Published: April 07 , 2025 04:14 PM IST
1 minute Read
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണി കളി മതിയാക്കേണ്ട സമയമായെന്നു പ്രതികരിച്ച് ചെന്നൈയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ ധോണിയുടെ ബാറ്റിങ് കണ്ടാണ് മുൻ ഓസ്ട്രേലിയൻ താരത്തിന്റെ പ്രതികരണം. ശനിയാഴ്ച എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ചെന്നൈ 25 റൺസ് തോൽവി വഴങ്ങിയിരുന്നു.
ധോണി വിരമിക്കണമെന്നും അനിവാര്യമായതിനെ സ്വീകരിക്കണമെന്നുമായിരുന്നു ഹെയ്ഡന്റെ ‘കമന്റ്’.‘‘ഈ മത്സരം കഴിയുമ്പോൾ തന്നെ ധോണി കമന്റ് ബോക്സിലേക്കു വന്ന് ഞങ്ങൾക്കൊപ്പം ചേരുക. ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു. ഒരുപാടു വൈകുന്നതിനു മുൻപ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയെങ്കിലും അദ്ദേഹം ഈ കാര്യം അംഗീകരിക്കണം.’’– കമന്ററിക്കിടെ ഹെയ്ഡൻ വ്യക്തമാക്കി.
ഡൽഹിക്കെതിരെ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കു വേണ്ടി അർധ സെഞ്ചറി നേടിയ വിജയ് ശങ്കറും എം.എസ്. ധോണിയും ക്രിസീലുണ്ടായിരുന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 26 പന്തുകൾ നേരിട്ട ധോണി 30 റൺസാണ് ആകെ നേടിയത്. ഒരു സിക്സും ഒരു ഫോറും നേടിയ ധോണി നേരിട്ട ആറു പന്തുകളിൽ റണ്‍സൊന്നും ലഭിച്ചില്ല.
അവസാന ഓവറുകളില്‍ വരെ വിജയ് ശങ്കറും ധോണിയും ‘സിംഗിളുകൾ’ ഇട്ടു കളിച്ചതോടെ ചെന്നൈയുടെ വിജയസാധ്യതകൾ ഇല്ലാതായി. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകർ ധോണിക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ മത്സരത്തോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് ഇതു തള്ളിയിട്ടുണ്ട്.
English Summary:








English (US) ·