
വിജയലളിതയും വിജയശാന്തിയും
അഭിനേത്രി എന്ന നിലയില്‍ കഴിവുകളേറെയുണ്ടായിട്ടും സിനിമയില്‍ മേനിപ്രദര്‍ശനം മാത്രമായി ഒതുങ്ങിപ്പോയ നിരവധി കലാകാരികള്‍ മദിരാശിയുടെ ഏതൊക്കയോ കോണുകളില്‍ ഇന്നും അധികമാരും അറിയപ്പെടാതെ ജീവിക്കുന്നുണ്ട്. പണവും പ്രശസ്തിയും മോഹിച്ച് സിനിമയിലെത്തി, ചതിക്കുഴികളില്‍ വീണുപോയവരും ഏറെയാണ്. ഇവരില്‍ പലരുടെയും പച്ചയായ ജീവിതം ത്യാഗരാജന്‍ കണ്ടറിഞ്ഞതാണ്. ശരീരപ്രദര്‍ശനത്തിനപ്പുറം നല്ലൊരു വേഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചവരായിരുന്നു പലരും. പക്ഷേ, സിനിമയ്ക്ക് വേണ്ടത് അവരില്‍ പലരുടെയും ശരീരം മാത്രമായിരുന്നു. അതിനപ്പുറം അവരിലെ അഭിനയശേഷിയെ പുറത്തുകൊണ്ടുവരാനല്ല അക്കാലത്തെ ഭൂരിപക്ഷം സംവിധായകരും നിര്‍മ്മാതാക്കളും ആഗ്രഹിച്ചതും. അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരു മുഖമാണ് തെലുങ്ക് സിനിമയിലെ ഫീ മെയില്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെട്ട നടി വിജയലളിതയുടേത്. നൃത്തരംഗത്ത് അസാമാന്യ കഴിവുള്ള വിജയലളിതയ്ക്ക് അപൂര്‍വമായിട്ടാണെങ്കിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത 'എതിരൊളി' (1970), 'നൂട്രൂക്ക് നൂറ്' (1971) തുടങ്ങിയ ചിത്രങ്ങള്‍ മാത്രം മതി വിജയലളിത എന്ന നടിയുടെ കഴിവുകള്‍ ബോധ്യപ്പെടാന്‍. ത്യാഗരാജന്‍ സിനിമയിലെത്തും മുന്‍പേ ബാലനടിയായി രംഗപ്രവേശം ചെയ്ത വിജയലളിത കന്നഡ സിനിമകളിലായിരുന്നു ഏറെയും മുഖം കാണിച്ചത്.
'ഹൈ നൂണ്‍' എന്ന അമേരിക്കന്‍ ചലച്ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1967ല്‍ ബാപ്പു രചനയും സംവിധാനവും നിര്‍വഹിച്ച തെലുങ്ക് ചിത്രമായ 'സാക്ഷി' വിജയലളിതയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു. പൂര്‍ണമായും ഔട്ട്‌ഡോര്‍ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു സാക്ഷി. ഇരുപത് ദിവസം പോലും തീയേറ്ററുകളില്‍ ഓടില്ലെന്ന് തെലുങ്ക് സിനിമാ വ്യവസായത്തിലെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും, ഏകദേശം ഒരു മാസത്തോളം പ്രദര്‍ശിപ്പിക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തു സാക്ഷി. 1968-ല്‍ സാക്ഷി താഷ്‌കന്റ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് വിജയലളിത അഭിനയിച്ച ഈ ചിത്രത്തിന് ലഭിച്ചത്.
കന്നഡയ്ക്ക് പുറമേ തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി ഇരുനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും എന്തുകൊണ്ടോ മികച്ച അഭിനേത്രി എന്ന നിലയില്‍ വിജയലളിതയ്ക്ക് വളരാനായില്ല. ജയമാരുതിയ്ക്ക് വേണ്ടി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'കൊച്ചിന്‍ എക്‌സ്പ്രസ്സി'ല്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് ത്യാഗരാജന്‍ വിജയലളിതയെ പരിചയപ്പെടുന്നത്. മികച്ച ഒരു നടിയാകണമെന്ന മോഹം അന്നേ അവരിലുണ്ടായിരുന്നു. 'മാസ്റ്റര്‍... അങ്ങനെയൊരു കാലമുണ്ടാകുമോ?'
പലപ്പോഴും ത്യാഗരാജനോട് അവര്‍ ചോദിച്ചുകൊണ്ടിരുന്നു. 'നന്നായി പരിശ്രമിക്കൂ. തീര്‍ച്ചയായും ഉണ്ടാവും' എന്ന ത്യാഗരാജന്റെ വാക്കുകള്‍ വിജയലളിത വിശ്വസിച്ചു.
കൊച്ചിന്‍ എക്‌സ്പ്രസ്സിന് ശേഷമുള്ള നീണ്ട പത്തു വര്‍ഷങ്ങള്‍ ത്യാഗരാജനൊപ്പം ഏറെ ചിത്രങ്ങളിലൊന്നും വിജയലളിതയ്ക്ക് പ്രവര്‍ത്തിക്കാനായില്ല. 1977ല്‍, ഉദയായുടെ നൂറാമത്തെ ചലച്ചിത്രമായ 'കണ്ണപ്പനുണ്ണി'യില്‍ അഭിനയിച്ചതോടെയാണ് നന്നായി ഫൈറ്റ് ചെയ്യാന്‍ വിജയലളിതയ്ക്കാവുമെന്ന് ത്യാഗരാജന് ബോധ്യപ്പെട്ടത്. ആക്ഷന്‍രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന നായകനടന്മാരെപ്പോലെ വിജയലളിതയ്ക്കും അത്തരം സീക്വന്‍സുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് കണ്ണപ്പനുണ്ണിയിലൂടെ അവര്‍ തെളിയിച്ചു. ഷീലയും ജയഭാരതിയുമുള്‍പ്പെടെയുള്ള അഭിനേത്രികളെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യുപ്പിന്റെ സഹായത്തോടെ ത്യാഗരാജന്‍ പങ്കെടുപ്പിച്ചിരുന്നു. പക്ഷേ, ഇത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ മറ്റു നായികനടിമാര്‍ക്കൊന്നുമില്ലാത്ത മെയ്വഴക്കം വിജയലളിത പ്രകടിപ്പിച്ചിരുന്നു. നൃത്തത്തിലെ അവരുടെ സിദ്ധികളാണ് ഇത്തരം രംഗങ്ങളില്‍ കൂടുതല്‍ മിഴിവേകാന്‍ വിജയലളിതയ്ക്ക് തുണയായത്. കണ്ണപ്പനുണ്ണിയിലെ ഉശിരന്‍ സംഘട്ടനരംഗങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന നൃത്തരംഗങ്ങളിലും ഒരുപോലെ ശോഭിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചു. അപ്പോഴും അഭിനയസാധ്യതയുള്ള മികച്ചൊരു വേഷത്തിനായി ആ മനസ്സ് ദാഹിച്ചു. അതവര്‍ പല ഘട്ടങ്ങളിലും ത്യാഗരാജനോട് തുറന്നു പറയുകയും ചെയ്തു. കന്നഡയിലും തമിഴിലും തെലുങ്കിലുമൊക്കെ വന്ന മിക്ക ആക്ഷന്‍ ചിത്രങ്ങളിലും വിജയലളിതയുടെ നിറഞ്ഞ സാന്നിധ്യമുണ്ടായി. എന്നിട്ടും ഒരു ആക്ഷന്‍ ഹീറോയിന്‍ പദവി അവര്‍ക്ക് ലഭിച്ചതുമില്ല. ഒരുപക്ഷേ വിജയലളിതയ്ക്ക് മുന്‍പ് ആക്ഷന്‍ രംഗങ്ങള്‍ ഇത്രയേറെ മനോഹരമായി അവതരിപ്പിച്ച മറ്റൊരു അഭിനേത്രി ത്യാഗരാജന്റെ അനുഭവത്തിലില്ല.

മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രമായ 'തച്ചോളി അമ്പു' വില്‍ മനോഹരമായ ഒരു ഗാനരംഗത്തായിരുന്നു വിജയലളിത പ്രത്യക്ഷപ്പെട്ടത്. 'മകരമാസ പൗര്‍ണമിയില്‍ മധുമാസ പൂമഴയില്‍..' എന്നാരംഭിക്കുന്ന ആ പാട്ടുസീന്‍ കാണുമ്പോഴറിയാം വിജയലളിതയുടെ ടാലന്റ്. ചരിത്രപരമായി വലിയ സ്ഥാനമുള്ള തച്ചോളി അമ്പുവിലെ ഒറ്റ സീനില്‍ മാത്രം ഒതുങ്ങിപ്പോയതില്‍ അവര്‍ക്ക് വലിയ നിരാശയുണ്ടായിരുന്നു. ഷൂട്ടിങ് നാളുകളില്‍ വിജയലളിത അത് ത്യാഗരാജനോട് തുറന്നുപറഞ്ഞു. 'ഷീലയ്ക്കും ജയഭാരതിയ്ക്കുമിടയില്‍ നായികയായി വരണമെന്ന അതിമോഹമൊന്നും എനിക്കില്ല മാസ്റ്റര്‍. എന്നാലും ഒരു നടിയെന്ന നിലയില്‍ എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒരു ചെറിയ റോളെങ്കിലും എനിക്ക് തന്നൂടെ മാസ്റ്റര്‍.' റോളുകളിലേക്ക് ആര്‍ട്ടിസ്റ്റിനെ നിശ്ചയിക്കേണ്ടത് ത്യാഗരാജനായിരുന്നെങ്കില്‍ തീര്‍ച്ചയായും വിജയലളിത എന്ന നടിയുടെ കരിയറില്‍ ശക്തമായ കഥാപാത്രങ്ങള്‍ ഉണ്ടാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നൃത്തരംഗങ്ങളിലും ആക്ഷന്‍ സീനുകളിലും മിന്നിമറിയുന്ന മുഖമായി വിജയലളിത മാറിക്കൊണ്ടിരുന്നു. ഉദയായുടെ 'സഞ്ചാരി'യുടെ ലൊക്കേഷനിലിരുന്ന് വിജയലളിത പറഞ്ഞു.' മാസ്റ്റര്‍ ശരിക്കും ഈ ജീവിതത്തോട് മടുപ്പ് തോന്നുന്നു. പണത്തിനും പ്രശസ്തിക്കുമപ്പുറം ഒരാര്‍ട്ടിസ്റ്റ് ആഗ്രഹിക്കുന്നത് നല്ല വേഷങ്ങള്‍ കിട്ടണമെന്നല്ലേ. എന്തുകൊണ്ടോ എനിക്ക് ആ ഭാഗ്യം ഇല്ലാതെ പോയി. പിന്നീട് മലയാളത്തില്‍ വിജയലളിതയെ ത്യാഗരാജന് കാണാനായില്ല
തൊണ്ണൂറുകളുടെ ആദ്യപകുതിവരെ തമിഴ് തെലുങ്ക് കന്നഡ ഭാഷാ ചിത്രങ്ങളില്‍ സജീവമായിരുന്നു വിജയലളിത എന്ന അഭിനേത്രി. എണ്‍പതുകളുടെ തുടക്കത്തിലാണ് വിജയലളിതയുടെ സഹോദരിയുടെ മകള്‍ വിജയശാന്തി സിനിമയിലെത്തുന്നത്. തന്റെ പേരിലെ ശാന്തിയ്ക്ക് മുന്‍പില്‍ വിജയലളിതയുടെ പേരിന്റെ ആദ്യവാക്ക് കൂട്ടിച്ചേര്‍ത്താണ് വിജയശാന്തിക്ക് ആ പേരിട്ടത്. ആദ്യകാലങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും വിജയലളിതയെ പോലെ ആക്ഷന്‍ സീനുകളില്‍ വലിയ കഴിവുകളാണ് വിജയശാന്തി പ്രകടിപ്പിച്ചത്. സംഘട്ടനരംഗങ്ങളിലെ ചടുലത വളരെ പെട്ടന്ന് ശാന്തിയെ പ്രശസ്തിയിലേക്കുയര്‍ത്തി. ത്യാഗരാജനുള്‍പ്പെടെയുള്ള സ്റ്റണ്ട്മാസ്റ്റര്‍മാരുടെ ഇടപെടലുകള്‍ ആക്ഷന്റാണി എന്ന വിശേഷണത്തിലേക്ക് അവരെ ഉയര്‍ത്തുകയും ചെയ്തു.
വിജയശാന്തി നായികയായ വൈജയന്തി ഐപിഎസിന്റെ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനായിരുന്നു. ഇതിലെ സ്ട്രീറ്റ് ഫൈറ്റ് വിജയശാന്തിയുടെ സിനിമാ കരിയറിലെ ജ്വലിക്കുന്ന സീക്വന്‍സുകളായി മാറിയത് ആ ഫൈറ്റ് ചിത്രീകരണത്തില്‍ ത്യാഗരാജന്‍ കൊണ്ടുവന്ന പുതുമകള്‍ കൊണ്ടാണ്. അതിനുമുന്‍പ് വളരെ ദീര്‍ഘമായ ഒരു തെരുവ് സംഘട്ടനം സ്‌ക്രീനില്‍ ദൃശ്യമായിരുന്നില്ല. ഫൈറ്റിന്റെ പെര്‍ഫെക്ഷനുവേണ്ടി എത്ര റിസ്‌ക്കെടുക്കാനും വിജയശാന്തി തയ്യാറായിരുന്നു. ഷീലയും ജയഭാരതിയും സീമയും വിധുബാലയും വിജയശ്രീയും സില്‍ക്ക് സ്മിതയും മല്ലികയും കെപിഎസി ലളിതയുമൊക്കെ ത്യാഗരാജന്റെ നിര്‍ദ്ദേശപ്രകാരം സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിജയലളിതയും വിജയശാന്തിയും മാധവിയും ലക്ഷ്മിയുമൊക്കെ കാഴ്ചവെക്കുന്ന പ്രകടനങ്ങള്‍ വിസ്മയാവഹമാണെന്ന് പറയാതെ വയ്യ. ആക്ഷന്‍ സീനുകളില്‍ നായകന്മാരെപ്പോലെ നായികമാരില്‍ ചിലര്‍ ഒട്ടും താഴെയല്ല. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വിജയശാന്തിയെന്ന് ത്യാഗരാജന്‍ പറയും. വൈജയന്തി ഐപിഎസ് എന്ന ഒറ്റ സിനിമ തന്നെ വിജയശാന്തിയെ വിജയലളിതയെപോലെ സില്‍വര്‍ സ്‌ക്രീനിലെ ലേഡി ജെയിംസ് ബോണ്ടാക്കി. സിനിമയില്‍ പെണ്‍ സംഘട്ടനങ്ങള്‍ക്ക് ചാരുത പകര്‍ന്നതില്‍ വിജയലളിതയ്ക്കും വിജയശാന്തിക്കുമുള്ള പങ്ക് വലുതാണ്. ഒപ്പം അത്യന്തം അപകടകരമായ സാഹചര്യത്തില്‍ നായികമാര്‍ക്ക് വേണ്ടി ഡ്യുപ്പായ ഒരു കൂട്ടം ഫൈറ്റര്‍മാര്‍ക്കും!
(തുടരും)
Content Highlights: Discover the communicative of Vijaya Lalitha, Vijaya Shanthi, histrion overshadowed by glamorous roles
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·