Published: December 17, 2025 04:46 PM IST
1 minute Read
പുണെ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ ആശുപത്രിയിൽ. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കു വേണ്ടി കളിക്കുന്ന താരത്തെ, ചൊവ്വാഴ്ച പുണെയിൽ രാജസ്ഥാനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടർന്നാണ് താരം ചികിത്സ തേടിയതെന്നാണ് വിവരം.
മത്സരത്തിലുടനീളം ജയ്സ്വാളിനു വയറുവേദന അനുഭവപ്പെട്ടിരുന്നു. മത്സരത്തിനു ശേഷം നില വഷളായതോടെയാണ് ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട് സ്കാനും സിടി സ്കാനും എടുത്തെന്നും പരിശോധനയില്‍ ജയ്സ്വാളിന് കുടൽവീക്കമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാർ മരുന്നുകളും വിശ്രമവും നിർദേശിച്ചതായും അധികൃതർ വ്യക്തമാക്കി.
മത്സരത്തിൽ, മൂന്നു വിക്കറ്റിന് മുംബൈ വിജയച്ചിരുന്നു. രാജസ്ഥാൻ ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്സ്വാൾ, 15 പന്തിൽ 16 റൺസെടുത്താണ് പുറത്തായത്. അർധസെഞ്ചറി നേടിയ സീനിയർ താരം അജിൻക്യ രഹാനെ (41 പന്തിൽ 72*), സർഫറാസ് ഖാൻ (22 പന്തിൽ 73) എന്നിവരുടെ കിടിലൻ ബാറ്റിങ്ങാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 111 റൺസാണ് കൂട്ടിച്ചേർത്തത്. രഹാനെ 3 സിക്സും ഏഴു ഫോറും അടിച്ചപ്പോൾ സർഫറാസ് ഖാൻ ഏഴു സിക്സും ആറു ഫോറുമടിച്ചു. സർഫറാസ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. നേരത്തെ, ദീപക് ഹൂഡ (31 പന്തിൽ 51), മുകുൾ ചൗധരി (28 പന്തിൽ 54) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാൻ 216 റൺസെടുത്തത്.
English Summary:








English (US) ·