല്‍ മത്സരം കൈവിട്ടുപോയേക്കുമെന്ന അവസ്ഥ. അവിടെയാണ് ഏയ്ഡന്‍ മാര്‍ക്രത്തിന് പിന്തുണ നല്‍കിയ ബവുമയുടെ ഇന്നിങ്‌സിന്റെ പിറവി.

എന്നാല്‍, വ്യക്തിഗത സ്‌കോര്‍ ആറില്‍ നില്‍ക്കേ കാലിലെ പേശിവലിവിന്റെ രൂപത്തില്‍ വലിയൊരു പ്രതിസന്ധി ബവുമയ്ക്ക് നേരിടേണ്ടതായി വന്നു. മൂന്നാം ദിനം മത്സരം എങ്ങോട്ടുവേണമെങ്കിലും തിരിയാവുന്ന സ്ഥിതി. ടീം ഫിസിയോകള്‍ താരത്തെ പരിശോധിച്ചു. താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുമെന്നാണ് എല്ലാവരും കരുതിയത്. താരത്തോട് റിട്ടയര്‍ ചെയ്യാന്‍ ബാറ്റിങ് കോച്ച് ആഷ്‌വെല്‍ പ്രിന്‍സ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്നാം ദിവസത്തെ ചായക്കുള്ള ഇടവേളയ്ക്കിടെയായിരുന്നു ഇത്. എന്നാല്‍ തന്റെ ജോലി തീര്‍ന്നിട്ടില്ലെന്നു പറഞ്ഞ ബവുമ ക്രീസിൽ തിരിച്ചെത്തുകയായിരുന്നു. കടുത്ത വേദന സഹിച്ചാണ് അദ്ദേഹം ക്രീസില്‍ തുടര്‍ന്നത്. എന്നിട്ടും വേദനയുള്ള കാലുമായി സിംഗിളുകളും ഡബിളുകളും എന്തിന് ട്രിപ്പിളുകളും ബവുമ ഓടിയെടുത്തു. കാല്‍ വേച്ചുവേച്ചു വെച്ച് ഓടുന്ന ബവുമ ദക്ഷിണാഫ്രിക്കന്‍ പോരാട്ടവീര്യത്തിന്റെ തെളിവായി. ആ പോരാട്ടവീര്യമാണ് ഓസീസിന്റെ കരുത്തിനെ മറികടന്നത്.

വേദന സഹിച്ച് രണ്ടിലേറെ സെഷനുകളിലായി മൂന്നു മണിക്കൂറോളം ക്രീസില്‍ ചെലവിട്ടാണ് ബവുമ, മാര്‍ക്രത്തിനൊപ്പം കിരീട വിജയത്തില്‍ നിര്‍ണായകമായ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. 134 പന്തുകള്‍ നേരിട്ട് 66 റണ്‍സെടുത്ത താരം ആകെ 20 റണ്‍സ് മാത്രമാണ് ബൗണ്ടറികളിലൂടെ നേടിയത്. ബാക്കിയെല്ലാം സിംഗിളുകളും ഡബിളുകളും ട്രിപ്പിളുകളുമായിരുന്നു.

Content Highlights: Temba Bavuma`s unthinkable show of grit and determination successful the WTC final

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article