Published: January 16, 2026 11:58 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വേദിയിലെ അസൗകര്യങ്ങളെക്കുറിച്ചുള്ള പരാതികളെ തുടർന്ന് ബാഡ്മിന്റൻ വേൾഡ് ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) അധികൃതർ നേരിട്ട് വേദി പരിശോധിച്ചു. വേദിയിൽ പ്രാവുകളും കുരങ്ങുകളും എത്തുന്നതും കോർട്ടുകളുടെ വൃത്തിക്കുറവും ശ്രദ്ധയിൽപെട്ടതായി ബിഡബ്ല്യുഎഫ് പ്രതിനിധികൾ അറിയിച്ചു. പരാതികളിൽ ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ ഉടൻ നടപടിയെടുത്തതിനാൽ ഓഗസ്റ്റിൽ ലോക ചാംപ്യൻഷിപ് ഇതേവേദിയിൽ നടക്കുമെന്നും അവർ പറഞ്ഞു.
വ്യാഴാഴ്ച നടന്ന ഇന്ത്യ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയും സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവും തമ്മിലുള്ള പുരുഷ സിംഗിൾസ് രണ്ടാം റൗണ്ട് മത്സരത്തിനിടെശ കോർട്ടിൽ പക്ഷി കാഷ്ഠിച്ചതു മൂലം രണ്ടു തവണ നിർത്തിവയ്ക്കേണ്ടി വന്നു. മറ്റൊരു മത്സരത്തിനിടെ ഗാലറിയിൽ കുരങ്ങ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡെൻമാർക്ക് വനിതാ ബാഡ്മിന്റൻ താരം മിയ ബ്ലിച്ഫെൽറ്റാണ് വേദിയെക്കുറിച്ച് ആദ്യം പരാതി ഉന്നയിച്ചത്. തണുപ്പിനെ പ്രതിരോധിക്കാൻ പോലും മതിയായ സൗകര്യങ്ങളില്ലെന്നും കോർട്ടിൽ മുഴുവൻ പക്ഷികളും അവയുടെ കാഷ്ഠമാണെന്നും മിയ ബ്ലിച്ഫെൽറ്റ് പറഞ്ഞു.
‘‘അസൗകര്യങ്ങളുടെ കോർട്ടിലാണ് ഇത്തവണയും ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് നടക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാൻ പോലും മതിയായ സൗകര്യങ്ങൾ ഇവിടെയില്ല. കഴിഞ്ഞദിവസം പരിശീലനത്തിനായി വാം അപ് കോർട്ടിലെത്തിയപ്പോൾ അവിടെ മുഴുവൻ പക്ഷികളും അവയുടെ കാഷ്ഠവും ആയിരുന്നു. ഇത്തരത്തിലുള്ള വൃത്തിഹീനമായ സ്ഥലങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നത് ഏതൊരു താരത്തിന്റെയും പ്രകടനത്തെ കാര്യമായി ബാധിക്കും. കഴിഞ്ഞവർഷം മത്സരം നടന്ന ഹാളിലും ഇതേ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത്തവണ വേദി മാറ്റിയെങ്കിലും കാര്യങ്ങളെല്ലാം പഴയ പടി തന്നെ. വിഷയത്തിൽ ലോക ബാഡ്മിന്റൻ ഫെഡറേഷൻ ഇടപെടുമെന്നാണു പ്രതീക്ഷ.’’– മിയ ബ്ലിച്ഫെൽറ്റ് പ്രതികരിച്ചു.
ഇതിനു പിന്നാലെ, പുരുഷന്മാരിൽ ലോക മൂന്നാം നമ്പർ താരമായ ആൻഡേഴ്‌സ് ആന്റൻസൻ ടൂർണമെന്റിൽനിന്നു പിന്മാറുകയും ചെയ്തു. ന്യൂഡൽഹിയിലെ അപകടകരമായ വായു മലിനീകരണ തോത് ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായ മൂന്നാം വർഷവും ഡെൻമാർക്ക് താരത്തിന്റെ പിന്മാറ്റം. ‘‘ഇപ്പോൾ ഒരു ബാഡ്മിന്റൻ ടൂർണമെന്റ് നടത്താൻ പറ്റിയ സ്ഥലമാണിതെന്ന് കരുതുന്നില്ല’’ എന്ന് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് സഹിതം ആന്റൻസൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
ലക്ഷ്യ ക്വാർട്ടറിൽ
ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടറിൽ കടന്നു. ജപ്പാൻ താരം കെന്റ നിഷിമോട്ടോയെ 21-19, 21-11നാണ് ലക്ഷ്യ കീഴടക്കിയത്. അതേസമയം, കിഡംബി ശ്രീകാന്ത്, എച്ച്.എസ്.പ്രണോയ് എന്നിവരും സ്വാതിക്–ചിരാഗ് സഖ്യവും ട്രീസ–ഗായത്രി സഖ്യവും പുറത്തായി.
English Summary:








English (US) ·