ബാനു മുഷ്ത്താഖിന്റെ കരിനാഗങ്ങള്‍ എന്ന കഥ ഹസീന എന്ന പേരില്‍ ചലച്ചിത്രമാക്കിയിയത് വിഖ്യാത സംവിധായകനായ ഗിരീഷ് കാസറവള്ളി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സിനിമയെക്കുറിച്ച് കാസറവള്ളി സംസാരിച്ചതിന്റെ സംക്ഷിപ്ത തര്‍ജമയാണിത്.
താങ്കള്‍ ഒരു സിനിമയ്ക്ക് കഥ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ താത്ത്വികമോ ആയ ചിന്തകളുടെ പ്രേരണയുണ്ടാകുമെന്ന് ഇതിനുമുന്‍പത്തെ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 'ഹസീന' മുസ്ലിം സമുദായത്തിലെ ഒരു സ്ത്രീ തനിക്ക് കിട്ടേണ്ടുന്ന ന്യായത്തിനായി മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പോരാടുന്നതിന്റെ കഥയാണല്ലോ, ഈ കഥ തിരഞ്ഞെടുത്തതിന്റെ പൂര്‍വാപരങ്ങള്‍ ചര്‍ച്ചചെയ്യാം.
എല്ലാ മതങ്ങള്‍ക്കും ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു ഉദ്ദേശ്യം കാണും. മനുഷ്യന് ഭാവനാത്മകവും മാനസികവുമായ കരുത്തുനല്‍കി ജീവിതത്തിന് ഒരു ലക്ഷ്യം പ്രദാനംചെയ്യുക എന്ന ഉദ്ദേശ്യം. പക്ഷേ, മതങ്ങള്‍ സ്ഥാപനവത്കരിക്കപ്പെട്ടതോടെ അതിന്റെ ചുക്കാന്‍പിടിക്കുന്നവര്‍ ഈ ഉദ്ദേശ്യത്തിന് കടകവിരുദ്ധമായ ദിശയിലേക്ക് നീങ്ങി, ജനങ്ങള്‍ക്ക് മോചനം നല്‍കുന്നതിനുപകരം അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചു.
സമൂഹത്തിന് ഒരു ചട്ടക്കൂട് അഥവാ ബന്ധങ്ങള്‍ നല്‍കാനെന്ന വ്യാജേന അവര്‍ നിയമങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. താരതമ്യേന ദുര്‍ബലരും നിസ്സഹായരുമായ സ്ത്രീകള്‍ക്ക് ഈ ബന്ധങ്ങള്‍തന്നെ ബന്ധനങ്ങളായിത്തീര്‍ന്നു. ബാനു മുഷ്ത്താഖ് തന്റെ കരിനാഗങ്ങള്‍ എന്ന കഥയിലൂടെ വെളിപ്പെടുത്തുന്നത് ഈ സത്യമാണ്. ഘടശ്രാദ്ധ എന്ന ചിത്രത്തില്‍ ധ്വനിപ്പിച്ചിരുന്ന അനേകം ഘടകങ്ങളെ മറ്റൊരു മതത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ മനസ്സിലാക്കാനുള്ള സാധ്യത ഈ കഥയിലുള്ളതുകൊണ്ടാണ് ഞാന്‍ ഇത് തിരഞ്ഞെടുത്ത്.
കഥാകൃത്തായ ബാനു മുഷ്ത്താഖ് അത്യന്തം സന്തോഷത്തോടെ അനുമതി നല്‍കി. ഈ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇതൊക്കെ അറിയാമായിരുന്ന ഞങ്ങള്‍ സിനിമയുടെ ചിത്രീകരണവേളയിലും അത്തരം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഭയന്നിരുന്നു. ഭാഗ്യവശാല്‍ മുസ്ലിം സമുദായത്തില്‍നിന്ന് ഒരുവിധ പ്രശ്‌നങ്ങളും സിനിമയുടെ ചിത്രീകരണ വേളയിലോ അതിനുശേഷമോ ഉണ്ടായില്ല. എന്റെ സിനിമകളൊന്നുംതന്നെ വ്യക്തിയെയോ മതത്തെയോ അവഹേളിക്കുന്നവയല്ല. അവയുടെ കെട്ടിടങ്ങളിലുള്ള വിള്ളലുകളെ തുറന്നുകാട്ടുന്ന വിമര്‍ശനാത്മകമായ ഉള്‍ക്കാഴ്ച നേടാനുള്ള ശ്രമങ്ങളാണ് എല്ലാം.
ഫ്‌ളാഷബാക്ക് എന്ന സങ്കേതത്തിലൂടെയാണ് ബാനു മുഷ്ത്താഖ് കഥ പറയുന്നത്. ആ സങ്കേതംതന്നെ അല്‍പംകൂടി വിപുലീകരിച്ച് താങ്കള്‍ ചിത്രത്തിന്റെ വിന്യാസം ഏതാണ്ട് ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ നടക്കുന്നതായി കാണിച്ചിരിക്കുന്നു
ഒരു കഥ തിരഞ്ഞെടുത്തശേഷം അതിന്റെ രചനയില്‍ സുപ്തമായിരിക്കുന്ന ആശയങ്ങളെ വികസിപ്പിക്കുന്ന അഥവാ കഥയുടെ ധാതുവിന് പൂരകമായ പുതിയ വാര്‍പ്പുകള്‍ ചേര്‍ത്തുവെക്കുന്നതിനുള്ള പ്രയത്‌നവുമായി മുന്നോട്ടുപോകുക എന്നതാണ് എന്റെ രീതി. കഥയിലെ ഏതേത് അംശങ്ങളാണ് സമകാലിക സമൂഹവുമായി പ്രതികരിക്കുന്നത്, ഏത് അംശമാണ് സാര്‍വകാലികമായ സംവാദത്തിന് വിഷയമാവുന്നത്, എന്റെ മാധ്യമത്തിന് എത്രത്തോളം ഫലപ്രദമായി അവയെ ഉള്‍ക്കൊള്ളാനാവും എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഈ ഘട്ടത്തിലാണ് പ്രവര്‍ത്തിച്ചുതുടങ്ങുക.
തിരക്കഥ തയ്യാറാക്കുമ്പോഴേ അതിന്റെ ആശയത്തിന് അനുഗുണമായ രൂപത്തെക്കുറിച്ചും നിര്‍മിതിയുടെ സങ്കല്പത്തെക്കുറിച്ചുമുള്ള ആലോചനകള്‍ സജീവമാകും. എന്റെ ചിത്രങ്ങളിലെ സന്ദര്‍ഭങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ പ്രമേയത്തിന്റെ രാഷ്ട്രീയതലം, സംസ്‌കാരികസ്വരൂപം, സാമൂഹികമായ ഉള്‍ക്കാഴ്ച - ഇവയില്‍ ഏതെങ്കിലും ഒന്ന് അഥവാ എല്ലാം ചേര്‍ന്നായിരിക്കും ആവിഷ്‌കാരത്തെ നിശ്ചയിക്കുക. അല്ലാതെ കേവലം കഥമാത്രമല്ല. ഈ ചിത്രത്തിലെ ഹസീന മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് നീതിക്കുവേണ്ടി പോരാടുന്നവളാണ്. ഘടശ്രാദ്ധ എന്ന ചിത്രത്തില്‍ എങ്ങനെ മതപരമായ വിധിയെത്തന്നെ ആവിഷ്‌കാരമായി വികസിപ്പിച്ചെടുത്തുവോ അതേമട്ടില്‍ ഈ ചിത്രത്തില്‍ കഥാപാത്രങ്ങളുെട മതവിശ്വാസത്തെത്തന്നെ രചനാരീതിയാക്കണമെന്നായിരുന്നു എന്റെ ഉദ്ദേശ്യം.
മൂലകഥയില്‍ ആഖ്യാനം ഫ്‌ളാഷ്ബാക്കിലൂടെയാണ് പക്ഷേ, ഫ്‌ളാഷ്ബാക്കായി കഥ പറയുന്ന രീതിക്ക് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അത് 'അലസമായ മനസ്സ് തിരഞ്ഞെടുക്കുന്ന കഥനതന്ത്രമാണ്' എന്നൊരു ചൊല്ല് സിനിമാലോകത്തുണ്ട്. ഇക്കാര്യം പ്രസക്തമാകുന്നത് സിനിമകളില്‍ ഫ്‌ളാഷ്ബാക്ക് തന്ത്രം കഥയെ മുന്നോട്ടുനീക്കുന്ന അഥവാ ജിജ്ഞാസയുണര്‍ത്തുന്ന തന്ത്രമായി ഉപയോഗിക്കുമ്പോഴാണ്. എന്തുകൊണ്ടെന്നാല്‍ അപ്പോള്‍ ഫ്‌ലാഷ്ബാക്ക് കേവലമൊരു തന്ത്രമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അതിനുപകരം ഫ്‌ളാഷ്ബാക്കിനെ ഒരു രചനാരീതിയാക്കി മാറ്റിയാലോ? അപ്പോള്‍ ആവിഷ്‌കാരത്തിന് ഒരു പ്രത്യേക സൗഷ്ഠവം കൈവരുന്നു. ഒപ്പം സൃഷ്ടിക്ക് അതിലൂടെ ഒരു ധ്വനിശക്തിയും.
മൂലകൃതിയുടെ ആരംഭത്തില്‍ കഥ ഫ്‌ളാഷ്ബാക്കിലേക്ക് പോകുന്നു. അതിനെത്തന്നെ വികസിപ്പിച്ച് മൂന്നുനാലുതവണ ഫ്‌ളാഷ്ബാക്ക് എന്ന സങ്കേതം ഉപേയാഗിച്ച് കഥയെ മുന്‍പോട്ടും പിറകോട്ടും തള്ളിയും നീക്കിയും കൊണ്ടുപോവുകയാണെങ്കില്‍ എങ്ങനെയുണ്ടാവുമെന്ന് തിരക്കഥാ രചയിതാക്കളായ ബാനു മുഷ്ത്താഖ്, ബി.എം. ഹനീഫ്, ലക്ഷ്മീപതി കോലാര്‍ എന്നിവരോട് ഞാന്‍ ചോദിച്ചു. അഞ്ചുവട്ടം ഫ്‌ളാഷ്ബാക്ക് ചെയ്യൂ എന്ന് ബി.എം. ഹനീഫ് പറഞ്ഞു. മുസ്ലിങ്ങള്‍ ദിവസം അഞ്ചുനേരം നമസ്‌കാരംചെയ്യും അതുകൊണ്ട് അഞ്ച് എന്നത് അവര്‍ക്ക് വെറുമൊരു സംഖ്യ മാത്രമല്ല, എന്നും അദ്ദേഹം പറഞ്ഞു. അതുകേട്ടപ്പോള്‍ത്തന്നെ എന്റെ മനസ്സില്‍ ചിത്രത്തിന്റെ രൂപം തെളിഞ്ഞുവന്നു.
'ഹസീന' നേടിയ പുരസ്‌കാരങ്ങള്‍
അന്തര്‍ദേശീയം
ബാഴ്‌സലോണ ഫിലിംഫെസ്റ്റിവലില്‍ നല്ല തിരക്കഥയ്ക്കുള്ള പുരസ്‌കാരം
ബാഴ്സലോണ ഫിലിം ഫെസ്റ്റിവലില്‍ ശ്രേഷ്ഠമാനവീയ കഥാഖ്യാനത്തിനുള്ള പുരസ്‌കാരം
ദേശീയം
ഏറ്റവും നല്ല കുടുംബചിത്രം - രജതകമലം
ഏറ്റവും നല്ല നടി - താര
ഏറ്റവും നല്ല വസ്ത്രാലങ്കാരം - ഇസ്രത്ത് നിസാര്‍, എം.എസ്. സ്വാമി
സംസ്ഥാനം
ഏറ്റവും നല്ല സാമൂഹികചിത്രം
ഏറ്റവും നല്ല ബാലനടി - ബോധിനി ഭാര്‍ഗവി
മതപരമായ വിധികളും ചടങ്ങുകളും സിനിമയിലും സാഹിത്യകൃതികളിലും ഉള്‍ക്കൊള്ളിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. കേവലം വിവരണങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഉപാധിമാത്രമായി നില്‍ക്കുകയും കൃതിയുടെ സര്‍ഗാത്മക ഘടകമായിത്തീരാതിരിക്കുകയും ചെയ്‌തേക്കാനിടയുണ്ട്. അഞ്ച് തവണ നമസ്‌കരിക്കുന്നത് ഒരു വിന്യാസമായി ഉപയോഗിക്കുമ്പോള്‍ നമസ്‌കാരം ഒരു രൂപകമാകുന്നു
അതെ. നമസ്‌കാരത്തിന്റെ ക്രിയാവിതാനത്തെത്തന്നെ ഒരു രൂപകമായി ഉപയോഗിച്ചാല്‍ ചിത്രത്തിന്റെ ആകൃതിക്ക് സാംസ്‌കാരികവും മതപരവുമായ ഒരു സ്വരൂപം കൈവരുമെന്ന് തോന്നി. അക്കാരണത്താല്‍ ആദ്യ ദിവസത്തെ പ്രഭാതപ്രാര്‍ഥനയായ ഫജ്റില്‍നിന്ന് ആരംഭിച്ച് അടുത്ത ദിവസത്തെ ഫജ്റില്‍ അവസാനിക്കുന്ന ഒരു ദിവസത്തെ കഥയാക്കി ഇതിനെ ക്രമീകരിച്ചു. ഇതുകൊണ്ട് ഫ്‌ളാഷ്ബാക്ക് എന്ന സങ്കേതത്തിന് ഒരു ചട്ടക്കൂട് ലഭിച്ചതുപോലെ ആവുകയും ചിത്രത്തിന് ഒരു ഉള്‍ക്കാഴ്ച ലഭിക്കുകയും ചെയ്യുമെന്ന് എനിക്ക് തോന്നി. നമസ്‌കാരം അടക്കമുള്ള എല്ലാ ദൈവപ്രാര്‍ഥനകളുടെയും അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളില്‍ ഒന്നാണ് ഹൃദയപരിവര്‍ത്തനം.
ഏതോ അവ്യക്തമായ ശക്തിയെ ആരാധിച്ചുകൊണ്ട് ഭക്ത അഥവാ ഭക്തന്‍ താന്‍ ചെയ്തതിനെ, ചെയ്തുകൊണ്ടിരിക്കുന്നതിനെ, ചെയ്യാനിരിക്കുന്നതിനെ, തന്റെ തീരുമാനങ്ങളെ പരാമര്‍ശിച്ചുകൊണ്ടേയിരിക്കും. അഞ്ച് നമസ്‌കാരങ്ങളുടെ ദിനചര്യയില്‍ ഓരോ നമസ്‌കാരത്തിനുശേഷവും ഒരാള്‍ അഥവാ ഒരുസംഘം സ്വന്തം മനഃപരിവര്‍ത്തനം സാധിക്കുമെന്ന വിധത്തില്‍ കഥയുടെ മേല്‍പ്പുര ഞാന്‍ മാറ്റി. ചിത്രത്തിന്റെ തുടക്കത്തില്‍ ഹസീനയെ പിന്തുണയ്ക്കാന്‍ ആരും തയ്യാറാവുന്നില്ല. പുലര്‍ച്ചെയ്ക്കുള്ള നമസ്‌കാരസമയത്തുതന്നെ മൂന്നു പെണ്മക്കളുമായി വന്ന ഗര്‍ഭിണിയായ ഹസീന സത്യത്തിനും ന്യായത്തിനും വേണ്ടി പള്ളിമുറ്റത്തിരുന്ന് സത്യാഗ്രഹം ചെയ്യുന്നു. അവള്‍ക്ക് ബുദ്ധിയുപദേശിക്കാന്‍ വരുന്ന ഷരീഫ്ക്ക പിന്നീട് തന്റെ നിലപാട് മാറ്റി അവളെ പിന്തുണയ്ക്കുന്നു.
ഉച്ചനേരത്തെ നമസ്‌കാരമാകുമ്പോള്‍ മദ്രസയില്‍ പഠിപ്പിക്കുന്ന മുല്ലയ്ക്കും മനഃപരിവര്‍ത്തനമുണ്ടായി അവളെ പിന്തുണയ്ക്കുന്നു. അസര്‍ നമസ്‌കാരസമയത്ത് സ്‌കൂളില്‍നിന്നു മടങ്ങുന്ന കുട്ടികള്‍, വിശന്നുകരയുന്ന ഹസീനയുടെ മക്കളെക്കണ്ട് അവളോട് അനുകമ്പയുള്ളവരായിത്തീരുന്നു. അസ്തമയത്തിന്റെ പ്രാര്‍ഥനയായ മഗ്രിബിന്റെ വേളയില്‍ മഹല്ലിലെ സ്ത്രീകളും അവളുടെ ഭാഗത്ത് ചേരുന്നു. ഒടുവില്‍ രാത്രിയിലെ ഇശാ നമസ്‌കാരസമയത്ത് പള്ളിയുടെ ചുക്കാന്‍പിടിച്ച് ജമായത്തിനെ മുഴുവന്‍ നിയന്ത്രിക്കുന്ന കല്ലുപോലത്തെ മനസ്സുള്ള മുതവല്ലിയും മാറുന്നു. അടുത്ത ദിവസത്തെ ഫജ്റിന്റെ നേരമായപ്പോഴേക്കും തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട് ദുഃഖിതയായ ഹസീന, സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ജമായത്തിന്റെ സഹായം നിരാകരിക്കുന്നു. ഈ വിധത്തില്‍ ഫ്‌ളാഷ്ബാക്ക് കേവലം തന്ത്രമായി അവശേഷിക്കുന്നില്ല. പകരം അത് കഥാവിന്യാസത്തിന് ഒരു ദര്‍ശനം നല്‍കുന്നു.
ഒരു സിനിമ രചിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ മാനസികസ്ഥിതി, സാമൂഹികവും മതപരവുമായ നിലപാടുകള്‍, സ്ഥാനമാനങ്ങള്‍ എന്നിവമാത്രം പറഞ്ഞാല്‍ മതിയാവില്ല. അവയെ നിവേദിക്കുന്ന കൊച്ചുകൊച്ചു വിവരങ്ങളും വളരെ പ്രധാനമാണ്. അവിടെ വിപര്യാസങ്ങള്‍ കാണുകയാണെങ്കില്‍ ചിത്രാസ്വാദനത്തില്‍ രസഭംഗം അനുഭവപ്പെടും. വേഷം, ആഭരണങ്ങള്‍, ഉപകരണങ്ങള്‍, അംഗചലനങ്ങള്‍, വിശ്വാസം, ആചാരം തുടങ്ങിയ എല്ലാ ഘടകങ്ങളും സാംഗോപാംഗമായി ഏകരൂപമാര്‍ന്ന് തിരശ്ശീലയില്‍ കാണുന്ന ദൃശ്യങ്ങളും ബിംബങ്ങളും സംഭവ്യവും വിശ്വസനീയവുമായിരിക്കണം. ഭൂരിപക്ഷം ഇന്ത്യന്‍ സിനിമകളിലും ഈ സാംഗത്യത്തിന്റെ അഭാവം കാണാവുന്നതിനാല്‍ സിനിമകള്‍ ആധികാരികമായി തോന്നുകയില്ല എന്ന് പറയാറുണ്ടല്ലോ.
ഈ സിനിമ ചെയ്യുമ്പോള്‍ സമഞ്ജസം എന്നുപറയാവുന്ന തരത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ഉത്കണ്ഠ എനിക്കുണ്ടായിരുന്നു. സാധാരണക്കാരായ മുസ്ലിം ജനതയുടെ പ്രശ്‌നങ്ങള്‍ ചിന്താരൂപത്തില്‍ പരോക്ഷമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും പ്രത്യക്ഷമായി കണ്ടിട്ടില്ലായിരുന്നു. അവരുടെ ദിനചര്യകളോ ആചാരാനുഷ്ഠാനങ്ങളോ ഒന്നും തന്നെ എനിക്ക് പരിചിതമല്ലാത്തതുകൊണ്ട് ചിത്രത്തിന് ദോഷങ്ങള്‍ സംഭവിച്ചേക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. എനിക്ക് ചില മുസ്ലിം സുഹൃത്തുക്കളുമായി വളരെ നല്ല സൗഹൃദമുണ്ട്. എന്റെ സിനിമായാത്രയില്‍ ചില ഛായാഗ്രാഹകരും മുസ്ലിങ്ങള്‍ തന്നെയായിരുന്നു. അവരുടെ വീടുകളിലെ ദിനചര്യകളോ മതപരമായ വിശ്വാസങ്ങളോ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. പരിചയം വ്യക്തിപരമായ കാര്യങ്ങളില്‍ പരിമിതമായിരുന്നു. സിനിമ ചെയ്യുമ്പോള്‍ കഥാപാത്രങ്ങളെ കേവലം വൈയക്തികമായി മനസ്സിലാക്കിയാല്‍ പോരാ. ആ കഥാപാത്രങ്ങള്‍ ഒരു വ്യക്തിയെ പ്രതിനിധാനം ചെയ്യുമ്പോള്‍ തന്നെ ഒരു മതത്തെയും സമൂഹത്തെയും സാംസ്‌കാരികാന്തരീക്ഷത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. സിനിമയിലെ ഒരു കഥാപാത്രം ഒരേസമയത്ത് പല ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടാവും. ചിത്രീകരണത്തില്‍ അബദ്ധം പിണയാതിരിക്കാന്‍ ഞങ്ങള്‍ ചില മുസ്ലിം എഴുത്തുകാരുമായി തിരക്കഥ ചര്‍ച്ചചെയ്തു. പ്രജാവാണി പത്രത്തില്‍ ജോലിചെയ്തിരുന്ന ബി.എം. ഹനീഫിനെയും എഴുത്തുകാരിയായ ബാനു മുഷ്ത്താഖിനെയും തിരക്കഥാരചനയില്‍ സഹകരിപ്പിച്ചു. ഒപ്പം ലക്ഷ്മീപതി കോലാറും ഉണ്ടായിരുന്നു.
തിരക്കഥാ രചനയില്‍ ഈ കരുതല്‍ ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് വ്യത്യാസങ്ങളൊന്നും ഉണ്ടാവാന്‍ പാടില്ലല്ലോ. അപ്പോള്‍ സഹായത്തിനെത്തിയത് ബാനുമുഷ്ത്താഖിന്റെ സഹോദരി ഇസ്രത്ത് നിസാര്‍ ആയിരുന്നു. ചിത്രീകരണവേളയില്‍ ദോഷങ്ങളൊന്നും ബാധിക്കാതെ അവര്‍ നോക്കി. ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും ചിത്രത്തില്‍ എന്തെങ്കിലും അപാകങ്ങള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചിത്രം പൂര്‍ത്തിയായശേഷം ഇസ്ലാം മതവിശ്വാസികളായ സാഹിത്യകാരന്മാര്‍ക്കും ചിന്തകര്‍ക്കും മാത്രമായി പ്രത്യേക പ്രദര്‍ശനം ഏര്‍പ്പാടുചെയ്തു. ചിത്രത്തിന്റെ ദര്‍ശനം ഞങ്ങളുടേതാണ്. അക്കാര്യത്തില്‍ ഇടപെടാതെ സാംസ്‌കാരികമായ വിവരങ്ങളില്‍ എന്തെങ്കിലും ലോപദോഷങ്ങളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ അവരോട് അപേക്ഷിച്ചു. അത്തരം ദോഷങ്ങള്‍ ഒന്നുമില്ലെന്ന് അവര്‍ ഉറപ്പുതന്നു.
Content Highlights: manager girish kasaravalli talks astir his movie hasina
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·