Published: October 06, 2025 06:05 PM IST
1 minute Read
കൊളംബോ ∙ കളിക്കുന്നത് പുരുഷ ടീമായാലും വനിതാ ടീമായാലും, ഫോർമാറ്റ് ട്വന്റി20 ആയാലും ഏകദിനമായാലും പാക്കിസ്ഥാനെ തോൽപിച്ചു മാത്രമേ സമീപകാലത്ത് ഇന്ത്യയ്ക്കു ശീലമുള്ളൂ. ആ പതിവ് ഐസിസി വനിതാ ലോകകപ്പിലും ടീം ഇന്ത്യ തെറ്റിച്ചില്ല. ടൂർണമെന്റിലെ സൂപ്പർ പോരാട്ടത്തിൽ പാക്കിസ്ഥാനെ 88 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസ് നേടിയപ്പോൾ പാക്കിസ്ഥാന്റെ മറുപടി 159ൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 50 ഓവറിൽ 247ന് ഓൾഔട്ട്. പാക്കിസ്ഥാൻ 43 ഓവറിൽ 159ന് ഓൾഔട്ട്.
ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളുടെ വിവാദച്ചൂട് അണയും മുൻപായിരുന്നു വീണ്ടുമൊരു ഇന്ത്യ– പാക്ക് മത്സരം അരങ്ങേറിയത്. മത്സരത്തിൽ, ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക്കിസ്ഥാൻ സ്പിന്നർ നഷ്ര സന്ധുവും തമ്മിലുള്ള ‘ഉരസലിനും’ ലോകകപ്പ് മത്സരം വേദിയായി. ഇന്ത്യൻ ഇന്നിങ്സിന്റെ 22–ാം ഓവറിലായിരുന്നു സംഭവം.
ആ സമയത്ത് ഹർമൻപ്രീത് 21 പന്തിൽ നിന്ന് 16 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്നു. ഓവറിലെ നഷ്രയുടെ അഞ്ചാം പന്ത് ഹർമൻപ്രീത് ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്ത്, ഹർമൻ ഡിഫൻഡ് ചെയ്തു. ഇതിനു പിന്നാലെ പന്തു കയ്യിലെടുത്ത നഷ്ര സന്ധു, ഹർമൻപ്രീതിനെ തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ വളരെ ശാന്തമായിട്ടായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
നഷ്രയോട് ഹർമൻപ്രീത് എന്തോ പറയുന്നതായി ദൃശ്യങ്ങളിൽ കാണാമെങ്കിലും എന്താണ് സംസാരിച്ചതെന്നു വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 34 പന്തിൽ 19 റൺസെടുത്ത ഹർമൻപ്രീതിനെ 25–ാം ഓവറിൽ ഡയാന ബെയ്ഗാണ് പുറത്താക്കിയത്. മത്സരത്തിൽ ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്സിന്റെ വിക്കറ്റ് വീഴ്ത്തിയത് നഷ്ര സന്ധുവാണ്.
∙ കൈ നൽകാതെ ക്യാപ്റ്റന്മാർ
ഏഷ്യാകപ്പിൽ പുരുഷ ടീം ക്യാപ്റ്റന്മാർ സ്വീകരിച്ച ‘നോ ഹാൻഡ്ഷെയ്ക്ക്’ നയം വനിതാ ലോകകപ്പിലും ഇന്ത്യ– പാക്കിസ്ഥാൻ ക്യാപ്റ്റന്മാർ ആവർത്തിച്ചു. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും പരസ്പരം സംസാരിക്കുകയോ കൈ നൽകുകയോ ചെയ്തില്ല. മത്സരശേഷവും ഇരു ടീമിലെ താരങ്ങളും ഹസ്തദാനം നൽകാതെയാണ് ഗ്രൗണ്ടിൽനിന്നു മടങ്ങിയത്.
English Summary:








English (US) ·