മതം മാറ്റാൻ, പീഡിപ്പിക്കാൻ, വേദനിപ്പിക്കാൻ ഒരാളെ ഒപ്പം കൂട്ടുന്നത് പ്രണയമല്ല- കൈതപ്രം 

5 months ago 6

ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം..

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ആദ്യത്തെ പാട്ട്.
യേശുദാസിന്റെ മധുരമൂറുന്ന ശബ്ദത്തിൽ റേഡിയോയിലൂടെ ഈ പാട്ട് ആവർത്തിച്ചാവർത്തിച്ച് കേട്ടവരാണ് എൺപതുകളിലെ തലമുറ. രാമായണക്കാറ്റിനൊപ്പം ചുവടുവെച്ച തൊണ്ണൂറുകളും കടന്ന് റീലുകൾ അടക്കി ഭരിക്കുന്ന മിന്നൽ വള കയ്യിലിട്ട പെണ്ണഴകിന് പിന്നാലെയാണ് മലയാളി. പിന്നിട്ട ഓരോ തലമുറയുടേയും പ്രണയവും കാത്തിരിപ്പും വിരഹവുമാകാൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്കായി. ചന്ദ്രകാന്തം കൊണ്ടുള്ള നാലുകെട്ടിലെ വീണമീട്ടിയ സ്വരകന്യകമാരിൽ നിന്നും പ്രണയം പൊട്ടു തൊട്ട പൗർണമിയെ തൊട്ടു നിൽപ്പുണ്ട്. മൈക്കണ്ണെഴുതിയൊരുങ്ങി വെറുതെ കാണാൻ വെറുതെ മിണ്ടാനുള്ള കാത്തിരിപ്പിനൊപ്പവും കണ്ണീർ പൂവിന്റെ കവിളിൽ തലോടി കടന്നുപോയ പ്രണയത്തോട് നെഞ്ചിൽ നിറച്ചതെല്ലാം കഴിഞ്ഞ കഥയിലെ ഓർമ്മകളായ് മറന്നുകൊള്ളാം എന്നുപറയാനും കൈതപ്രം തലമുറകൾക്കൊപ്പം കൂടി. കവിത തുളുമ്പുന്ന വരികളിൽ നിന്നും ന്യൂജനറേഷന്റെ പുതിയ പ്രണയസമവാക്യത്തിനൊപ്പമെത്തി നിൽക്കുന്ന യാത്രയേക്കുറിച്ച് കൈതപ്രം പറയുന്നു.....

എഴുപത്തിയഞ്ചിന്റെ നിറവിൽ നിന്നുകൊണ്ടാണ് 2K കിഡ്സ് വരെ നെഞ്ചേറ്റിയ മിന്നൽ വളയെന്ന പാട്ട് രചിക്കുന്നത്. പുതിയ തലമുറയെ കയ്യിലെടുത്ത ടെക്നിക്.

തലമുറകൾ മാത്രമല്ലേ മാറുന്നുളളൂ. ഞാൻ മാറുന്നില്ലല്ലോ, സിനിമയുടെ പശ്ചാത്തലം അനുസരിച്ച് എഴുത്ത് മാറി എന്നൊരു മാറ്റം മാത്രമേയുള്ളൂ. മനസ്സുകൊണ്ട് ഞാൻ ഇന്നും ഒരുകുട്ടിയാണ്. രോഗം എന്റെ ശരീരത്തെ പകുതി കീഴടക്കി എന്നല്ലാതെ എന്റെ മനസ്സിനെ അതൊന്നും ബാധിച്ചിട്ടില്ല. കുട്ടികൾക്കൊപ്പം നടന്ന് അവരുടെ അഭിരുചികളും വാക്കുകളും എല്ലാം ഞാൻ പഠിക്കുന്നുണ്ട്. അവർക്കറിയാത്തത് ഞാനും പറഞ്ഞുകൊടുക്കും. കൊണ്ടൽ, മിന്നൽ വള എന്നീ പ്രയോഗങ്ങളൊക്കെ അതിൽപ്പെടും. പ്രകൃതിയും മനുഷ്യനുമായുള്ള അസാധ്യ ബന്ധമായാണ് രഘുവംശത്തിൽ കാളിദാസൻ മിന്നൽ വള എന്ന പ്രയോഗം ഉപയോഗിച്ചത്. അത് സിനിമാ പാട്ടിൽ വന്നപ്പോൾ അതൊരു മഹാകാവ്യത്തിന്റെ ഭാഗമാണെന്ന് പുതിയ തലമുറയും അറിഞ്ഞു.

കഴിഞ്ഞ ദിവസം ആലക്കോട്ടെ ഒരു സ്കൂളിൽ പോയി. അവിടെ ഹാളിൽ ഇരുന്ന കുഞ്ഞുമക്കൾ ഒരേ സ്വരത്തിൽ മിന്നൽ വള പാട്ടുപാടിയത് കേൾക്കാൻ പറ്റിയതാണ് ഏറ്റവും സന്തോഷം. എന്നേക്കാൾ എത്രയോ വലിയവരാണ് പുതിയ തലമുറയിലെ കുട്ടികൾ. ഒരു ഫോൺ പോലും ഇല്ലാത്ത കാലത്ത് ജീവിച്ചയാളാണ് ഞാൻ, അന്നത്തെ തലമുറ ചിന്തിച്ചിട്ടുപോലുമില്ലത്ത എഐ കാലത്തിലാണ് ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത്. ഞാൻ അവരെ നിരീക്ഷിക്കുന്നു അവർക്കൊപ്പം ജീവിക്കുന്നു. നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാൻ പറ്റുക എന്നത് ഒരനുഗ്രഹമായി കരുതുന്നയാളാണ് ഞാൻ. പാട്ടും എഴുത്തുമാണ് എന്റെ ഇഷ്ടങ്ങൾ. ആ ഇഷ്ടങ്ങളെ ഓരോ തലമുറയും നെഞ്ചേറ്റുന്നത് ഭാഗ്യമായാണ് കരുതുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി

എന്നെന്നും കണ്ണേട്ടനിൽ നിന്ന് നരിവേട്ടയിലേക്കുള്ള യാത്രയെക്കുറിച്ച്...

ഒരിക്കൽ , 1975ലാണെന്നാണ് ഓർ‍മ്മ. ഞാൻ മീനച്ചിലാറിന്റെ കരയിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഞാൻ ആരുമല്ല. എഴുത്തില്ല, പാട്ടില്ല. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ. അവിടെ ഇരിക്കുമ്പോൾ എന്തുചെയ്യും എന്ന ഒരാലോചന മനസ്സിലുണ്ടായിരുന്നിരിക്കണം. അന്ന് പുഴയെന്നോട് പറഞ്ഞു. നീ ഇവിടെ ഇരിക്കേണ്ടതില്ല. നീ മുന്നോട്ട് പോ. അവിടുന്നാണാണ് ഞാൻ എഴുന്നേറ്റത്. 50 കൊല്ലമായി ഞാൻ യാത്ര ചെയ്യുകയാണ്. എന്റെ കയ്യിൽ ഉള്ള 13 രൂപയുമായി നാട് വിട്ട് മൂകാംബിക പോയി. സാധാരണക്കാരനായ കൈതപ്രംകാരൻ എഴുത്തുകാരനായത് ആ അമ്മയുടെ കാരുണ്യം കൊണ്ടാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

എങ്ങനേ ഞാൻ ഉറക്കേണ്ടൂ
എങ്ങനെ ഞാൻ ഉണർത്തേണ്ടൂ
എൻ മനസ്സിൻ ആലിലയിൽ

എന്ന പാട്ടുപോലും നീ എന്റെ ഉള്ളിലാണ് അമ്മേ, എന്റെ ഉള്ളിലാണ് കണ്ണാ എന്നാണ് അർഥമാക്കുന്നത്. 1985ൽ കോഴിക്കോട് മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാലത്താണ് ആദ്യത്തെ സിനിമാ പാട്ട് എഴുതുന്നത്. ഫാസിലിന്റെ ചിത്രത്തിൽ പാട്ടെഴുതാൻ ആലപ്പുഴ എത്തണം എന്നാവശ്യപ്പെട്ട് ഒരു ഫോൺ ഒരു ഫോൺ കോൾ വന്നു. അവിടെ ചെന്നപ്പോളാണ് ജെറി അമൽ ദേവിനെ പരിചയപ്പെടുന്നത്. ട്യൂണിട്ട് പാട്ടെഴുതാനൊന്നും എനിക്ക് അന്നറിയില്ല. ജെറിയുടെ ട്യൂൺ കേട്ടപ്പോൾ മൂകാംബികയിലെ സരസ്വതി മണ്ഡപത്തിനടത്തുള്ള ദുന്ദുഭി എന്ന വാദ്യോപകരണം മനസ്സിലേക്ക് ഓർമ വന്നു. അങ്ങനെയാണ് എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ദേവദുന്ദുഭി എന്ന പാട്ട് പിറക്കുന്നത്. അമ്മയാണ് എന്നെക്കൊണ്ട് പാട്ടെഴുതിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഭാസ്കരൻ മാഷും ഒഎൻവിയും വയലാറും ശ്രീകുമാരൻ തമ്പിയുമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടെഴുത്തുകാർ. അവർ സജീവമായിരുന്ന കാലത്ത് തന്നെ എനിക്കും എഴുതാനായി. അവർക്കിടയിൽ എനിക്കും ഒരിടം കിട്ടി. ആരേയും അനുകരിക്കാതെ എന്റേതായ സ്റ്റൈലിൽ എഴുതിയത് കൊണ്ടാവാം എനിക്കെന്റെ യാത്ര തുടരാനാവുന്നുണ്ട്.

എന്റെ നാട്ടുകാരനായ മനോഹരന്റെ മകനാണ് നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹർ. അവനേറെ ആഗ്രഹിച്ചതുകൊണ്ടാണ് നരിവേട്ടയിലേക്ക് എത്തുന്നത്. സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ മ്യൂസിക് ഡയറക്ടർ ട്യൂൺ ശരിയാക്കി വെച്ചിരുന്നു. ഷൂട്ടിങ്ങും പൂർത്തിയായിരുന്നു. ട്യൂൺ കേട്ട് വിഷ്വൽ കണ്ടെഴുതി. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ആ പാട്ട് പൂർത്തിയാക്കാൻ കഴിഞ്ഞു.

ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ
ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ, ഒഎൻവിയുടെ ഈ വരികൾ താങ്കളെ ഏറെ മോഹിപ്പിക്കുന്നതാണ്. അത് പോലെ എഴുതാനാവാത്തതിൽ നിരാശയുണ്ടോ?

കവിയെന്ന് നെഞ്ചിൽ തൊട്ട് പറയാൻ കഴിവില്ലാത്ത ഒരു അക്ഷരജീവിയാണ് ഞാൻ എന്നു തന്നെയാണ് കരുതുന്നത്. ഒഎൻവി എഴുതിയപോലെ എഴുതാൻ കഴിയാത്ത ഞാൻ എന്ത് കവിയാണെന്ന് ചിന്തിച്ചിട്ടുണ്ട്. എനിക്കങ്ങനെ എഴുതാൻ പറ്റിയില്ല. അത്രയേ ഉള്ളൂ ഞാൻ എന്ന ബോധ്യവും എനിക്കുണ്ട്. ആരെയോർത്ത് വേദനിപ്പൂ ചാരു ചന്ദ്രലേഖ എന്ന് ഒഎൻവി എഴുതിയപോലെ എഴുതാൻ കഴിയാത്തൊരു നിസ്സാഹയനാണ് ഞാൻ. സ്നേഹിക്കുന്നവർ എന്നെ പുകഴ്ത്തും പക്ഷെ എനിക്കറിയാം ഞാൻ ആരുമല്ലെന്ന്. എന്റെ വീടിന്റെ ഗേറ്റിൽ കവിയെന്നോ എഴുത്തുകാരനെന്നോ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നോ ബോർഡുവെച്ചിട്ടില്ല. കൈതപ്രം എന്ന് മാത്രമേയുള്ളൂ. ഞാൻ ഒരു സാധാരണ കൈതപ്രംകാരനാണ് അതിൽ ഞാൻ അഭിമാനിക്കുന്നു.

പ്രണയിക്കുന്നവരും വിരഹവേദന അനുഭവിക്കുന്നവരുമെല്ലാം കൈതപ്രത്തിന്റെ പാട്ടുകൾ നെഞ്ചേറ്റിയിട്ടുണ്ട്. പ്രണയത്തെ കുറിച്ച്.

പ്രണയം അന്നും ഇന്നും മനസ്സിലുണ്ട്. അഗാധമാണെന്റെ പ്രണയം അതാണെന്റെ ഊർജ്ജം. എന്റെ രോഗത്തേ പോലും ഞാൻ വെല്ലുവിളിക്കുന്നത് ആ ഊർജ്ജത്തിൽ നിന്നാണ്. എന്റെ പാട്ടിലെ പ്രണയവും വിരഹവും എല്ലാം എന്റേതാണ്. പ്രണയം ഇല്ലാതെ എഴുതാൻ പറ്റില്ല. ശാരീരിക ബന്ധവുമായി അതിന് ബന്ധമില്ല. മനസ്സാണ് പ്രധാനം എന്ന് വിശ്വസിക്കുന്നയാളാണ്. മിന്നൽ വള കയ്യിലിട്ട പെണ്ണഴകിൽ പോലും എന്റെ പ്രണയമുണ്ട്. എത്തി തൊടാൻ എത്തിയാലും ഞാൻ തൊടില്ല. ശരീരം കൊണ്ടല്ല മനസ്സുകൊണ്ട് തൊടേണ്ടതാണ് എൻ്റെ പ്രണയം എന്ന് ഞാൻ കരുതുന്നു. മഴവിൽക്കാവടി സിനിമയുടെ ക്ലൈമാക്സിൽ ഉർവശിയുടെ കഥാപാത്രം മുരുകനെ നോക്കുമ്പോൾ കരയുന്നുണ്ട്. ചിത്രീകരണത്തിനിടയിൽ അത് കണ്ട് ഞാനും കരഞ്ഞു. എന്റെ ഉള്ളിലെ സ്നേഹം അത്രയും തീവ്രമായതുകൊണ്ടാണത്. പ്രണയം മാത്രമല്ല എല്ലാ മനുഷ്യ ബന്ധങ്ങളും എന്റെ പാട്ടിലുണ്ട്. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്നപാട്ടിൽ പാട്ട് പ്രണയവും വിരഹവും മാതൃസ്നേഹവും പിതൃസ്നേഹവും ഉള്ള ഒരു പാട്ടാണ്. എന്റെ മോൻ മദ്രാസിലെ കോളേജിൽ പഠിക്കാൻ പോയപ്പോൾ ഞങ്ങൾ അവനെ യാത്രയാക്കി. പക്ഷെ അവൻ ഫറോക്കിൽ ഇറങ്ങി തിരിച്ച് വീട്ടിലേക്ക് പോന്നു. അത്രയും അടുപ്പമുണ്ട് ഞാനും മകനും തമ്മിൽ അവനുവേണ്ടിയുള്ള താരാട്ട് പാട്ടായിരുന്നു കളിവീടുറങ്ങിയല്ലോയും ഉണ്ണീവാവാവോയും എല്ലാം. അങ്ങനെ എന്റെ ജീവിതവും എന്റെ അനുഭവുമാണ് എന്റെ പാട്ട്. സമാന ഹൃദയരിലേക്ക് എത്തുമ്പോൾ അത് അവർക്കും പ്രിയപ്പെട്ടതാവും.

പ്രണയത്താൽ ജീവൻ നഷ്ടപ്പെടുന്നവരുടേയും മുറിവേൽപ്പിക്കുന്നവരുടേയും കാലം കൂടിയാണിത് അത്തരം ബന്ധങ്ങളെ കുറിച്ച്.

മതം മാറാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ട വാർത്തയാണ് ഒടുവിൽ കേട്ടത്. അത് ദയനീയമാണ്. ഒരു മതവും പരസ്പരം മാറ്റേണ്ടതില്ലെന്നതാണ് എന്റെ കാഴ്ചപ്പാട്. നമ്മുടെ ഉള്ളിൽ ഒരു സത്യം ഉണ്ട് അത് തിരിച്ചറിയാതെ ജീവിക്കുന്നിടത്ത് ഒരു മതത്തിനും പ്രസക്തിയില്ല. പ്രണയിക്കുന്നവരെ നമുക്ക് ഒരിക്കലും വേദനിപ്പിക്കാൻ പറ്റില്ല. എന്റെ പ്രണയത്തെ ഞാൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. മതം മാറ്റാൻ, പീഡിപ്പിക്കാൻ വേദനിപ്പിക്കാൻ ഒരാളെ ഒപ്പം കൂട്ടുന്നത് പ്രണയമല്ല.

കൈതപ്രം ദാമോദരൻ നമ്പൂതിരി

താങ്കൾ സംവിധാനം ചെയ്ത മഴവില്ലിനറ്റം വരെ സിനിമ തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയേക്കുറിച്ച്.

ഒരിക്കൽ ഗൾഫിൽ ഒരു പരിപാടിക്ക് പോയപ്പോൾ അവിടുത്തെ ഒരു ചെറിയ മെഹ്ഫിൽ സദസ്സിലേക്ക് ഒരു സൗദി സ്വദേശി കയറി വന്നു. കളിവീടുറങ്ങിയല്ലോ എന്ന പാട്ട് കേട്ട് അദ്ദേഹം കരയുന്നതാണ് ഞാൻ കണ്ടത്. അയാളോട് സംസാരിച്ചപ്പോളാണ് കേരളവുമായുള്ള ബന്ധത്തെ കുറിച്ച് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പിതാവ് ബദിയടുക്ക സ്വദേശിയും ഉമ്മ പാക് അധീന കശ്മീരിന്റെ ഭാഗവുമായിരുന്നു. ആ വിദേശി മലയാളിയേക്കുറിച്ച് ഞാൻ ആലോചിച്ചു. മലയാളവും അറബിയും കശ്മീരിയും അറിയാം. അയാളുടെ ജീവിതത്തിൽ സൗദി അറേബ്യയും പാകിസ്താനും ഇന്ത്യയുമുണ്ട്. അങ്ങനെ ഒരു വ്യക്തി കേരളത്തിൽ വരുന്നതും കുടുംബ ബന്ധങ്ങൾ തിരിച്ചറിയുന്നതുമാണ് സിനിമയുടെ പ്രമേയം. അതിലൊരു പാകിസ്താനിയെ അഭിനയിപ്പിച്ചപ്പോൾ അതിൽ പലർക്കും എതിർപ്പായി. പക്ഷെ ഈ അടുത്ത് റിലീസിന് സഹായവുമായി ആളുകളെത്തി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. കെഎസ്എഫ്ഡിസിയുടെ തീയേറ്ററുകളിലൂടെ റിലിസ് ചെയ്യിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് പ്രദർശത്തിന് എത്തിക്കണം എന്നാണ് ആഗ്രഹം.

300-ലധികം പാട്ടുകൾ ഇതിനോടകം എഴുതിക്കഴി‍ഞ്ഞു. ഇനിയുള്ള യാത്രയേക്കുറിച്ച്.

ഇനിയും ഒരുപാട് പാട്ടുകൾ എഴുതാനുള്ള ബാല്യം എനിക്കുണ്ട്. മിന്നൽ വളയ്ക്ക് ശേഷം മെഹ്ഫിലിലെ പാട്ട് വന്നു. മാമുക്കോയയുടെ മകൻ ചെയ്യുന്ന പടത്തിന് ഒരു പാട്ട് എഴുതാമെന്ന് ഏറ്റിട്ടുണ്ട്, അങ്ങനെ സിനിമാ പാട്ടുകളുമായി ബന്ധപ്പെട്ട ചർച്ചകൾ പലതും നടക്കുന്നു. തളിപ്പറമ്പിൽ ഒരു സംഗീത ഗ്രാമം തുടങ്ങണം എന്നൊരു ആഗ്രഹം കൂടിയുണ്ട്. അതിനുള്ള ശ്രമങ്ങളും നടക്കുന്നു.

Content Highlights: Kaithapram Damodaran Namboothiri: A Lyrical Journey Through Generations of Malayalam Cinema

ABOUT THE AUTHOR

മാതൃഭൂമി ഡോട്ട് കോം കോഴിക്കോട് ബ്യൂറോയിൽ സീനിയർ കണ്ടന്റ് റൈറ്റർ

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article