Published: September 26, 2025 07:44 PM IST Updated: September 27, 2025 03:48 AM IST
1 minute Read
-
അഭിഷേക് ശർമയ്ക്ക് വീണ്ടും അർധ സെഞ്ചറി (31 പന്തിൽ 61)
ദുബായ് ∙ ഏഷ്യാകപ്പ് ഫൈനലിസ്റ്റുകൾ തീരുമാനിക്കപ്പെട്ടതിനാൽ പ്രസക്തി നഷ്ടപ്പെട്ട മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കഷ്ടിച്ചു ജയിച്ചു! സൂപ്പർ ഓവർ വരെ ആകാംക്ഷ നീണ്ട മത്സരത്തിൽ ഇന്ത്യയ്ക്കു ചെറിയൊരു ഷോക്ക് സമ്മാനിച്ച ശേഷമാണു ശ്രീലങ്ക തോൽവി സമ്മതിച്ചത്. സ്കോർ: ഇന്ത്യ – 20 ഓവറിൽ 5ന് 202; ശ്രീലങ്ക– 20 ഓവറിൽ 5ന് 202.
സ്കോർ തുല്യമായതോടെ കളി സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 2 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകളും നഷ്ടമാക്കി. വിജയലക്ഷ്യമായ 3 റൺസ് ആദ്യ പന്തിൽ തന്നെ നേടി സൂര്യകുമാർ യാദവ് ടൂർണമെന്റിലെ ഇന്ത്യയുടെ അപരാജിത റെക്കോർഡ് തകരാതെ നോക്കി.
നേരത്തേ, ഇന്ത്യയുടെ സ്കോറായ 202ലേക്ക് അനായാസം ബാറ്റു വീശിയ ശ്രീലങ്കയ്ക്കായി ഓപ്പണർ പാത്തും നിസ്സംഗ (58 പന്തിൽ 107) ടൂർണമെന്റിലെ ആദ്യ സെഞ്ചറി നേടി. കുശാൽ പെരേര (32 പന്തിൽ 58) പിന്തുണ നൽകി. ജസ്പ്രീത് ബുമ്രയുടെയും ശിവം ദുബെയുടെയും അഭാവത്തിൽ ടീമിലെത്തിയ പേസർമാരായ അർഷ്ദീപ് സിങ്ങിനും ഹർഷിത് റാണയ്ക്കും മികച്ച പ്രകടനം നടത്താനായില്ല.
ഏഷ്യാകപ്പിൽ ഉടനീളം തകർപ്പൻ ബാറ്റിങ് പ്രകടനം തുടരുന്ന അഭിഷേക് ശർമയുടെ അർധ സെഞ്ചറി ഇന്നിങ്സാണ് (31 പന്തിൽ 61) പതിവുപോലെ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്. 8 ഫോറും 2 സിക്സറും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ തകർപ്പൻ ഇന്നിങ്സ്.
എന്നാൽ ശുഭ്മൻ ഗില്ലിനും (4) സൂര്യകുമാർ യാദവിനും (12) താളം കണ്ടെത്താൻ കഴിഞ്ഞില്ല. തിലക് വർമയും (34 പന്തിൽ 49 നോട്ടൗട്ട്) സഞ്ജു സാംസണും (23 പന്തിൽ 3 സിക്സും ഒരു ഫോറും സഹിതം 39 റൺസ്) ലങ്കൻ ബോളർമാരെ പറപ്പിച്ചതോടെ ഇന്ത്യ ബിഗ് ടോട്ടലിലേക്കെന്ന സൂചനകളായിക്കഴിഞ്ഞിരുന്നു.
English Summary:








English (US) ·